അറസ്റ്റിലായ ആഷിക് ജോൺസൺ (27)  ആദിൽ ഷാജി (27) എന്നിവർ

കലൂർ സ്റ്റേഡിയം പരിസരത്ത് വ്യാപകമായി ലഹരി സംഘങ്ങൾ; മയക്കുമരുന്നുമായി എത്തിയവരെ വളഞ്ഞിട്ട് പിടിച്ച് എക്സൈസ്

കൊച്ചി: എറണാകുളം കലൂർ സ്റ്റേഡിയം ഭാഗങ്ങളിലും പരിസര പ്രദേശങ്ങളിലും മയക്കുമരുന്ന് വിൽപ്പന നടത്തുന്ന രണ്ടു പേർ എക്സൈസിന്‍റെ പിടിയിൽ. ആലുവ പട്ടേരിപ്പുറം ദേശത്ത് പൈനാടത്ത് വീട്ടിൽ ആഷിക് ജോൺസൺ (27) ഇടപ്പള്ളി ഉണിച്ചിറ ദേശത്ത് കുറുപ്പൻ പറമ്പിൽ വീട്ടിൽ ആദിൽ ഷാജി (27) എന്നിവരാണ് എറണാകുളം ടൗൺ നോർത്ത് എക്സൈസിന്‍റെ പിടിയിലായത്.

ഇവരിൽനിന്ന് ഒന്നര ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. വൈകുന്നേരം മുതൽ നേരം പുലരും വരെ യുവതിയുവാക്കൾ സ്റ്റേഡിയം പരിസരങ്ങളിൽ മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും വ്യാപകമായി നടത്തുന്നു എന്ന വിവരം എക്സൈസിന് നേരത്തെ തന്നെ ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം എക്സൈസ് ഇൻറലിജൻസ് വിഭാഗവും സിറ്റി മെട്രോ ഷാഡോയും നിരീക്ഷണം ശക്തമാക്കിയിരുന്നു.

കലൂർ സ്റ്റേഡിയത്തിന്‍റെ പടിഞ്ഞാറേ ഗേറ്റിന് സമീപം മയക്ക് മരുന്നുമായി എത്തിയ ഇവരെ എക്സൈസ് സംഘം വളയുകയായിരുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ഇരുവരും ബൈക്കിൽ കടന്ന് കളയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇവരിൽ നിന്ന് നിരവധി പേർ മയക്കുമരുന്ന് വാങ്ങി ഉപയോഗിച്ചതായി സൂചനയുണ്ട്. ഈ ഇനത്തിൽപ്പെട്ട സിന്തറ്റിക് ഡ്രഗ്ഗ് അര ഗ്രാമിൽ കൂടുതൽ കൈവശം വച്ചാൽ 10 വർഷത്തെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും കിട്ടാവുന്ന കുറ്റമാണ്. ഇവരുടെ മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. എറണാകുളം സർക്കിൾ ഇൻസ്പെക്ടർ പ്രിൻസ് ബാബു, പ്രിവൻറീവ് ഓഫീസർ എസ്. സുരേഷ് കുമാർ, ഇൻറലിജൻസ് പ്രിവൻറീവ് ഓഫീസർ എൻ.ജി. അജിത് കുമാർ, സിറ്റി മെട്രോ ഷാഡോയിലെ സിവിൽ എക്സൈസ് ഓഫീസർ എൻ.ഡി. ടോമി എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Excise arrested two youth with MDMA drugs in Kaloor Stadium area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.