ആലുവ: മണപ്പുറത്ത് അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ വിവിധ വകുപ്പുകൾ സജ്ജീകരണങ്ങൾ ഒരുക്കി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീം സജ്ജമായിരിക്കും. സമീപത്തെ സ്വകാര്യ ആശുപത്രികളുടെ സേവനവും പ്രയോജനപ്പെടുത്തും.
പ്രധാന പോയിൻറുകളില്‍ ആംബുലന്‍സ് സേവനം ലഭ്യമാക്കും. ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ബാരിക്കേഡുകളും സി.സി.ടി.വി കാമറകളും സ്ഥാപിച്ചിട്ടുണ്ട്.
ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തുന്ന വളൻറിയര്‍മാര്‍ക്ക് പുറമേ സിവില്‍ ഡിഫന്‍സ് വളൻറിയര്‍മാരും രംഗത്തുണ്ടാകും. 24 മണിക്കൂറും വൈദ്യുത വിതരണം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ കെ.എസ്.ഇ.ബി സ്വീകരിക്കും.
ആവശ്യമായ ഭാഗങ്ങളില്‍ അധിക തെരുവ് വിളക്കുകൾ കെ.എസ്.ഇ.ബി സ്ഥാപിച്ചിട്ടുണ്ട്.ഫയര്‍ ഫോഴ്സ്, സ്കൂബ ഡൈവര്‍മാരും സ്ഥലത്തുണ്ടാകും. ഫയര്‍ എക്സ്റ്റിഗ്വിഷറുകളടക്കമുള്ള സജ്ജീകരണങ്ങളുണ്ടാകും. മണപ്പുറത്ത് ശുദ്ധജലവിതരണം ഉറപ്പാക്കാനുള്ള നടപടികള്‍ ജല അതോറിറ്റി സ്വീകരിക്കും.
കുടിവെള്ളത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിന് ക്വാളിറ്റി കണ്ട്രോള് വിഭാഗവുമുണ്ടാകും.കനാല്‍ ഓഫിസറുടെ സേവനവും മണപ്പുറത്തുണ്ടാകും. എക്സൈസ് വകുപ്പ്, താലൂക്ക് സപ്ലൈ ഓഫിസ്, ലീഗല്‍ മെട്രോളജി, ഫുഡ് സേഫ്റ്റി വകുപ്പ് എന്നിവയുടെ പ്രത്യേക സ്ക്വാഡുകള്‍ മണപ്പുറത്തും നഗരത്തിലും പരിശോധനകള്‍ ഊർജിതമാക്കും. കെ.എസ്.ആര്.ടി.സി വിവിധ ഡിപ്പോകളില്‍ നിന്നായി ഇരുന്നൂറിലേറെ ബസുകള്‍ ശിവരാത്രിക്ക് പ്രത്യേക സർവീസ് നടത്തും.
സ്വകാര്യ ബസുകള്‍ക്ക് പുറമെ റെയില്‍വേയുടെയും കൊച്ചി മെട്രോയുടെയും പ്രത്യേക സർവീസുണ്ടാകും. ശിവരാത്രിയോടനുബന്ധിച്ച് പുഴയുടെ ഇരുകരകളിലുമുള്ള കുളിക്കടവുകള്‍ വൃത്തിയാക്കിയിട്ടുണ്ട്. മണപ്പുറത്ത് മതിയായ ശുചിമുറി സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.
ആലുവ: മണപ്പുറത്തിന് പുറമെ പെരിയാറിന്റെ മറുകരയിലുള്ള ആലുവ അദ്വൈതാശ്രമത്തിലും ശിവരാത്രി ആഘോഷം നടക്കും. ശിവരാത്രിയോടനുബന്ധിച്ച് അദ്വൈതാശ്രമത്തിൽ വെള്ളിയാഴ്ച പ്രത്യേക പൂജകൾ നടക്കും. പുലർച്ചെ 5.30ന് മേൽശാന്തി പി.കെ. ജയന്തന്റെ മുഖ്യകാർമികത്വത്തിൽ ഗുരുപൂജയോടെ ചടങ്ങുകൾ ആരംഭിക്കും. ബലിതർപ്പണ ചടങ്ങുകൾ ഞായറാഴ്ച ഉച്ചവരെയും തുടരും.
ആലുവ: ശിവരാത്രിയുടെ ഭാഗമായി മണപ്പുറത്തും ആലുവ നഗരത്തിലും പൊലീസ് കർശന സുരക്ഷയും നിയന്ത്രണവുമേർപ്പെടുത്തി.
കുളിക്കടവിലും, പുഴയിലും, ലൈഫ് ബാഗ് ഉൾപ്പെടെ പൊലീസ്, ഫയർഫോഴ്സ് ബോട്ടുകൾ പട്രോളിങ് നടത്തും. പ്രധാന ജങ്ഷനുകളിലും, തിരക്കുള്ള സ്ഥലങ്ങളിലും സാമൂഹികവിരുദ്ധരെ നിരീക്ഷിക്കാൻ സി.സി ടി.വി കാമറകളും സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.