വാളയാർ കള്ളപ്പണക്കേസ്; എടത്തല പഞ്ചായത്ത് വൈസ് പ്രസിഡൻറിനെതിരെയുള്ള പരാതി വിജിലൻസിന് കൈമാറി

ആലുവ: വാളയാർ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് എടത്തല പഞ്ചായത്ത് വൈസ് പ്രസിഡൻറിനെതിരെയുള്ള പരാതി വിജിലൻസിന് കൈമാറി. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിൽ റൂറൽ ജില്ല പൊലീസാണ് കൂടുതൽ അന്വേഷണങ്ങൾക്കായി വിജിലൻസ് എറണാകുളം യൂനിറ്റിന് കൈമാറിയിട്ടുള്ളത്. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കോടികളുടെ കള്ളപ്പണം കടത്തിയ കേസാണിത്. കേസിൽ എൻ.സി.പി ജില്ല സെക്രട്ടറിയും, എടത്തല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറുമായ എം.എ.അബ്ദുൾ ഖാദറിൻറെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കളമശേരി സ്വദേശിയും പൊതു പ്രവർത്തകനുമായ ഗിരീഷ്ബാബുവാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

എടത്തല സ്വദേശികളും സഹോദരങ്ങളുമായ അബ്ദുൽ സലാം, മീതീൻകുട്ടി എന്നിവർ ചേർന്നാണ് ഒന്നേമുക്കാൽ കോടി രൂപ കഴിഞ്ഞ വർഷം ജൂലൈ ആറിന് കടത്താൻ ശ്രമിച്ചത്. ഇവരുടെ ഉടമസ്ഥതയിലുള്ള ദോസ്ത് ഓട്ടോറിക്ഷയിൽ പ്രത്യേകം സജ്ജീകരിച്ച അറയിൽ യാതൊരുവിധ രേഖകളുമില്ലാതെ ഒളിപ്പിച്ച് വച്ച് പച്ചക്കറി വണ്ടി എന്ന വ്യാജേന തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്നു. ഇതിനിടയിൽ വാളയാർ ചെക്ക് പോസ്‌റ്റിൽ വച്ച് വാളയാർ പൊലീസാണ് പണം പിടികൂടിയത്. എൻ.സി.പി ജില്ല സെക്രട്ടറിയും, എടത്തല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറുമായ എം.എ.അബ്ദുൽ ഖാദറിൻറെ നിർദ്ദേശ പ്രകാരമാണ് തങ്ങൾ പണം കടത്തിയതെന്നാണ് അറസ്‌റ്റിലായ സഹോദരങ്ങൾ വാളയാർ പൊലീസിന് നൽകിയ മൊഴിയെന്ന് ഗിരീഷ് ബാബുവിൻറെ പരാതിയിൽ ആരോപിക്കുന്നു.

എന്നാൽ, വാളയാർ പൊലീസ് 2020 ജൂലൈ മാസം പിടികൂടിയ ഒന്നേമുക്കാൽ കോടി രൂപയുടെ കള്ളപ്പണം സെപ്‌തംബർ മാസത്തിൽ മാത്രമാണ് പാലക്കാട് ജുഡീഷ്യൽ ഫാസ്‌റ്റ് ക്ലാസ്‌ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചതെന്നും പരാതിയിൽ ആരോപിക്കുന്നു. കള്ളപ്പണത്തിൻറെ സ്രോതസ് സംബന്ധിച്ചോ പിടിയിലായ പ്രതികൾ പറഞ്ഞ മൊഴികൾ സംബന്ധിച്ചോ യാതൊരു വിധ തുടരന്വേഷണവും നടത്തിയില്ല. ഇതിലൂടെ കള്ളപ്പണ കടത്ത് കേസ് വാളയാർ പൊലീസ് അട്ടിമറിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. വിവാദ ലോട്ടറി വ്യവസായി സാൻറിയാഗോ മാർട്ടിൻറെ കേരളത്തിലെ ബിനാമിയാണ് അബ്ദുൽ ഖാദറെന്നും പരാതിയിൽ പറയുന്നു.

