ചെറായി: വൈറസ് ബാധമൂലം കെട്ടുകളിൽ ചെമ്മീൻ ചത്തുപൊങ്ങുന്നത് ആശങ്കക്ക് ഇടയാക്കുന്നു. ചെറായി തുണ്ടിപ്പുറം കൃഷി സമാജം കെട്ടിലാണ് വ്യാപക നാശം ഉണ്ടായിരിക്കുന്നത്. മുൻകാലങ്ങളിൽ സാധാരണ നാരൻ, കാര ഇനങ്ങളിൽപെട്ട ചെമ്മീനുകൾക്കാണ് വൈറസ് ബാധ കൂടുതലായി പിടികൂടിയിരുന്നെങ്കിൽ ഇത്തവണ തെള്ളിച്ചെമ്മീനുകൾക്കും രോഗം പിടിപെട്ടിരിക്കുകയാണ്.
വൈറസ് ബാധിക്കുന്ന ചെമ്മീനുകളാണ് വളർച്ചയെത്താതെ ചത്തുപൊങ്ങുക. തലയിൽ വെള്ളക്കുത്തുകൾപോലെ കാണപ്പെടുന്ന വൈറ്റ് സ്പോട്ട് രോഗമാണ് ചെമ്മീനുകളെ എല്ലാ വർഷവും ബാധിക്കുന്നത്. ഇത് മൂർധന്യാവസ്ഥയിലെത്തുമ്പോൾ കാലുകൾ ചുവക്കും. പിന്നീട് ഇത് ചളിയിൽ ഇരുന്നുതന്നെ ദ്രവിച്ച് തൊണ്ടുമാത്രമാകും. ശക്തമായ വേലിയേറ്റം മൂലം ഇക്കുറി തുടക്കം മുതൽ മത്സ്യക്കർഷകർ പ്രതിസന്ധിയിലായിരുന്നു.
നിക്ഷേപിച്ച കുഞ്ഞുങ്ങളിൽ ഭൂരിഭാഗവും ചിറ കവിഞ്ഞൊഴുകി പുഴയിലേക്ക് പോയിരിന്നു. ആദ്യസമയങ്ങളിൽ തെള്ളിച്ചെമ്മീനുകളിൽനിന്ന് ലഭിക്കുന്ന വകയിൽനിന്നായിരുന്നു ചെലവുകൾ കണ്ടെത്തിയിരുന്നത്. എന്നാൽ, ഇക്കുറി അതുണ്ടായില്ല. ഇതുമൂലം തെള്ളിച്ചെമ്മീന് ഇപ്പോൾ വൻ ഡിമാൻഡാണ്. കിലോക്ക് 60 മുതൽ 80 രൂപവരെ ഉണ്ടായിരുന്ന ഇതിന് ഇപ്പോൾ 150 രൂപ വരെയായി ഉയർന്നു.
കിഴക്കൻ മേഖലയിലെ ഫാക്ടറികളിൽനിന്ന് വെള്ളപ്പൊക്കസമയത്ത് തുറന്നുവിടുന്ന മലിനജലമാണ് വൈറസ് ബാധക്ക് കാരണമെന്നാണ് ആരോപണം. എന്നാൽ, അധികൃതർ ഇതു പരിശോധിച്ച് നടപടിയെടുക്കാൻ തയാറായില്ലെന്ന് കർഷകർ പറയുന്നു.
കായലുകളിലും ഞണ്ടുകളുടെയും ചെമ്മീന്റെയും ലഭ്യത ഗണ്യമായി കുറഞ്ഞു. ദിനം പ്രതി 50 കിലോയിലധികം ഞണ്ടുകൾ എത്തിയിരുന്ന പല കച്ചവട കേന്ദ്രങ്ങളിലും ഇപ്പോൾ വരവ് നേർപകുതിയാണ്.
വൈറസ് ബാധ ഞണ്ടുകളെയും ബാധിച്ചിട്ടുണ്ടെന്ന ആശങ്കയിലാണ് കർഷകർ. ചെമ്മീൻകെട്ടുകളുടെ കാലാവധി നീട്ടണമെന്നും വൈറസ് ബാധ പരിഹരിക്കാൻ നടപടിയെടുക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.