ദേശീയ പാതയോരത്ത് കൊച്ചി മെട്രോ കമ്പനിപ്പടി സ്റ്റേഷന് സമീപത്തെ കുഴി

ദേശീയപാതയോരത്തെ കുഴിയിൽ വീണ് യുവാവിന്‍റെ കാലൊടിഞ്ഞു

ആലുവ: ദേശീയപാതയോരത്തെ കുഴിയിൽ വീണ് യുവാവിന്‍റെ കാലൊടിഞ്ഞു. റെഡിമെഡ് വസ്ത്ര വ്യാപാരിയായ കുഞ്ഞുണ്ണിക്കര മൈലക്കര വീട്ടിൽ അനൂപ് അലി (38)യ്ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച്ച രാത്രി കമ്പനിപ്പടി മെട്രോ സ്‌റ്റേഷന് സമീപം ദേശീയ പാതയോരത്ത് കാനയിലെ കുഴിയിൽ വീണാണ് പിരിക്കുപറ്റിയത്.

എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള അനൂപിന്‍റെ തുടയെല്ലിൽ കമ്പി ഇട്ടിരിക്കുകയാണ്‌. മൂന്നിടത്ത് എല്ല് പൊട്ടിയിട്ടുണ്ട്. ആലുവ മസ്ജിദ് റോഡിൽ ലിനൻ ഗാലറി ഷോപ്പ് നടത്തുന്ന അനൂപ് സാധനങ്ങൾ വാങ്ങാനാണ് കമ്പനിപ്പടിയിലെത്തിയത്.

ഇരുചക്രവാഹനത്തിനടുത്തേക്ക് നടന്നു വരുമ്പോളായിരുന്നു അപകടം. കമ്പനിപ്പടി മെട്രോ പില്ലർ 113 ന് സമീപമുള്ള ഗർത്തത്തിലേക്ക് കാൽ തെറ്റി വീഴുകയായിരുന്നു. സമീപത്തെ സൂപ്പർ മാർക്കറ്റിലെ സുരക്ഷാ ജീവനക്കാരനാണ് ഓടി വന്ന് ആളെ പുറത്തേക്കെടുത്തത്. ഈ സമയം കനത്ത മഴയായിരുന്നു. ഇടതുകാലിലെ തുടയെല്ലാണ് പൊട്ടിയത്. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം എറണാകുളം മെഡിക്കൽ ട്രസ്റ്റിലേക്ക് കൊണ്ടു പോകുകയായിരുന്നു.

ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതായി ഭാര്യാപിതാവ് അലിയാർ അറിയിച്ചു. കമ്പനിപ്പടി മെട്രോ സ്റ്റേഷന് മുന്നിൽ നടപ്പാത നിർമ്മാണം നിർത്തി വച്ചിരിക്കുകയാണ്. സ്റ്റേഷനിൽ നിന്നിറങ്ങുന്നവരും നടപ്പാത തീരുന്നിടത്തെ ഗർത്തത്തിൽ വീഴാനിടയുണ്ട്. റോഡിനിരുവശത്തു നിന്നുമുള്ള കാനകൾ കൂടിച്ചേരുന്നത് ഇവിടെയാണ്.

രണ്ടാൾ പൊക്കമുള്ള ഈ വലിയ കാനയിലേക്ക് കാൽ തെറ്റി വീഴാതിരിക്കാൽ ഷീറ്റിട്ട് മൂടി വച്ചിട്ടുമുണ്ട്. നടപ്പാത ഇല്ലാത്തതിനാൽ റോഡിലേക്ക് ഇറങ്ങി നടക്കുന്ന കാൽനടയാത്രക്കാർ അപകടത്തിൽപ്പെടാനിടയുണ്ട്.


Tags:    
News Summary - The young man fell into a ditch on the national highway and broke his leg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.