ഇന്ധന വിലവർധന, കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി തുടങ്ങി നിരവധി പ്രശ്നങ്ങളിലാണ് പൊതുഗതാഗത മേഖല. സിൽവർലൈനടക്കം പ്രഖ്യാപിക്കപ്പെടുമ്പോൾ ഇതിനകം യാഥാർഥ്യമായ വമ്പൻ പദ്ധതികളുടെ ലാഭ-നഷ്ടക്കണക്കുകളും ചർച്ചയാകേണ്ടതുണ്ട്. ഇവയുടെയെല്ലാം പരിണിതഫലം പൊതുജനത്തിന് മീതെ വീഴുന്ന പ്രഹരങ്ങളാകുമ്പോൾ കൃത്യമായ പ്രതിവിധിയാണ് ആവശ്യം. മേഖലയുടെ വളർച്ചക്ക് കണ്ടെത്തിയ പരിഹാരമാർഗങ്ങൾ എവിടെയെത്തി നിൽക്കുന്നു? പ്രതിസന്ധികളുടെ ആഴം വർധിക്കുമ്പോൾ മുന്നോട്ടു പോകാനാകാതെ ബുദ്ധിമുട്ടുന്ന പൊതുഗതാഗത മേഖലയെക്കുറിച്ച് 'മാധ്യമം' നടത്തുന്ന അന്വേഷണം ഇന്നുമുതൽ...
കൊച്ചി: നഗരത്തിലെ ഗതാഗത സംവിധാനങ്ങൾക്ക് കാലോചിത മാറ്റം വരുത്താൻ പദ്ധതികൾ ആവിഷ്കരിക്കുന്നതിന് രൂപംകൊടുത്ത കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി (കെ.എം.ടി.എ) ഇപ്പോഴും ഉറക്കത്തിൽനിന്ന് ഉണർന്നിട്ടില്ല. 2019 നവംബറിലാണ് കെ.എം.ടി.എ ബിൽ നിയമസഭ പാസാക്കിയത്. ഇതിന്റെ ചുവടുപിടിച്ച് 2020 നവംബറിൽ അതോറിറ്റി പ്രവർത്തനം തുടങ്ങുകയും ചെയ്തു. എറണാകുളത്തെ ഗതാഗത സംവിധാനങ്ങളെ ഏകോപിപ്പിച്ച് ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണുക, സമഗ്ര ഗതാഗത പദ്ധതി തയാറാക്കുക തുടങ്ങിയവയായിരുന്നു കെ.എം.ടി.എയിലൂടെ ലക്ഷ്യമിട്ടത്. എന്നാൽ, ഒരു വർഷം പിന്നിട്ടിട്ടും തസ്തികകൾ സൃഷ്ടിക്കുകയോ ജീവനക്കാരെ നിയമിക്കുകയോ ചെയ്തിട്ടില്ലെന്ന് വിവരാവകാശ ചോദ്യത്തിനുള്ള മറുപടിയിൽ കെ.എം.ടി.എ അധികൃതർ വ്യക്തമാക്കുന്നു. ഒരു പഠന റിപ്പോർട്ടുപോലും ഇതേവരെ തയാറാക്കി സർക്കാറിന് സമർപ്പിച്ചിട്ടില്ല. അതോറിറ്റി അതിന്റെ അടിസ്ഥാന പ്രവർത്തനങ്ങൾ മാത്രമാണ് ചെയ്തുവരുന്നതെന്ന് അധികൃതർ ഇതിന് മറുപടിയായി വിശദീകരിക്കുന്നു.
ഗതാഗത മേഖലയിലെ വിദഗ്ധർ ഉൾപ്പെടെ 20 പേരുടെ നിയമനം ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. ഫണ്ട് ലഭ്യതയും ജീവനക്കാരുടെ കുറവും ഇതിന് കാരണമാണ്. രൂപവത്കരണത്തിന് ശേഷം ആദ്യ ബോർഡ് യോഗം ചേർന്നത് ഒരുവർഷത്തിനുശേഷം 2021 ജനുവരി 22നായിരുന്നു. തുടർന്ന് ജൂൺ നാലിന് ഒരു വിശകലന യോഗവും നടന്നു. എറണാകുളം റവന്യൂ ടവറിൽ 78,774 രൂപ മാസവാടകക്ക് മുറിയെടുത്തത് ഒഴിച്ചാൽ ഒരുവർഷത്തോളം കാര്യമായ പ്രവർത്തനങ്ങളും ഉണ്ടായില്ല. 25 പേർക്ക് ഇരുന്നുജോലി ചെയ്യാനുള്ള സൗകര്യമുണ്ടായിരുന്നെങ്കിലും ആവശ്യത്തിന് ജീവനക്കാരെ നിയമിച്ചിട്ടില്ല.
