കടുങ്ങല്ലൂർ: കിഴക്കെ കടുങ്ങല്ലൂർ 52ാം നമ്പർ അംഗൻവാടി പുനരുദ്ധാരണത്തിനായി പൊളിച്ച് നാലുവർഷം കഴിഞ്ഞിട്ടും കെട്ടിടം നിർമിക്കാൻ നടപടിയില്ല. നിലവിലെ കെട്ടിടത്തിന് ഫിറ്റ്നസ് നൽകാൻ സാധ്യമല്ലെന്ന പഞ്ചായത്ത് എ.ഇയുടെ റിപ്പോർട്ട് വന്നതോടെ അംഗൻവാടി പൂട്ടേണ്ട അവസ്ഥയിലാണ്.
മണിയേലിപ്പടിയിൽ പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് ബലക്ഷയത്തെ തുടർന്ന് നാലുവർഷം മുമ്പ് പൊളിച്ചത്. സമീപത്തെ വാടകക്കെട്ടിടത്തിലാണ് ഇപ്പോൾ അംഗൻവാടിയുടെ പ്രവർത്തനം. കാലപ്പഴക്കമുള്ള കെട്ടിടത്തിന് വിള്ളൽ സംഭവിച്ചിട്ടുണ്ട്. ഇതുമൂലം ഇവിടെ നിന്ന് എത്രയും പെട്ടെന്ന് മാറണമെന്നാണ് ഐ.സി.ഡി.എസ് ഓഫിസർ നിർദേശിച്ചിരിക്കുന്നത്. കെട്ടിടം അപകടാവസ്ഥയിലായതിനാൽ കുട്ടികളെ അയക്കാൻ രക്ഷാകർത്താക്കളും മടിക്കുകയാണ്. 2000 രൂപയാണ് സർക്കാർ മാസവാടക ഇനത്തിൽ നൽകുന്നത്. ഈ വാടകക്ക് മറ്റൊരു കെട്ടിടം പ്രദേശത്ത് കിട്ടാനുമില്ല.
നിലവിലെ കെട്ടിടത്തിന് ഫിറ്റ്നസ് നൽകാത്തതിനാൽ ഇവിടെ തുടർന്നുപോകാനും കഴിയില്ല. അംഗൻവാടി ജീവനക്കാർ കൈയിൽനിന്ന് വൈദ്യുതിചാർജും ബാക്കി തുകയും നൽകിയാണ് ഇതുവരെ മുന്നോട്ട് പോയത്. പുതിയ കെട്ടിടത്തിന് ഭീമമായ വാടക കൊടുക്കേണ്ടി വരുമെന്നത് ജീവനക്കാരുടെ ബാധ്യതയായി മാറുകയാണ്.
നാലുവർഷമായി പൊളിച്ച സ്ഥലത്ത് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കെട്ടിടം പണിയുമെന്ന് പദ്ധതി രേഖയിൽ മൂന്നുവർഷമായി പറയുന്നുണ്ടെങ്കിലും ഇതുവരെ ഒരു നടപടിയുമായിട്ടില്ല. പഴയ അംഗൻവാടി പൊളിച്ച സ്ഥലത്ത് കെട്ടിടം പണിയണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് മുൻ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീകുമാർ മുല്ലേപ്പിള്ളി മന്ത്രി വീണ ജോർജിന് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.