കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായതോടെ അടിയന്തര പ്രതിരോധ പ്രവർത്തനങ്ങളിൽ പൂർണശ്രദ്ധയർപ്പിച്ചിരുന്ന ജില്ല ഭരണകൂടത്തിന് ഇരട്ടിഭാരമായി ന്യൂനമർദത്തെതുടർന്നുള്ള മഴ. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ശനിയാഴ്ചക്കകം കോവിഡ് പ്രാഥമിക ചികിത്സകേന്ദ്രങ്ങൾ സജ്ജമാക്കാനുള്ള യുദ്ധകാലാടിസ്ഥാനത്തിലുള്ള ഒരുക്കങ്ങൾക്കിടെയാണ് കാലാവസ്ഥ പ്രവചനം. 14, 15 തീയതികളിൽ അതിശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇതേതുടർന്ന് എല്ലാ താലൂക്കുകളിലെയും സ്ഥിതി വിലയിരുത്താൻ യോഗങ്ങൾ ചേർന്നു.
അതിശക്തമായ മഴയും തുടർന്ന് വെള്ളപ്പൊക്കവുമുണ്ടായാൽ ഏറ്റവുമധികം ബാധിക്കുന്നത് ചെല്ലാനം, കൊച്ചി കോർപറേഷൻ, പറവൂർ, കോതമംഗലം, മൂവാറ്റുപുഴ പ്രദേശങ്ങളെയാകും. ഇത് മുന്നിൽകണ്ടുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തി. ഇതിൽ ചെല്ലാനത്ത് സ്ഥിതി രൂക്ഷമായി. കോവിഡ് വ്യാപനം രൂക്ഷമായതിനാൽ ക്യാമ്പുകൾ തുറക്കുക ശ്രമകരമാണ്. ആൻറിജൻ പരിശോധന നടത്തി പ്രവേശിപ്പിക്കാനാണ് തീരുമാനം.
നഗരത്തിലെ വെള്ളക്കെട്ട് സാധ്യത മുന്നിൽകണ്ട് കൂടുതൽ മോട്ടോറുകൾ ഏറ്റെടുത്തിട്ടുണ്ട്. വൈദ്യുതി വിതരണം തടസ്സപ്പെടാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കും. കണയന്നൂർ താലൂക്ക് തഹസിൽദാർ ഇതുസംബന്ധിച്ച മുന്നൊരുക്കങ്ങൾ ഏർപ്പെടുത്തി. കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ എല്ലാ ആശുപത്രികളിലും ഓക്സിജൻ ബഫർ സ്്റ്റോക്ക് ഉറപ്പാക്കി. പറവൂരിൽ എല്ലാ വില്ലേജുകളിലും രണ്ട് ക്യാമ്പുകൾ വീതം തുറന്നു. മൂവാറ്റുപുഴ, കോതമംഗലം മേഖലയിൽ മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ നടപടി തുടങ്ങി.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഓക്സിജൻ ടാങ്കറുകളുടെ ഗതാഗതം സുഗമമാക്കാനും നടപടിയെടുത്തു. നിലവിലുള്ള എല്ലാ സന്നാഹങ്ങളും ഉപയോഗിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങളിലാണ് ജില്ല ഭരണകൂടം.
കലിതുള്ളി കടൽ; ഭീതിയിൽ ജനം
പള്ളുരുത്തി: ചെല്ലാനം തീരത്ത് കടലാക്രമണത്തെ തുടർന്ന് തീരപ്രദേശം ഒന്നാകെ കടൽ കയറി. വെള്ളിയാഴ്ച പുലർച്ചയോടെ ആരംഭിച്ച കടൽകയറ്റം വൈകിയും തുടരുകയാണ്. തെക്കേചെല്ലാനം മുതൽ സൗദി, മാനാശ്ശേരി വരെയുള്ള തീരമേഖല കടൽവെള്ളത്തിൽ മുങ്ങി. പ്രദേശത്തെ ആയിരത്തോളം വീടുകളിൽ വെള്ളംകയറി. ആഞ്ഞടിച്ച തിരമാലകൾ കരയിലൂടെ കുത്തിയൊലിച്ചാണ് പാഞ്ഞത്.
കടലാക്രമണത്തിൽ വെള്ളം നിറഞ്ഞ വീട് വൃത്തിയാക്കുന്നതിനിടയിൽ വെള്ളക്കെട്ടിലേക്ക് വീണ് ഒരാൾ മരിച്ചു. വടക്കേ ചെല്ലാനം സെൻറ് സെബാസ്റ്റ്യൻസ് പള്ളിക്കുസമീപം വലിയപറമ്പിൽ വി.വി. ആൻറണിയാണ് (58) മരിച്ചത്. നാട്ടുകാർ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
വ്യാഴാഴ്ച നേരിയതോതിൽ ഈ പ്രദേശത്ത് കടൽകയറ്റം ഉണ്ടായപ്പോൾ തന്നെ തീരസംരക്ഷണ വേദി പ്രവർത്തകർ ജില്ല ഭരണകൂടത്തെ വിവരം ധരിപ്പിച്ച് മുൻകരുതൽ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കോവിഡ് ബാധിതരുടെ കാര്യവും ഇവർ കലക്ടറുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. എന്നാൽ, നടപടി ഒന്നും ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി. കടലാക്രമണത്തിെൻറ രൂക്ഷത മൂലം നാട്ടുകാർ സമീപ വീടുകളുടെ ടെറസുകളിൽ അഭയം തേടി. പ്രായമായവരെയും രോഗികളെയും കസേരകളിൽ ഇരുത്തി അകലെയുള്ള ബന്ധുവീടുകളിലേക്ക് മാറ്റി.
അതേസമയം, കോവിഡ് ബാധിച്ച് വീടുകളിൽ വിശ്രമിച്ചിരുന്നവരും നിരീക്ഷണത്തിൽ കഴിയുന്നവരും ഗത്യന്തരമില്ലാതെ പുറത്തേക്ക് പാഞ്ഞു.
കൂടുതൽ കോവിഡ് രോഗികളുള്ള ചെല്ലാനത്തെ സ്ഥിതി സങ്കീർണമായി തുടരുന്നതിനിടയിലാണ് ദുരിതമായി കടലാക്രമണം കൂടി എത്തിയത്. തെക്കേ ചെല്ലാനം മുതൽ ബീച്ച് റോഡ് വരെയുള്ള പ്രധാന റോഡുകൾ വെള്ളം പൊങ്ങിയതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിലച്ചു.
കോവിഡ് ബാധിതരെ എഫ്.എൽ.ടി.സിയിലേക്ക് മാറ്റുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചിരുന്നുവെങ്കിലും ഇതൊന്നും നടപ്പായില്ല. വീടുകളിൽ പാകം ചെയ്ത ഭക്ഷണവും വീട്ടുപകരണങ്ങളുമെല്ലാം ഒഴുക്കിപ്പോയി. മത്സ്യത്തൊഴിലാളികളുടെ തൊഴിലുപകരണങ്ങളും മറ്റും കടൽവെള്ളത്തിൽ ഒഴുകിപ്പോയി. രക്ഷാപ്രവർത്തനത്തിന് എത്തിയ ഫയർഫോഴ്സിനും പൊലീസിനും കാഴ്ചക്കാരായി നിൽക്കാനേ കഴിഞ്ഞുള്ളു. രക്ഷാപ്രവർത്തനം നടക്കുന്ന വേളയിൽ മഴ തോരാതെ പെയ്തതും ദുരിതമായി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.