കാര്യമായ പ്രവർത്തനങ്ങളൊന്നുമില്ലെങ്കിലും കെ.എം.ടി.എക്ക് ഇതുവരെ 13,86,256 രൂപ ചെലവഴിച്ചു. ഓഫിസിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി 12,66,006 രൂപയും കൊച്ചി ഓപൺ മൊബിലിറ്റി നെറ്റ്വർക്കിന്റെ ഉദ്ഘാടന ചെലവിലേക്ക് 1,20,250 രൂപയുമാണ് ചെലവായത്. നിലവിൽ സ്ഥിരം നിയമനങ്ങളും നടത്തിയിട്ടില്ല. അതോറിറ്റിയുടെ പ്രാരംഭ രൂപമായിരുന്ന യുനിഫൈഡ് എം.ടി.എയിൽ പ്രവർത്തിച്ചിരുന്നവർ ഇപ്പോൾ താൽക്കാലികമായി കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്നുണ്ട്.
ന്യൂയോർക്, ലണ്ടൻ, ബോസ്റ്റൺ, സിംഗപ്പൂർ എന്നിവിടങ്ങളിലെ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റികൾ മാതൃകയാക്കി ആസൂത്രണം നടത്താനായിരുന്നു അധികൃതരുടെ തീരുമാനം. ഇതിന് അനുസൃതമായി ബസുകളെ വിവിധ കമ്പനികളായും ഓട്ടോറിക്ഷകളെ സൊസൈറ്റികളായും ഏകോപിപ്പിക്കുന്ന നടപടികൾ സ്വീകരിച്ചു. കൊച്ചി നഗരത്തിന് സുസ്ഥിര ഗതാഗത സംവിധാനം ഒരുക്കുന്നതിന് കൊച്ചി ഓപൺ മൊബിലിറ്റി നെറ്റ് വർക്ക് എന്ന ഡിജിറ്റൽ സാങ്കേതിക വിദ്യ രൂപവത്കരിക്കുകയും ആദ്യപടിയായി ടാക്സി സർവിസ് ഈ നെറ്റ്വർക്കിലേക്ക് സംയോജിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
തുടർന്ന് മെട്രോ റെയിൽ, വാട്ടർ മെട്രോ, ബസ് സർവിസ്, ഓട്ടോറിക്ഷ സർവിസ് എന്നിവയും ഇതിലേക്ക് ഏകോപിപ്പിക്കാനുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് അറിയിച്ചിരുന്നത്. ജീവനക്കാരുടെ നിയമനം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ധനകാര്യ വകുപ്പിന്റെ അനുമതി വിലങ്ങുതടിയാകുന്നുവെന്നാണ് സൂചന. ഇതിനിടെ മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഒരു യോഗം കഴിഞ്ഞ ദിവസം ചേർന്നിരുന്നു. പ്രവർത്തനത്തിലുള്ള ബുദ്ധിമുട്ടുകൾ സർക്കാറിന് മുന്നിൽ അവതരിപ്പിക്കണമെന്ന നിലപാടാണ് അവിടെ ഉയർന്നത്. കെ.എം.ടി.എയിൽ പഠനങ്ങൾ നടക്കുകയാണെന്നും വരുംനാളുകളിൽ പ്രസിദ്ധീകരിക്കപ്പെടുമെന്നും സി.ഇ.ഒ എസ്. ഷാനവാസ് 'മാധ്യമ'ത്തോട് പറഞ്ഞു. കോവിഡ്, ജീവനക്കാരുടെ കുറവ് എന്നിവ കാരണമാണ് പ്രവർത്തനങ്ങൾ നീണ്ടുപോയത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് യോഗം നടന്നിരുന്നു. കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യാനുള്ള യോഗം 31ന് നടക്കും. ഫണ്ട് ലഭ്യതയുടെ കാര്യം ധനകാര്യ വകുപ്പിൽ അറിയിച്ചിട്ടുണ്ട്.
സ്ഥിതി ഇതേനിലയിൽ തുടർന്നാൽ അടുത്ത രണ്ടുവർഷത്തിനുള്ളിൽ സ്വകാര്യ ബസ് മേഖല കൂടുതൽ തകർച്ചയിലേക്ക് പോകാനിടയുണ്ട്. നിലവിലെ ബസുകളുടെ ശരാശരി സർവിസ് കാലയളവ് 13 വർഷമാണ്. വ്യവസായം നഷ്ടത്തിലായതിനാൽ രണ്ട് വർഷം കഴിയുമ്പോൾ ഇത് സ്ക്രാപ് ചെയ്യപ്പെടാനുള്ള സാധ്യതയേറെയാണ്. പുതിയ സംരംഭകർ ആരും മേഖലയിലേക്ക് കടന്നുവരുന്നുമില്ല. ഈ സാഹചര്യത്തിൽ സംയോജിത ഗതാഗത മാർഗത്തിന്റെ ആവശ്യകത മനസ്സിലാക്കി കൃത്യമായ ഇടപെടലുണ്ടാകണം. 'ബസ് ഓൺ ഡിമാൻഡ്' എറണാകുളം ജില്ലയിൽ എത്രത്തോളം പ്രായോഗികമാണെന്ന് പരിശോധിച്ച് പദ്ധതികൾ തയാറാക്കണം. അതിന് അനുസൃതമായി റിപ്പോർട്ടുകൾ സർക്കാറിന് സമർപ്പിക്കുകയും നടപടികൾ സ്വീകരിക്കാൻ കെ.എം.ടി.എ മുൻകൈയെടുക്കുകയും വേണം.
