കൊച്ചി: ബ്രഹ്മപുരം ആവർത്തിക്കാതിരിക്കാൻ മാലിന്യ സംസ്കരണത്തിൽ കർമ പദ്ധതി തയാറാക്കി കൊച്ചി കോർപറേഷൻ. ഉറവിട മാലിന്യ സംസ്കരണത്തിന് ഊന്നൽ നൽകിയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഇതിന് സൗകര്യമില്ലാത്തവർ മാലിന്യം തരംതിരിച്ച് നൽകിയാൽ കോർപറേഷൻ തൊഴിലാളികൾ വീടുകളിലെത്തി ശേഖരിക്കും.
ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകുന്ന മാലിന്യത്തിന്റെ അളവ് പരമാവധി കുറക്കുന്നതിനാണ് കോർപറേഷൻ ലക്ഷ്യമിടുന്നത്. സ്ഥലമുള്ളവർക്ക് വീട്ടിലും അല്ലാത്തവർക്ക് വീട്ടിന് പുറത്തും ഉറവിട മാലിന്യ സംസ്കരണം നടത്താനാകും വിധമാണ് പദ്ധതി.
മാലിന്യം, ഇനോക്കുലം അറക്കപ്പൊടി എന്നിവ ഇട്ടാണ് വീടുകളിൽ സംസ്കരിക്കുക. രണ്ടായിരം രൂപയാണ് ഒരു വീട്ടിലോ ഫ്ലാറ്റിലോ ഉറവിട മാലിന്യ സംസ്കരണം ഒരുക്കുന്നതിനുള്ള കുറഞ്ഞ ചെലവ്. ഗുണഭോക്തൃ വിഹിതമായി 10 ശതമാനം വീട്ടുടമ അടക്കേണ്ടിവരും. ആദ്യഘട്ടത്തിൽ ബി.പി.എൽ കുടുംബങ്ങളിലാകും സംസ്കരണ സംവിധാനങ്ങൾ കോർപറേഷൻ നൽകുക. പൈപ്പ് കമ്പോസ്റ്റ്, വീപ്പകൾ തുടങ്ങിയവയാണ് വീടുകൾക്ക് നൽകുക. ഇതിന് ആവശ്യമായ തുക കോർപറേഷന്റെ പ്ലാൻ ഫണ്ടിൽനിന്ന് നീക്കിവെക്കും. കഴിഞ്ഞ വർഷം 25 ലക്ഷം രൂപ ഇതിനായി മാറ്റിവെച്ചിരുന്നു. ഈ തുക ഇതുവരെ വിനിയോഗിച്ചിട്ടില്ല.
ഉറവിടത്തിൽ സംസ്കരിക്കാനാകാത്ത മാലിന്യം കൃത്യമായി കോർപറേഷൻ ഏറ്റെടുക്കും. ആഴ്ചയിൽ രണ്ട് ദിവസം പ്ലാസ്റ്റിക് വീടുകളിൽനിന്ന് ശേഖരിക്കും. ചിരട്ട, മടൽ തുടങ്ങിയവ പോലുള്ളവ ആഴ്ചയിലൊരിക്കൽ ശേഖരിക്കും. റബർ, ഇ-വേസ്റ്റ് എന്നിവ മാസത്തിലൊരിക്കൽ ശേഖരിക്കും. ബയോമെഡിക്കൽ വേസ്റ്റ് പ്രത്യേകം ശേഖരിക്കും. ഇതു സംബന്ധിച്ച് ക്ലീൻ ചാർട്ട് തയാറാക്കി വീടുകളിലെത്തിക്കും. പ്ലാസ്റ്റിക് ഉൾപെടെയുള്ള അജൈവ മാലിന്യം ക്ലീൻ കേരള കമ്പനിയാണ് ഇനിമുതൽ ശേഖരിക്കുക. അവ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകില്ല. ഉറവിട മാലിന്യ സംസ്കരണം സാധ്യമല്ലാത്തവർക്ക് ഡിവിഷനുകൾ കേന്ദ്രീകരിച്ച് തുമ്പൂർമൂഴി മോഡൽ മാലിന്യ സംവിധാനം ഒരുക്കും. ഹരിത കർമ സേനയാകും വീടുകളിലെത്തി മാലിന്യം ശേഖരിക്കുക.
ബ്രഹ്മപുരത്ത് പുതിയ ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് സംസ്ഥാന സർക്കാർ സ്ഥാപിക്കും. പ്രതിദിനം 300 ടൺ മാലിന്യം സംസ്കരിക്കാൻ ഉതകുന്ന പ്ലാന്റാണ് സ്ഥാപിക്കുക. ഒരുവർഷത്തിനകം പ്ലാന്റ് സജ്ജമാക്കും. കോർപറേഷനിൽനിന്നുള്ള മാലിന്യത്തിനൊപ്പം സമീപത്തെ തദ്ദേശ സ്ഥാപനങ്ങളിൽനിന്നുള്ള മാലിന്യവും ബ്രഹ്മപുരത്താണ് എത്തുന്നത്. അതുകൂടി സംസ്കരിക്കാൻ ഉതകുന്ന പ്ലാന്റാണ് സ്ഥാപിക്കുക. പ്ലാന്റിലേക്ക് കൊണ്ടുപോകുന്ന മാലിന്യത്തിന്റെ അളവ് പരമാവധി കുറക്കുന്നതിനാണ് ഉറവിട സംസ്കരണ സംവിധാനം ലക്ഷ്യമിടുന്നത്.
ജൈവ മാലിന്യം സംസ്കരിക്കുന്ന വാർഡ്തല പദ്ധതിക്ക് ഇടപ്പള്ളി ഉൾപെടുന്ന 36ാം ഡിവിഷനിൽ തുടക്കം കുറിച്ചു. ഇടപ്പള്ളി സൊസൈറ്റി ജങ്ഷനു സമീപം കടന്നുപോകുന്ന പാലത്തിന് താഴെയുള്ള പൊതുഭൂമിയാണ് ഇതിന് ഉപയോഗിക്കുക. ചുറ്റും അധികം വീടുകളില്ല. നാല് സെന്റ് ഭൂമിയിൽ ഇരുമ്പ് വേലികൾ തീർത്ത് മിനി മാലിന്യസംസ്കരന യൂനിറ്റ് സ്ഥിപിക്കും. ഫണ്ടിനായി കാത്തുനിൽകാതെ വാർഡ് കൗൺസിലർ അംബിക സുനർശനൻ മുൻകൈയെടുത്താണ് പദ്ധതിക്ക് തുടക്കമിടുന്നത്. 36ാം ഡിവിഷനിലെ ഭക്ഷണ വേസ്റ്റ് അടക്കമുള്ള ജൈവമാലിന്യം ഇവിടെ നിക്ഷേപിക്കും. ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേക്ഷൻ അവരുടെ മാലിന്യം കൊച്ചി കോർപറേഷനെ ഏൽപിക്കാതെ സ്വന്തം നിലയിൽ സംസ്കരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.