ആലുവ: നഗരത്തിൽ നാശം വിതച്ച് കാറ്റും മഴയും. വൈകീട്ട് അഞ്ചേകാലോടെ ആരംഭിച്ച ശക്തമായ കാറ്റ് അരമണിക്കൂർ നീണ്ടു. തിരക്കേറിയ റോഡുകളിലടക്കം നിരവധി മരങ്ങൾ മറിഞ്ഞു വീണു. 12 വാഹനങ്ങൾക്ക് നാശനഷ്ടംസംഭവിച്ചു. ആർക്കും പരിക്കില്ല. പാലസ് റോഡിലാണ് കൂടുതൽ അപകടങ്ങളുണ്ടായത്. നിരവധി കെട്ടിടങ്ങളുടെയും വീടുകളുടെയും മേൽക്കൂരയിലെ ഷീറ്റുകൾ പറന്നുപോയി. വൈദ്യുതി കമ്പികൾ പൊട്ടിപ്പോയതിനാൽ രാത്രി വൈകിയും വൈദ്യുതി എത്തിയിട്ടില്ല.
അറ്റകുറ്റപ്പണി കാരണം രാവിലെ മുതൽ വൈദ്യുതി ഇല്ലാതിരുന്ന പൊലീസ് സ്റ്റേഷൻ മേഖലയും ഇതോടെ ദുരിതത്തിലായി. പാലസ് റോഡിലൂടെയുള്ള ഗതാഗതം ഒരു മണിക്കൂറോളം നിലച്ചു. ഇവിടെ മൂന്നോളം മരങ്ങളാണ് മറിഞ്ഞുവീണത്. കണ്ടെയ്നർ ലോറി, മൂന്ന് കാറുകൾ, സ്കൂട്ടർ എന്നിവ അടിയിലായി. വഴിവാണിഭക്കാരുടെ ഷെഡുകളും മരങ്ങൾ വീണ് തകർന്നു. ബാങ്ക് കവലയിൽ പാർക്കിങ് ഗ്രൗണ്ടിൽ ഉണ്ടായിരുന്ന മൂന്ന് കാറുകൾക്ക് മുകളിലേക്കും മരംവീണു. വലിയ പരസ്യബോർഡുകളിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സുകൾ പലയിടത്തും കീറിപ്പോയി. ഫ്ലാറ്റിന് മുകളിലെ വലിയ ഷീറ്റുകൾ മാർക്കറ്റ് റോഡിൽ നിലംപതിച്ചിട്ടുണ്ട്.
ജില്ല ആശുപത്രിയിലെ ഒരു കെട്ടിടത്തിന് മുകളിലെ ഷീറ്റ് പറന്നുപോയി. ഇ.എസ്.ഐ റോഡിലും വീടുകൾക്ക് മുകളിലെ ഷീറ്റുകൾ പറന്നു നിലത്ത് വീണു. സെൻറ് മേരീസ് ചർച്ച് വളപ്പിലെ റബർമരം കടപുഴകി. മരങ്ങളുടെ ചില്ലകളും ഒടിഞ്ഞുവീണു. റെയിൽവേ സ്റ്റേഷൻ റോഡിൽ വീടിെൻറ ഭിത്തി ഇടിഞ്ഞുവീണു. മാർക്കറ്റ് റോഡിൽ ഗ്രാൻഡ് കവലയിലെ കാലപ്പഴക്കം ചെന്ന ബഹുനില കെട്ടിടത്തിെൻറ ഓടുകളും ഷീറ്റും പറന്നുപോയി. ശ്രീമൂലനഗരം: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വീശിയ ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി. പഞ്ചായത്തിലെ എടനാട്, ശ്രീഭൂതപുരം, വെള്ളാരപ്പിള്ളി, തൃക്കണികാവ് എന്നിവിടങ്ങളിൽ വലിയ നാശനഷ്്ടം സംഭവിച്ചു.
ശ്രീമൂലനഗരം പുതിയറോഡ് - കനറാ ബാങ്ക് റോഡിൽ വലിയ മരം കടപുഴകി. വൈദ്യുതo പോസ്്റ്റുകൾ ഒടിഞ്ഞു. വൈദ്യുതി തൂൺ കാറിനു മുകളിൽവീണ് കാർ തകർന്നു. ആളപായമില്ല. പാറപ്പുറം, പുതിയേടം, കാഞ്ഞൂർ , കിഴക്കുംഭാഗം പ്രദേശങ്ങളിൽ കൃഷിനാശമുണ്ടായി. നിരവധി വീടുകൾക്കും നാശം സംഭവിച്ചു.
