ആലുവ: തന്നെ സഹോദരനായിക്കണ്ട് പരിചരിച്ച കച്ചവടക്കാർക്കും ടാക്സി ഡ്രൈവർമാർക്കും നന്ദി പറഞ്ഞ് സുഖ്ദേവ് നാട്ടിലേക്ക് മടങ്ങി. താളംതെറ്റിയ മനസ്സും മുഷിഞ്ഞ വസ്ത്രങ്ങളും ശരീരവുമായി ആലുവയിലെത്തിയ അദ്ദേഹം തെളിഞ്ഞ മനസ്സും സുന്ദരശരീരവുമായാണ് മടങ്ങിയത്. മാനസികാസ്വാസ്ഥ്യം ബാധിച്ചനിലയിൽ ആലുവ റെയിൽവേ സ്റ്റേഷനിലെത്തി പരിസരത്തെ ഡ്രൈവർമാരുടെയും കച്ചവടക്കാരുടെയും സഹായത്തോടെ കഴിഞ്ഞിരുന്ന മധ്യപ്രദേശ് പാണ്ഡുവാര സ്വദേശി സുഖ്ദേവിനെയാണ് (52) ടാക്സി ഡ്രൈവർമാരും ആർ.പി.എഫും ചേർന്ന് നാട്ടിലേക്ക് യാത്രയാക്കിയത്.
ഒന്നരമാസം മുമ്പാണ് സുഖ്ദേവ് ആലുവ റെയിൽവേ സ്റ്റേഷനിലെത്തിയത്. മാനസികാസ്വാസ്ഥ്യം ഉണ്ടെങ്കിലും ടാക്സി ഡ്രൈവർമാരുമായി വലിയ ചങ്ങാത്തത്തിലായി. നല്ല ഹിന്ദി ഗാനങ്ങൾ ആലപിക്കുന്ന സുഖ്ദേവിന് ഡ്രൈവർമാരും പരിസരത്തെ കച്ചവടക്കാരും ഭക്ഷണം വാങ്ങി നൽകിയിരുന്നു. ഇതിനിടെ ഒരാഴ്ചയോളമായി സുഖ്ദേവിനെ ഇവിടെ കണ്ടിരുന്നില്ല. ഏതെങ്കിലും ട്രെയിനിൽ കയറി പോയിരിക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ, കഴിഞ്ഞ ദിവസം രാവിലെ തിരിച്ചെത്തുകയായിരുന്നു. വേഷം മുഷിഞ്ഞതായിരുന്നെങ്കിലും മനോനില സാധാരണയായിരുന്നു. എങ്ങനെ സുഖം പ്രാപിെച്ചന്ന് മാത്രം ആർക്കുമറിയില്ല. ഇതോടെ റെയിൽവേ സ്റ്റേഷൻ ടാക്സി ഡ്രൈവേഴ്സ് വെൽഫെയർ അസോസിയേഷൻ സുഖ്ദേവിന് നാട്ടിലേക്ക് പോകുന്നതിനുള്ള ട്രെയിൻ ടിക്കറ്റെടുത്ത് നൽകി.
ഇത്രയുംനാൾ തങ്ങളുടെ സഹോദരനെപ്പോലെ കഴിഞ്ഞിരുന്ന സുഖ്ദേവിനെ കുളിപ്പിച്ച് സുന്ദരനാക്കി വസ്ത്രങ്ങളും നൽകിയാണ് മടക്കിവിട്ടത്. ബാഗും ട്രെയിൻ യാത്രക്കിടയിൽ കഴിക്കാൻ ഭക്ഷണവും നൽകി. മധ്യപ്രദേശിലേക്കുള്ള ട്രെയിൻ ഇല്ലാത്തതിനാൽ നാഗ്പൂരിലേക്കാണ് ടിക്കറ്റ്. അവിടെനിന്ന് ബസ് മാർഗം സുഖ്ദേവ് നാട്ടിലേക്ക് പോകും. സഹായങ്ങൾക്ക് നന്ദി പറഞ്ഞാണ് മടങ്ങിയത്. ടാക്സി വെൽഫെയർ അസോസിയേഷൻ പ്രസിഡൻറ് എം.ആർ. അംബുജാക്ഷൻ, ട്രഷറർ ബെന്നി നെല്ലിക്കൽ, കെ.ആർ. ഷൈൻ എന്നിവരടക്കം ചേർന്നാണ് സുഖ്ദേവിന് സൗകര്യങ്ങൾ ചെയ്തുനൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.