കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് നിവാരണത്തിന് 36 കോടിയുടെ ഓപറേഷൻ ബ്രേക്ക് ത്രൂ പദ്ധതികൾക്ക് ഭരണാനുമതി. കൊച്ചി നഗരം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങൾക്കാണ് പദ്ധതി പൂർത്തീകരണത്തോടെ പരിഹാരമാകുകയെന്ന് മേയർ അഡ്വ. എം. അനിൽകുമാർ പറഞ്ഞു.
കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരത്തെ വെള്ളക്കെട്ട് നിവാരണ പ്രവർത്തനങ്ങൾക്കാണ് മുല്ലശ്ശേരി കനാലിന്റെ നവീകരണം പുരോഗമിക്കുന്നത്. ഇതുവരെ 25 ശതമാനം പ്രവർത്തനങ്ങൾ മാത്രമാണ് പൂർത്തീകരിക്കാനായത്. ഗോപാല പ്രഭു റോഡിൽനിന്നുള്ള കാനയുടെയും സെന്റ് വിൻസെന്റ് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ സെന്റ് ബെനഡിക്ട് റോഡിൽനിന്നും മംഗളവനത്തിന് സമീപമുള്ള തോട്ടിലേക്ക് എത്തിക്കാനുള്ള കാനയുടെയും നിർമാണം വർഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്. ഓപറേഷൻ ബ്രേക്ക് ത്രൂ എൻജിനീയർമാരുടെ നിർദേശം സൗത്ത് റെയിൽവേ സ്റ്റേഷനിൽനിന്ന് ഇതുപോലെതന്നെ ഒരു കാന ഡി.എച്ച് റോഡിലൂടെ കായലിലേക്ക് വെള്ളമെത്തിക്കുന്ന വിധം നിർമിക്കുക എന്നതാണ്. ഈ എസ്റ്റിമേറ്റുകൾക്ക് അംഗീകാരം നൽകിക്കഴിഞ്ഞു.
ഇതുപ്രകാരം സൗത്ത് റെയിൽവേ സ്റ്റേഷൻ മുതൽ വേമ്പനാട്ടുകായൽ വരെ ജോസ് ജങ്ഷൻ കടന്ന് പുതിയ ഡ്രെയിനേജ് പണിയാൻ 19.5 കോടി, ഹൈകോടതി ജങ്ഷനിലെ വെള്ളക്കെട്ട് നിയന്ത്രിക്കാൻ 4.5 കോടി, സൗത്ത് ബസ് സ്റ്റാൻഡിന് പിൻവശത്തെ കമ്മട്ടിപ്പാടം ഭാഗത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ 2.5 കോടി, തേവര പേരണ്ടൂർ കനാൽ നവീകരണത്തിന് 9.5 കോടി എന്ന നിലയിലാണ് സംസ്ഥാന സർക്കാർ ജലവിഭവ വകുപ്പിന് തുക അനുവദിച്ച് ഉത്തരവായത്. ഇതിൽ കമ്മട്ടിപ്പാടം ഭാഗത്തെ പ്രവൃത്തിയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. തേവര പേരണ്ടൂർ കനാൽ നവീകരണം നിലവിൽ നഗരസഭ സ്വന്തം നിലയിൽതന്നെ നടത്തിവരുന്നതിനാൽ ഈ പ്രവൃത്തിക്ക് ജലവിഭവ വകുപ്പിന് അനുവദിച്ച തുകയായ 9.5 കോടി നഗരസഭയിലെതന്നെ സെന്റ് ബെനഡിക്ട് റോഡിലെ കാന നിർമാണം, ഡിവിഷൻ 18ലെ പെട്ടിയും പറയും ഗോപാല പ്രഭു റോഡിലെ കാന നിർമാണം എന്നീ പ്രോജക്ടുകൾക്ക് വിനിയോഗിക്കാൻ സർക്കാർ അനുമതിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഓപറേഷൻ ബ്രേക്ക് ത്രൂ രണ്ടാം ഘട്ടത്തിൽ 9.14 കോടിയുടെ 17 പ്രവൃത്തി പൂർത്തിയാക്കിയിരുന്നു. മൂന്നാം ഘട്ടത്തിൽ മുല്ലശ്ശേരി കനാലിന്റെ നവീകരണം അടക്കം 11.89 കോടിയുടെ ആറ് പ്രവൃത്തിയും ജലവിഭവ വകുപ്പ് ഏറ്റെടുത്തു. മേയറുടെ ആവശ്യപ്രകാരം സ്മാർട്ട് സിറ്റി പദ്ധതിയിൽനിന്ന് 10 കോടി രൂപ ഈ പ്രവർത്തനങ്ങൾക്ക് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.