സംസ്ഥാന ഭരണത്തിലും, സംസ്ഥാനത്തെ പൊലീസ് സേനയിലും ഉള്ളവരുമായി അടുത്ത സൗഹൃദ ബന്ധങ്ങൾ ഉള്ളതിനാലാണ് അബ്ദുൽ ഖാദറിനെതിരെ വാളയാർ കള്ളപ്പണ കടത്ത് കേസിൽ തുടരന്വേഷണം ഉണ്ടാകാതിരുന്നതെന്നും പരാതിയിൽ ആരോപിക്കുന്നു. വാളയാറിൽ പിടികൂടിയ കള്ളപ്പണത്തിൻറെ സ്രോതസ് അന്വേഷിക്കണമെന്നും ഈ കള്ളപ്പണ ഇടപാടിലും അബ്ദുൽ ഖാദറിൻറെ അനധികൃത സ്വത്ത് സമ്പാദനത്തിലും വിശദമായ അന്വേഷണം നടത്തി തുടർ നടപടികൾ സ്വീകരിക്കണമെന്നും വശ്യപ്പെട്ട് ഗിരീഷ്ബാബു മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ വിശദമായ അന്വേഷണം നടത്തുന്നതിനായി റൂറൽ ജില്ല പൊലീസിന് കൈമാറിയിരുന്നു. തുടർന്ന് ജില്ല പൊലീസ് പരാതിക്കാരൻറെ മൊഴിയെടുത്തു. ഇതിൻറെ അടിസ്‌ഥാനത്തിൽ പരാതിയിൽ പറയുന്ന ആരോപണങ്ങളെപ്പറ്റി കൂടുതൽ അന്വേഷണം നാടത്തേണ്ടതാണെന്നും അതിനാൽ പരാതി വിജിലൻസ് എറണാകുളം യൂനിറ്റ് സൂപ്രണ്ടിന് കൈമാറിയതായും റൂറൽ ജില്ല അഡീഷണൽ എസ്.പി കെ.ലാൽജി പരാതിക്കാരനായ ഗിരീഷ് ബാബുവിനെ അറിയിച്ചിട്ടുണ്ട്.

പരാതി അടിസ്‌ഥാന രഹിതം - അബ്ദുൽ ഖാദർ

ആലുവ: വാളയാർ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള പരാതിയിൽ പറയുന്ന കാര്യങ്ങൾ അടിസ്‌ഥാന രഹിതമാണെന്ന് എൻ.സി.പി ജില്ല സെക്രട്ടറിയും, എടത്തല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറുമായ എം.എ.അബ്ദുൾ ഖാദർ പറഞ്ഞു. തനിക്ക് ഈ കേസുമായി യാതൊരു ബന്ധവുമില്ല. കള്ളപ്പണം പിടിച്ചപ്പോൾ സഹായം തേടി നാട്ടുകാരായ പ്രതികൾ, ജനപ്രതിനിധിയെന്ന നിലയിൽ തന്നെ ബന്ധപ്പെട്ടിരുന്നു. എന്നാൽ, കള്ളപ്പണക്കേസായതിനാൽ താൻ ഇടപെട്ടില്ല. ഇതുമായി ബന്ധപ്പെട്ട ഫോൺവിളികളും മറ്റും കാണിച്ചാണ് തനിക്കെതിരെ വ്യാജ പരാതി നൽകിയിരിക്കുന്നത്. നിലവിൽ പണത്തിൻറെ യഥാർത്ഥ ഉടമകൾ പണം തിരിച്ചുകിട്ടാൻ ഹൈകോടതിയിൽ കേസ് നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - walayar case; The complaint against the Edathala panchayat vice president was handed over to the vigilance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.