കൊച്ചി: വേനൽചൂടുയർന്നതോടെ ജില്ലയിൽ കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തിൽ. ഗ്രാമ-നഗര വ്യത്യാസമില്ലാതെയാണ് കുടിവെള്ള ക്ഷാമം രൂക്ഷമായത്. കത്തിയാളുന്ന വേനൽചൂടിൽ നീരുറവകളും വെള്ളച്ചാലുകളുമെല്ലാം വറ്റിയതോടെയാണ് കുടിവെള്ളത്തിനായി നെട്ടോട്ടമോടാൻ ആരംഭിച്ചത്.
ആശ്വാസമാകുമെന്ന് കരുതിയ വേനൽമഴയും ജില്ലയെ കൈവിട്ടത് ഇരട്ട തിരിച്ചടിയായി. പുഴകളിലും തോടുകളിലും ജലനിരപ്പ് താഴ്ന്നതോടെ കുടിവെള്ള പദ്ധതികളുടെയടക്കം പ്രവർത്തനം പ്രതിസന്ധിയിലായി.
പ്രതിസന്ധി രൂക്ഷമായതോടെ പല മേഖലകളിലും ജലസേചന വകുപ്പിന്റെ പൈപ്പുകളിലും കുടിവെള്ളം എത്തുന്നില്ല. റമദാൻ അടക്കമുള്ള ഉത്സവ കാലവും മധ്യവേനലവധിയുമാരംഭിച്ചതോടെ കുടിവെള്ള ക്ഷാമം ജനങ്ങളെ വലിയ രീതിയിലാണ് വലക്കുന്നത്.
വേനൽമഴ വൈകുകയും വേനൽചൂട് ഇനിയും ഉയരുകയും ചെയ്താൽ അത് ജില്ലയിലെ കുടിവെള്ള പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കും.
കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമെന്ന രീതിയിൽ അവതരിപ്പിക്കപ്പെട്ട കേന്ദ്രാവിഷ്കൃത പദ്ധതിയായ ജൽജീവൻ മിഷൻ പ്രവർത്തനങ്ങൾ ജില്ലയിൽ പാതിവഴിയിലാണ്. പല നിയോജക മണ്ഡലങ്ങളിലും പൈപ്പിടൽ പ്രവർത്തനങ്ങൾപോലും ആരംഭിച്ചിട്ടില്ല. ഇതോടൊപ്പം രണ്ട് നിയോജക മണ്ഡലത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി സ്ഥാപിച്ച ചൂണ്ടി ജലസേചന പദ്ധതിയടക്കം നിരവധി കുടിവെള്ള പദ്ധതികൾ സ്ഥിതിചെയ്യുന്ന മൂവാറ്റുപുഴയാറിലെ ജലനിരപ്പ് താഴുന്നതും പദ്ധതികളുടെ നടത്തിപ്പ് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വലുതും ചെറുതുമായ നിരവധി ജലസേചന പദ്ധതികളുണ്ട്. എന്നാൽ, പല മേഖലകളിലും കുടിവെള്ളമിന്നും കിട്ടാക്കനിയാണ്. വേനൽ ആരംഭിക്കുമ്പോഴേക്കും ഈ മേഖലകളിൽനിന്ന് കുടിവെള്ളത്തിനായി മുറവിളി ഉയരും. ഇക്കുറി പതിവില്ലാതെ വേനൽ കടുത്തതോടെ കൂടുതൽ മേഖലകൾ ശുദ്ധജലക്ഷാമത്തിന്റെ പിടിയിലാണ്.
ഇതോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പ്രതിസന്ധിയിലാകുകയും ചെയ്തു. കുടിവെള്ളത്തിനായുള്ള ആവശ്യം പലപ്പോഴും സമരത്തിലും പ്രതിഷേധത്തിലും കലാശിക്കുന്നതാണ് കാരണം. കോർപറേഷന്റെ ഭാഗമായ നഗരത്തിലെയും പശ്ചിമ കൊച്ചിയിലേയും വിവിധ ഡിവിഷനുകളിലും ചെല്ലാനം, ചേരാനല്ലൂർ, വൈപ്പിൻ, മുളവുകാട്, കടമക്കുടി, ഞാറക്കൽ, എടവനക്കാട്, നായരമ്പലം, പള്ളിപ്പുറം, എളങ്കുന്നപ്പുഴ, കുഴുപ്പിള്ളി, വടക്കേകര, തിരുവാണിയൂർ, ഐക്കരനാട്, വടവുകോട് പുത്തൻകുരിശ്, പായിപ്ര, കുന്നത്തുനാട്, നെല്ലിക്കുഴി, വെങ്ങോല, ഉദയംപേരൂർ, ആലങ്ങാട്, കരുമാല്ലൂർ, കുന്നുകര, ഏഴിക്കര, ചേന്ദമംഗലം, ചിറ്റാറ്റുകര, പുത്തൻവേലിക്കര, വരാപ്പുഴ, ആവോലി, ആയവന പഞ്ചായത്തുകളിലും മൂവാറ്റുപുഴ, തൃപ്പൂണിത്തുറ, തൃക്കാക്കര, പറവൂർ, കളമശ്ശേരി, ഏലൂർ നഗരസഭ പരിധികളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഇവിടങ്ങളിൽ പെരിയാർ വാലി കനാലുകളിലും വെള്ളം കൃത്യമായി എത്താത്തത് ദുരിതം ഇരട്ടിയാക്കുന്നുണ്ട്.
പരാതി രൂക്ഷമായ ചില മേഖലകളിൽ ജനപ്രതിനിധികളുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ വാഹനങ്ങളിൽ കുടിവെള്ളമെത്തിക്കുന്നുണ്ടെങ്കിലും ദുരിതത്തിന് അറുതിയാകുന്നില്ല.
വിവിധ പ്രദേശങ്ങളിൽ ശുദ്ധജലക്ഷാമം രൂക്ഷമാകുമ്പോഴും പരിഹാരം കാണുന്നതിൽ സംസ്ഥാന സർക്കാർ നിഷ്ക്രിയമാണെന്ന് ഹൈബി ഈഡൻ എം.പി. പ്രാദേശികമായി ജലദൗർലഭ്യത്തിന്റെ രൂക്ഷതയിൽ വ്യത്യാസമുള്ളപ്പോഴും പൊതുവിൽ ശുദ്ധജലം കിട്ടാക്കനിയായി മാറിയ ഇടങ്ങൾ നിരവധിയാണ്.
അടിസ്ഥാനാവശ്യമായ ശുദ്ധജലത്തിനു മുന്നിൽ പുറംതിരിഞ്ഞു നിൽക്കുന്ന സമീപനമാണ് സർക്കാറിനും ഇടത് മുന്നണിക്കും. അടിയന്തരമായി പ്രശ്നപരിഹാരത്തിന് സർക്കാർ ഇടപെടണമെന്നും എം.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.