പെരുമ്പാവൂര്‍: റോഡരികിൽ നില്ക്കുന്ന മരം അപകട ഭീഷണിയാകുന്നതായി ആക്ഷേപം. എ.എം റോഡില്‍ താലൂക്ക് ആശുപത്രിക്കും ആശ്രമം സ്കൂള്‍ ജങ്ഷനും ഇടയില്‍ മരുതുകവലയിലാണ് ഉണങ്ങി കേടുവന്ന് നിലംപതിക്കാറായ മരം നില്‍ക്കുന്നത്. വൃക്ഷത്തിന്റെ ചുവട്ടിലാണ് ആളുകള്‍ ബസ് കാത്തുനില്‍ക്കുന്നത്. എപ്പോള്‍ വേണമെങ്കിലും ഒടിഞ്ഞുവീണ് അപകടമുണ്ടാകാന്‍ ഇടയുണ്ട്. ആലുവ-മൂന്നാര്‍ റോഡിന്റെ ഇരുവശങ്ങളിലുമായി ഒട്ടനവധി കേടുവന്ന വൃക്ഷങ്ങള്‍ കാല്‍നടക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഭീഷണിയായി നില്‍ക്കുന്നുണ്ട്. മഴയും കാറ്റും വ്യാപകമാകുന്ന സാഹചര്യത്തില്‍ കേടുവന്ന മരങ്ങള്‍ വെട്ടിമാറ്റി പകരം തൈകള്‍ വെച്ചുപിടിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വാഹന ഷോറൂമുകള്‍ ഉൾപ്പെടെ നിരവധി ബിസിനസ് സ്ഥാപനങ്ങളുള്ളതുകൊണ്ട് ആളുകള്‍ സ്ഥിരമായി തങ്ങുന്ന ഇടമാണ് മരുതുകവല. സ്കൂള്‍ വിദ്യാര്‍ഥികള്‍ ബസ് കാത്തുനില്ക്കുന്ന സ്റ്റോപ് കൂടിയാണിത്. ഒരുമാസം മുമ്പ് പട്ടാല്‍ പെരിയാര്‍വാലി വളപ്പിലെ വലിയ മാവിന്റെ ശിഖരങ്ങള്‍ ഒടിഞ്ഞുവീണ് വഴിയരികില്‍ ലോട്ടറിക്കച്ചവടം ചെയ്തിരുന്ന യുവാവിന് പരിക്കേല്‍ക്കുകയും സ്കൂട്ടറിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. മരുതുകവലയിലെ കേടുവന്ന മരം എത്രയുംവേഗം വെട്ടിമാറ്റി ഇവിടെ വെയ്റ്റിങ് ഷെഡ് നിര്‍മിക്കണമെന്ന് ജീവകാരുണ്യ പ്രവര്ത്തകൻ ഡീക്കണ്‍ ടോണി മേതല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.