കാക്കനാട്: എസ്.എസ്.എൽ.സി പരീക്ഷ ഫലം പുറത്തു വരുമ്പോൾ ഉത്തർപ്രദേശിലെ വീട്ടിലായിരുന്നു നന്ദിനി. മുസ്കാൻ്റെ മുഖത്താകട്ടെ ഒരു വർഷത്തെ ക്ലാസുകൾ മുഴുവൻ രണ്ട് മാസം കൊണ്ട് പഠിച്ച് നേടിയ ഉന്നത വിജയത്തിൻ്റെ അഹങ്കാരം ഉണ്ടായിരുന്നുമില്ല. ഉത്തർ പ്രദേശിൽ നിന്നെത്തി കാക്കനാടിന് അഭിമാനമായി മാറുകയാണ് ഈ കൊച്ചു മിടുക്കികൾ.
കാക്കനാട് മാർ അത്തനേഷ്യസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനികളായ എസ് മുസ്കാനും, നന്ദിനി ഗുപ്തയുമാണ് പത്താംതരത്തിൽ പത്ത് എ പ്ലസിൻ്റെ മികവുമായി അഭിമാനമായി മാറിയത്. ചരിത്രത്തിലാദ്യമായി 100 ശതമാനം വിജയമെന്ന നേട്ടം സ്കൂൾ കരസ്ഥമാക്കിയപ്പോൾ മുഴുവൻ എ പ്ലസും സ്വന്തമാക്കിയ നാല് കുട്ടികളിൽ രണ്ട് പേരാണ് ഇരുവരും. ലിയ ജോളി, എസ് ശിവനന്ദ് എന്നിവരും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് സ്വന്തമാക്കി സ്കൂളിൻ്റെ യശസ്സുയർത്തി.
ഉത്തർപ്രദേശിലെ ബദോഹി സ്വദേശിനിയായ മുസ്കാൻ കാക്കനാടിനടുത്ത് മാവേലിപുരത്താണ് താമസിക്കുന്നത്. ലോക്ഡൗണിനെ തുടർന്ന് തൊഴിൽ നിലച്ചതോടെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ച് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ലോട്ടറി തൊഴിലാളിയായ പിതാവ് സുരേന്ദ്രകുമാറും മാതാവ് സുനിതയും അടക്കം മുസ്കാൻ്റെ കുടുംബം മുഴുവൻ നാട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് ജനുവരി പകുതിയോടെയാണ് മടങ്ങിയെത്തിയത്. ഇതിനിടെ നെറ്റ്വർക്ക് പ്രശ്നം മൂലം ഓൺലൈൻ ക്ലാസുകളും വിക്ടേഴ്സ് ചാനൽ ലഭിക്കാതെ വന്നതോടെ പഠനം നിലച്ച സ്ഥിതിയായിരുന്നു. പിന്നീടുള്ള രണ്ടര മാസം കൊണ്ട് ടീച്ചർമാരുടെയും സഹപാഠികളുടെയും സഹായത്തോടെയാണ് പഠിച്ചാണ് മുഴുവൻ എ പ്ലസും നേടിയത്. ഭാവിയിൽ പൊലീസ് ഉദ്യോഗസ്ഥ ആകണമെന്നാണ് മലയാളം നന്നായി സംസാരിക്കുന്ന, കേരളത്തിൽ തന്നെ ജീവിക്കാൻ ഇഷ്ടപ്പെടുന്ന മുസ്കാൻ്റെ ആഗ്രഹം. കഴിഞ്ഞ 13 വർഷമായി കാക്കനാട് തന്നെയാണ് താമസം.
എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് അധികം വൈകാതെ രണ്ടാം ലോക് ഡൗൺ കൂടി വന്നതോടെയാണ് നന്ദിനി ഗുപ്ത കുടുംബ സമേതം യു.പിയിലെ ബസ്തിയിലെ സ്വന്തം വീട്ടിലേക്ക് പോയത്. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി ജിപ്സം സീലിംഗ് ജോലി ചെയ്യുന്ന പിതാവ് രാം മുരാത് ഗുപ്തക്കും മാതാവ് ആരതി ഗുപ്തക്കും സഹോരങ്ങൾക്കും അഭിമാനമായി മാറിയിരിക്കുകയാണ് നന്ദിനി. കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സിന് സമീപം താമസിക്കുന്ന നന്ദിനി ആറ് വർഷം മുൻപാണ് കേരളത്തിലെത്തിയത്. അഞ്ചാം ക്ലാസ് പകുതിയോടെ എം.എ എച്ച്.എസ്. സ്കൂളിലെത്തിയത്. പൊലീസ് ആകാനാണ് ഇഷ്ടമെങ്കിലും അച്ഛന് ഡോക്ടർ ആകണമെന്നാണ് ആഗ്രഹമെന്ന് നന്ദിനി പറഞ്ഞു.
ആകെ 60 പേർ എസ്.എസ്.എൽ.സി പരീക്ഷ എഴുതി വിജയിച്ച സ്കൂളിൽ ഏഴ് പേർ അന്തർ സംസ്ഥാന തൊഴിലാളികളുടെ മക്കളാണ്. മലയാളം അടക്കമുള്ള വിഷയങ്ങളിൽ മറ്റുള്ളവരോട് മത്സരിച്ച് മികച്ച പ്രകടനം കാഴ്ച വെച്ചാണ് ഇവർ വിജയം സ്വന്തമാക്കിയതെന്നും അതിൽ സന്തോഷമുണ്ടെന്നും പ്രധാന അധ്യാപിക ബിബു പുരവത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.