പല പ്രദേശങ്ങളിലും വൈദ്യുതി ബന്ധം പൂർണമായും വിേച്ഛദിക്കപ്പെട്ടു. കാലടി സെൻറ് ജോർജ് പള്ളി കോമ്പൗണ്ടിൽ നിർത്തിയിട്ട കാറിനു മുകളിൽ മരം കടപുഴകി കാറിെൻറ മുൻഭാഗം പൂർണമായും തകർന്നു.
കാലടി മേഖലയിൽ ബുധനാഴ്ച രാത്രി ആഞ്ഞുവീശീയ കാറ്റിലും മഴയിലും വൻ നാശനഷ്ടം. മേക്കാലടിയിൽ നാല് വീടുകൾ ഭാഗികമായി തകർന്നു. പടയാട്ടിൽ ദേവകി, അമ്പാട്ടുപറമ്പിൽ അനു, അമ്പാട്ടുപറമ്പിൽ ബിജു, മങ്ങാടൻ വീട്ടിൽ മുഹമ്മദ് എന്നിവരുടെ വീടിനുമുകളിൽ സ്ഥാപിച്ചിരിരുന്ന ഷീറ്റുകൾ കാറ്റിൽ പറന്ന് നിലത്തുവീണു. വീടിനുള്ളിൽനിന്ന് ആളുകൾ ഇറങ്ങിയോടിയതിനാൽ അപകടം ഒഴിവായി. നിരവധി വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണു. മറ്റൂർ പള്ളിയങ്ങാടിയിൽ ഷിബു മഴുവഞ്ചേരിയുടെ കുലക്കാറായ 150ൽപരം ഏത്തവാഴകൾ കാറ്റിൽ നിലംപൊത്തി. നടുവട്ടം വെട്ടിയാടൻ വീട്ടിൽ ടോമി ജോസിെൻറ അറുപതോളം എത്തവാഴകളും ഒടിഞ്ഞുവീണു.
കാലടി: നെട്ടിനം പിള്ളിയിൽ റെന്നി പാപ്പച്ചെൻറ വീടിനുമുകളിൽ മരംവീണ് വീടിെൻറ മുൻഭാഗം തകർന്നു. ചെങ്ങൽ പ്രദേശത്ത് ബാബു തെറ്റയിലിെൻറ വീടിന് മുകളിൽ പ്ലാവ് കടപുഴകി ഒരു ഭാഗം തകർന്നു.
ശ്രീമൂലനഗരം: ശ്രീഭൂതപുരത്ത് കനത്ത മഴയിലും ചുഴലിക്കാറ്റിലും കനത്ത നാശം. നിരവധി വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. മൂഴിക്കത്തോട്ടത്തിൽ സെയ്തുകുഞ്ഞ്, കുഞ്ഞുമുഹമ്മദ് എന്നിവരുടെ വീടുകൾക്കും കെട്ടിടങ്ങൾക്കും മുകളിലേക്ക് മരങ്ങൾ വീണു. തൊട്ടടുത്ത വൈദ്യുതി തൂണിലേക്ക് മരം വീണെങ്കിലും ആളപായം ഒഴിവായി. കാഞ്ഞൂർ കോഴിക്കാടൻപടി ലിജോ ശ്രീഭൂതപുരത്ത് പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന 10 ഏക്കറിൽ 1500 വാഴകൾ നശിച്ചു. ഒരേക്കർ കപ്പക്കൃഷിയും നശിച്ചു. പള്ളത്ത് സുലൈമാൻ, അബു, ഇടപ്പള്ളത്ത് അടിമ, എന്നിവരുടെ നിരവധി ജാതി മരങ്ങളും നശിച്ചു.
കൊച്ചി: ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും ഉൾപ്പെടെ നാശമുണ്ടായി. മരങ്ങൾ കടപുഴകി വാഹനങ്ങൾ തകരുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം. എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം മരങ്ങൾ വീണ് രണ്ടുപേർക്ക് പരിക്കേറ്റു. ഗാന്ധിനഗർ സ്വദേശികളായ കതിരൻ(14), അരുൺ(20) എന്നിവർക്കാണ് പരിക്കേറ്റത്. കാലിന് ഗുരുതരമായി പരിക്കേറ്റ കതിരനെ സ്വകാര്യ ആശുപത്രിയിലും അരുണിനെ എറണാകുളം ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാറ്റുണ്ടായ സമയത്ത് ഇവിടെ നിൽക്കുകയായിരുന്ന ഇവർക്ക് നേരെയാണ് വൻമരം കടപുഴകി വീണത്.
