കൊച്ചി: പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങളിലും വാടക ഷെഡിലുമുള്ള അംഗൻവാടികൾ ഇനി മറന്നേക്കൂ, പുതിയ രൂപഭാവത്തോടെ, ചായവും ചമയവും പൂശി, കളിപ്പാട്ടങ്ങൾ നിറച്ച് ചന്തം തികഞ്ഞ അംഗൻവാടികൾ സംസ്ഥാനത്തുടനീളം ഒരുങ്ങുന്നു. വനിത ശിശുവികസന വകുപ്പിെൻറ നേതൃത്വത്തിൽ അംഗൻവാടികളെ ശിശുസൗഹൃദ-ശിശുപോഷണ കേന്ദ്രങ്ങളാക്കി മാറ്റുന്നതിെൻറ ഭാഗമായി ചായം (ചൈൽഡ് ഫ്രണ്ട്ലി അംഗൻവാടിസ് ഈൽഡഡ് ത്രൂ അഡോൺമെൻറ് ആൻഡ് മേക്കോവർ) എന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചത്. സംസ്ഥാനത്തെ 258 ഐ.സി.ഡി.എസിൽനിന്ന് സ്വന്തമായി കെട്ടിടങ്ങളും മെച്ചപ്പെട്ട സൗകര്യങ്ങളുമുള്ള ഒാരോ അംഗൻവാടികളെയാണ് തെരഞ്ഞെടുത്ത് പുതിയ മുഖംനൽകുന്നത്. ഓരോ അംഗൻവാടിക്കും രണ്ടു ലക്ഷം രൂപയെന്ന നിലക്ക് 5.16 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്.
മ്യൂസിക് സിസ്റ്റം, ഉയർന്ന നിലവാരത്തിലുള്ള ഫർണിച്ചർ, ആധുനിക സൗകര്യങ്ങളുള്ള അടുക്കള, ശിശുസൗഹൃദ ശുചിമുറി, ഔട്ട്ഡോർ വിനോദോപകരണങ്ങൾ, ഉറക്കമുറി, തുടങ്ങിയവ ഒരുക്കാനും ചിത്രങ്ങളും ശിൽപങ്ങളും കളിപ്പാട്ടങ്ങളുമെല്ലാം ഉപയോഗിച്ച് അംഗൻവാടി വർണാഭമാക്കാനും നിർദേശമുണ്ട്. അക്ഷരങ്ങളും അക്കങ്ങളും രൂപങ്ങളുമെല്ലാം പ്രദർശിപ്പിക്കുന്നതിലൂടെ പ്രീ-സ്കൂൾ ഘട്ടത്തിലുള്ള കുരുന്നുകളുടെ ബൗദ്ധിക വികാസമാണ് ലക്ഷ്യമിടുന്നത്.
കൂടുതൽ മലപ്പുറത്ത്, കുറവ് വയനാട്ടിൽ
പദ്ധതിയിൽ കൂടുതൽ അംഗൻവാടികൾ ഉള്ളത് മലപ്പുറം ജില്ലയിലാണ്-29 എണ്ണം. വയനാട്ടിൽ കുറവും-എട്ട് എണ്ണം. തിരുവനന്തപുരം-24,കൊല്ലം -21, ആലപ്പുഴ -15, പത്തനംതിട്ട-12, കോട്ടയം -15, ഇടുക്കി -13, എറണാകുളം- 23, തൃശൂർ-23, പാലക്കാട്-21, കോഴിക്കോട്-21, കണ്ണൂർ-21, കാസർകോട് -12 എന്നിങ്ങനെയാണ് ഓരോ ജില്ലയിലും തെരഞ്ഞെടുത്ത അംഗൻവാടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.