മൂവാറ്റുപുഴ: ഇന്ധനവില ക്രമാതീതമായി വർധിച്ചതോടെ നടുവൊടിഞ്ഞ ലോറി ഉടമകൾ അന്തർസംസ്ഥാനങ്ങളിലേക്ക് ലോഡ് കൊണ്ടുപോകുന്നത് നിർത്തുന്നു. ഇന്ധന വിലകൂടിയിട്ടും ലോറിവാടക വർധിപ്പിക്കാൻ തയാറാകാത്തതിനെത്തുടർന്നാണ് ലോഡ് എടുക്കൽ നിർത്താൻ ലോറി ഉടമകൾ തയാറെടുക്കുന്നത്. ഇത് പൈനാപ്പിൾ മേഖലകളിലടക്കം പ്രതിസന്ധി സൃഷ്ടിക്കും. ന്യായമായ വാടക കിട്ടുംവരെ ലോറി ഒാടിക്കാതിരിക്കാനാണ് ഇവർ ആലോചിക്കുന്നത്.
ദീർഘദൂര ചരക്കുനീക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന ലോറികളുടെ ഉടമകൾ കടുത്ത നഷ്ടം നേരിടുന്ന സാഹചര്യത്തിൽ ചരക്കുമായി സംസ്ഥാനത്തിന് പുറത്തേക്ക് നിലവിലെ വാടകക്ക് ഓടാൻ കഴിയില്ലെന്ന നിലപാടിലാണ്. ഇത് പൈനാപ്പിൾ കയറ്റുമതിയെയാണ് വലിയതോതിൽ ബാധിക്കുക.
മുംബൈയിലേക്ക് പൈനാപ്പിൾ കയറ്റിക്കൊണ്ടുപോകുന്ന ലോറിക്ക് 40,000 രൂപയാണ് കാലങ്ങളായി വാടക. എന്നാൽ, ഇപ്പോഴത്തെ പശ്ചാത്തലത്തിൽ മാമൂലൂകൾ എല്ലാം കടന്ന് മുംബൈയിൽ ലോഡ് എത്തിക്കാൻ 47,000 രൂപയെങ്കിലും ചെലവുവരുമെന്ന് ലോറി ഉടമകൾ പറയുന്നു. തിരികെ കേരളത്തിലേക്ക് എന്തെങ്കിലും ലോഡ് കിട്ടിയാൽ മാത്രമാണ് അൽപമെങ്കിലും ലാഭം കിട്ടുകയുള്ളൂ. തിരികെവരുന്ന ലോറികൾക്ക് ലോഡ് കയറ്റാൻ ഇതിലും കുറഞ്ഞ തുകയാണ് നിലവിൽ കിട്ടുന്നത്. അതിനാൽ നഷ്ടംസഹിച്ച് ലോറി സർവിസ് നടത്താനാകില്ലെന്നാണ് ലോറി ഉടമകൾ പറയുന്നത്.
പൈനാപ്പിൾ ഉൽപാദനം ഏറ്റവും കൂടുതൽ നടക്കുന്ന സീസണാണ് ഇപ്പോൾ. പൈനാപ്പിൾ വില എ ഗ്രേഡിന് 15 രൂപയാണ്. മറ്റുള്ളവക്ക് 12 രൂപയാണ് വില. ഇത് കർഷകർക്ക് നഷ്ടമാെണന്നതിനൊപ്പം പൈനാപ്പിൾ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റിക്കൊണ്ടുപോകുന്ന ലോറികൾ സമരം പ്രഖ്യാപിച്ചാൽ കർഷകർ വൻ പ്രതിസന്ധിയിലാകും.
ആഭ്യന്തര വിൽപനയേക്കാൾ കൂടുതൽ മറ്റു സംസ്ഥാനങ്ങളിലേക്ക് പൈനാപ്പിൾ കയറ്റി അയക്കുന്നുണ്ട്. നിത്യവും 120-150 വരെ ലോറികളാണ് പൈനാപ്പിൾ ലോഡുമായി സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്നത്. 1500 ടൺ പൈനാപ്പിളാണ് നിത്യവും കേരളത്തിനു പുറത്തുള്ള മാർക്കറ്റുകളിലേക്ക് കയറ്റിപ്പോകുന്നത്. ഇത് തടസ്സപ്പെട്ടാൽ പൈനാപ്പിൾ കൃഷിമേഖല തകരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.