ഇവർ രണ്ടുപേരും മരത്തിനും മതിലിെൻറ ഇഷ്ടികകൾക്കുമിടയിൽ കാൽ അകപ്പെട്ട അവസ്ഥയിലാണ് കുടുങ്ങിയത്. അരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ഗാന്ധി നഗർ, ക്ലബ് റോഡ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് പുറത്തെടുത്തത്. മരങ്ങൾ പൂർണമായി വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിക്കാൻ രണ്ടര മണിക്കൂറോളമെടുത്തു. സ്ഥലത്തെ വൈദ്യുതി തൂണുകൾ തകർന്നതോടെ വൈദ്യുതിബന്ധം താറുമാറായി.
കാറിന് മുകളിലേക്ക് മരം വീണ് വാഹനത്തിലുള്ളിൽ അകപ്പെട്ടയാളെ രക്ഷപ്പെടുത്തി. വാഹനത്തിന് കേടുപാട് സംഭവിച്ചു. കതൃക്കടവ് ജങ്ഷനിൽ ആശാരിപറമ്പിൽ സോജൻ, െഡൽബി എന്നിവരുടെ വീടിെൻറ മേൽക്കൂര നിലംപതിച്ചു. വീട്ടുസാധനങ്ങൾ പൂർണമായും നനഞ്ഞുപോകുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. വീക്ഷണം റോഡിൽ തേക്കുമരം വീണ് ഗതാഗതം തടസ്സപ്പെട്ടു.
കോമ്പാറ ജങ്ഷന് സമീപം ശ്രീബാലാജി മെഡിക്കൽ സെൻററിന് മുകളിലേക്ക് സമീപത്തെ വീടിെൻറ മേൽക്കൂര പറന്നുവീണു. എറണാകുളം ജനറൽ ആശുപത്രിക്ക് സമീപവും കാറിന് മുകളിലേക്ക് മരം വീണ് കേടുപാട് സംഭവിച്ചു. എറണാകുളം എക്സൈസ് ഓഫിസിെൻറ പാർക്കിങ് ഭാഗത്തെ മേൽക്കൂരയും കാറ്റിൽ പറന്നു.
വടുതല ചാണ്ടി റോഡിൽ ഓട്ടോ ഡ്രൈവറായ കല്ലുവീട്ടിൽ റോബിെൻറ വീടിന് മുകളിലേക്ക് സമീപത്തെ ഒഴിഞ്ഞ പറമ്പിൽനിന്ന രണ്ട് വൻ മരങ്ങൾ കടപുഴകി. മുൻവശത്തെ ട്രസ്സ് വർക്കും ഓടിട്ട മേൽക്കൂരയും പൂർണമായി നശിച്ചു, ആളപായമില്ല. ഡിവിഷൻ കൗൺസിലർ ഹെൻട്രി ഓസ്റ്റിെൻറയും റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെയും നേതൃത്വത്തിൽ മരം വെട്ടിമാറ്റി. തേവര, ഗാന്ധിനഗർ, കടവന്ത്ര ജങ്ഷൻ, കടവന്ത്ര പൊലീസ് സ്റ്റേഷൻ പരിസരം, ചിൽഡ്രൻസ് പാർക്കിന് സമീപം, രാജാജി റോഡ്, ലിസി ആശുപത്രിക്ക് സമീപം, തേവര മട്ടമ്മൽ, കാരിക്കാമുറി ക്രോസ് റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ വ്യാപകമായി മരം മറിഞ്ഞുവീണു.
വ്യാഴാഴ്ചയുണ്ടായ കാറ്റിലും മഴയിലും നേരിട്ട നാശനഷ്ടം തിട്ടപ്പെടുത്താൻ വില്ലേജ് ഓഫിസർമാർക്ക് നിർദേശം നൽകിയതായി കലക്ടർ എസ്. സുഹാസ് അറിയിച്ചു. ദുരന്ത നിവാരണവിഭാഗം ഡെപ്യൂട്ടി കലക്ടർക്ക് ഈ പ്രവർത്തനങ്ങളുടെ മേൽനോട്ടച്ചുമതല നൽകി. മരങ്ങൾ മറിഞ്ഞു വീണും മറ്റുമുണ്ടായ ഗതാഗത തടസ്സങ്ങൾ നീക്കാൻ അഗ്നിശമന സേനക്കും നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.