ആലുവ: ദേശീയപാതയിൽ മാലിന്യം തള്ളുന്നവർ കാമറകളിൽ കുടുങ്ങാൻ തുടങ്ങി. ചൂർണിക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതിയാണ് പഞ്ചായത്ത് പരിധിയിലെ ദേശീയപാതയിലെ വിവിധ ഭാഗങ്ങളിൽ കാമറകൾ സ്ഥാപിച്ചത്. പഞ്ചായത്തിലൂടെ ദേശീയപാത കടന്നുപോകുന്ന പുളിഞ്ചോട് മുതൽ മുട്ടം വരെ വിവിധ ഭാഗങ്ങളിൽ മാലിന്യം തള്ളൽ വ്യാപകമായിരുന്നു. ഇതുമൂലം ദുർഗന്ധമടക്കമുള്ള ദുരിതങ്ങളാണ് വർഷങ്ങളായി നാട്ടുകാർ അനുഭവിക്കുന്നത്. പരാതികൾ കൂടുമ്പോൾ മാലിന്യം നീക്കം ചെയ്യലായിരുന്നു പതിവ്. എന്നാൽ, മാലിന്യം തള്ളുന്നവരെ കണ്ടെത്താനോ നടപടി കൈക്കൊള്ളാനോ ആരും തയാറായിരുന്നില്ല. നിലവിലെ പഞ്ചായത്ത് ഭരണസമിതിയിലെ ചില അംഗങ്ങൾ രാത്രികളിൽ ഉറക്കമിളച്ച് മാലിന്യം തള്ളുന്നവരെ പിടികൂടാൻ ശ്രമിച്ചിരുന്നു. നാട്ടുകാരുടെ സംഘവും പലവട്ടം രംഗത്തിറങ്ങി. എന്നിട്ടും ഫലമില്ലാതായതോടെയാണ് കാമറ സ്ഥാപിക്കാൻ തീരുമാനിച്ചത്.
പൊതുനിരത്തിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിന് 24 ലക്ഷം രൂപ മുടക്കി 11 കാമറയാണ് പഞ്ചായത്ത് സ്ഥാപിച്ചത്. ഇതേതുടർന്നാണ് മാലിന്യം തള്ളുന്നവർ കുടുങ്ങിത്തുടങ്ങിയത്. വിഷുദിവസം നട്ടുച്ചക്ക് ഗുഡ്സ് ഓട്ടോ നിറയെ ചാക്കുകളിലാക്കി മാലിന്യം കൊണ്ടുവന്ന് തള്ളുന്ന ദൃശ്യം കൃത്യമായി പതിഞ്ഞിട്ടുണ്ട്. ഗുഡ്സ് ഓട്ടോയിൽ എത്തിക്കുന്ന മാലിന്യച്ചാക്കുകൾ കാക്കി ഷർട്ട് ധരിച്ച ഡ്രൈവർതന്നെയാണ് തലച്ചുമടായും വലിച്ചും റോഡിൽ തള്ളുന്നത്. ഡ്രൈവർക്ക് 60 വയസ്സ് തോന്നിക്കും. സ്കൂട്ടറിൽ മാലിന്യം തള്ളുന്നവരും കാറിൽ മാലിന്യം തള്ളുന്നവരും ഓട്ടത്തിനിെടയാണ് വലിച്ചെറിയുന്നത്.
പഞ്ചായത്ത് അധികൃതർ കാമറദൃശ്യങ്ങൾ സഹിതം ആലുവ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഫെബ്രുവരി 24 നാണ് കാമറയുടെ സ്വിച്ച്ഓൺ നടന്നത്. ഇതേതുടർന്ന് ദേശീയപാതയിൽ മാലിന്യം തള്ളൽ കുറഞ്ഞിരുന്നു. എന്നാൽ, ജനപ്രതിനിധികളെല്ലാം തെരഞ്ഞെടുപ്പ് തിരക്കിലായതോടെ വീണ്ടും പ്രശ്നം ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കാമറ പരിശോധിച്ചപ്പോഴാണ് സ്കൂട്ടറിലും ഗുഡ്സ് ഓട്ടോയിലും കാറിലുമായി മാലിന്യം കൊണ്ടിടുന്ന ദൃശ്യങ്ങൾ ലഭിച്ചത്. പഞ്ചായത്ത് പ്രദേശങ്ങളിൽ രണ്ടാംഘട്ട കാമറ സ്ഥാപിക്കലിന് 12 ലക്ഷം രൂപകൂടി വകയിരുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.