യാത്രക്കാരുടെ എണ്ണം വർധിച്ചുവരുന്നതായാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. വിദ്യാർഥികൾക്കുള്ള കൺസഷനടക്കം നിരവധി പദ്ധതികൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, നഷ്ടത്തിന്റെ കണക്കുകളും ഇതിനൊപ്പം ശ്രദ്ധിക്കേണ്ടതാണ്. യാത്രക്കാരുടെ എണ്ണം വർധിച്ചെന്ന് ചൂണ്ടിക്കാട്ടുമ്പോഴും നഷ്ടക്കണക്ക് തന്നെയാണ് കൊച്ചി മെട്രോക്ക് നിരത്താനുള്ളത്. നഷ്ടത്തിന് കാരണം യാത്രക്കാരുടെ കുറവ് കാരണമെന്ന് പറയാൻ സാധ്യമല്ലെന്ന് സർക്കാർ വിശദീകരിക്കുന്നു.
കൊച്ചി മെട്രോ ഒരു തീവ്ര മൂലധന അധിഷ്ഠിത പദ്ധതിയായതിനാലും ഭീമമായ തുക വായ്പ തിരിച്ചടക്കാൻ വേണ്ടിവരുന്നതിനാലും പ്രവർത്തന ലാഭമുണ്ടായാൽ പോലും നഷ്ടം തുടർന്നുകൊണ്ടേയിരിക്കുമെന്ന് അധികൃതർ വിശദീകരിക്കുന്നു. കേന്ദ്രം അന്തിമാനുമതി നൽകാതെ അവഗണിക്കുമ്പോഴും കൊച്ചി മെട്രോ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കലൂർ സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെ നീളുന്ന പാതക്ക് ആവശ്യമായതിന്റെ 40 ശതമാനം ഭൂമി ഏറ്റെടുത്ത് പ്രാരംഭ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. കിട്ടിയ ഭൂമിയിലെ 53 ശതമാനത്തോളം പ്രാരംഭ നിർമാണ പ്രവർത്തനങ്ങൾ ചെയ്തുകഴിഞ്ഞതായി അധികൃതർ വ്യക്തമാക്കി.
റോഡിന്റെ വീതി വർധിപ്പിക്കൽ, പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങൾ നീക്കം ചെയ്യൽ ജോലികളാണ് നടക്കുന്നത്. ഫണ്ട് കിട്ടാത്തതിന്റെ താമസം മൂലമാണ് ബാക്കി 60 ശതമാനം സ്ഥലം ഏറ്റെടുക്കുന്നത് വൈകാൻ കാരണം. സർക്കാർ ഫണ്ട് റവന്യൂ വകുപ്പിന് നൽകി സ്ഥലമേറ്റെടുക്കുകയും തുടർന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് നൽകുകയുമാണ് ചെയ്യുന്നത്. ഇതുവരെ ലഭിച്ച 135 കോടി രൂപ ഉപയോഗിച്ചാണ് സ്ഥലമേറ്റെടുത്തത്. 100 കോടി കൂടി ഇനിയും ലഭിക്കേണ്ടതുണ്ട്. 11.2 കിലോമീറ്ററിൽ 11 സ്റ്റേഷനുകളായിരിക്കും മെട്രോ രണ്ടാംഘട്ട പാതയിലുണ്ടാകുക. പേട്ട മുതൽ എസ്.എൻ ജങ്ഷൻ വരെയുള്ള പ്രവൃത്തികൾ അവസാനഘട്ടത്തിലാണ്. അതേസമയം സുരക്ഷക്ക് ഏറെ പ്രാധാന്യം നൽകുന്ന കൊച്ചി മെട്രോയുടെ പത്തടിപ്പാലത്തെ 347ാം നമ്പർ തൂണിന് ചരിവ് സംഭവിച്ചത് തിരിച്ചടിയാണ്.
സാമ്പത്തിക വർഷം, ടിക്കറ്റ് വരുമാനം, ടിക്കറ്റിതര വരുമാനം, ആകെ (തുക കോടിയിൽ)
2017-18 32.17 12.49 44.66
2018-19 41.04 39.05 80.09
2019-20 56.77 37.26 94.03
2020-21 12.90 27.05 39.95
2017-18 167.34
2018-19 281.23
2019-20 310.02
2020-21 334.31
(തുടരും)
(നാളെ- നിരത്തൊഴിയുന്ന സ്വകാര്യ ബസുകൾ; താളം തെറ്റുന്ന ജനജീവിതം)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.