ആലുവ: പൊതുവിൽ രൗദ്രഭാവത്താൽ കാണപ്പെടുന്ന പെരിയാറിന്റെ അടിത്തട്ടും ഓളങ്ങളും ആ നിമിഷങ്ങളിൽ ശാന്തമായിരുന്നു. പുഴയിലെ അപകട കയങ്ങൾ അഞ്ചു വയസ്സുകാരന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ വഴി മാറി നിന്നു. കുരുന്നുകളടക്കം നിരവധിയാളുകളെ സാക്ഷിനിർത്തി ഓളങ്ങളെ കീറിമുറിച്ച് മുഹമ്മദ് ഖയിസ് അനായാസം പെരിയാറിനെ കീഴടക്കി.
കുന്നുകര ജെ.ബി.എസ് സ്കൂൾ യു.കെ.ജി വിദ്യാർഥി മുഹമ്മദ് ഖയിസാണ് അഞ്ചാം വയസ്സിൽ പെരിയാർ മുറിച്ചുകടന്ന് ചരിത്രത്തിലേക്ക് നീന്തിക്കയറിയത്. കളരി ഗുരുക്കളായ പുതുവാശ്ശേരി കട്ടപ്പള്ളി വീട്ടിൽ സുധീറിന്റെയും കുസാറ്റ് ഗണിത ശാസ്ത്ര ഗവേഷണ വിദ്യാർഥിനി റിനുഷയുടെയും മകനായ ഖയിസ് വെള്ളിയാഴ്ച രാവിലെ ഒമ്പതിനാണ് നീന്തിയത്.
‘ഇനിയൊരു മുങ്ങിമരണം സംഭവിക്കാതിരിക്കട്ടേ, എല്ലാവരും നീന്തൽ പരിശീലിക്കൂ’ എന്ന സന്ദേശവുമായി 14 വർഷമായി ആലുവ മണപ്പുറം ദേശം കടവിൽ സൗജന്യമായി നീന്തൽ പരിശീലിപ്പിക്കുന്ന സജി വാളാശ്ശേരിയുടെ കീഴിൽ മൂന്നുമാസത്തോളം നീണ്ട പരിശീലനത്തിനൊടുവിലാണ് ഖയിസ് പെരിയാറിനുകുറുകെ നീന്തിയത്.
ആലുവ മണപ്പുറം മണ്ഡപം കടവിൽ അൻവർ സാദത്ത് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. കുന്നുകര ജെ.ബി.എസ് സ്കൂൾ പ്രധാനാധ്യാപിക ഷിബി ശങ്കർ, ക്ലാസ് അധ്യാപിക ശ്രീദേവി, പി.ടി.എ അംഗങ്ങൾ, സഹപാഠികൾ, വാളാശ്ശേരിൽ റിവർ സ്വിമ്മിങ് ക്ലബ് അംഗങ്ങൾ, നാട്ടുകാർ തുടങ്ങി നിരവധിപേർ ചരിത്ര നിമിഷത്തിന് സാക്ഷികളാകാൻ എത്തിയിരുന്നു. 780 മീറ്റർ പുഴ കുറുകെ നീന്തി മണപ്പുറം ദേശം കടവിൽ എത്തിയപ്പോൾ കൂടിനിന്നവർ ചേർന്ന് ഖയിസിനെ സ്വീകരിച്ചു. ഇതോടെ പെരിയാർ നീന്തിക്കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മുഹമ്മദ് ഖയിസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.