കൊച്ചി: അശ്രദ്ധമായും അമിതവേഗത്തിലും സർവിസ് നടത്തി അപകടങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ സ്വകാര്യ ബസുകളുമായി ബന്ധപ്പെട്ട് കർശന പരിശോധന നടത്താൻ അധികൃതർ. മോട്ടോർ വാഹന വകുപ്പും പൊലീസും ചേർന്ന് വെള്ളിയാഴ്ച മുതൽ വിവിധ സ്ഥലങ്ങളിൽ സംയുക്തമായി പരിശോധന നടത്തും. ബസുകൾ ഏതാനും ദിവസങ്ങളായി തുടർച്ചയായി അപകടങ്ങൾ സൃഷ്ടിച്ച് മനുഷ്യജീവനുകൾ കവരുന്ന സാഹചര്യം ഹൈകോടതിയുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് അഡ്വക്കറ്റ് ജനറലിന്റെ കാര്യാലയത്തിൽ സംയുക്ത യോഗം ചേർന്നിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കർശന പരിശോധനക്ക് തീരുമാനമെടുത്തത്. റോഡിന് ഇടതുവശം ചേർന്നല്ലാതെ നിർത്തി ആളെ കയറ്റുക, ഡോർ തുറന്നിട്ടനിലയിൽ വാഹനം ഓടിക്കുക, ലൈൻ ട്രാഫിക് പാലിക്കാതിരിക്കുക, ജങ്ഷനുകളിൽ ഫ്രീ ലെഫ്റ്റ് അനുവദിക്കാതെ നിർത്തുക, സൈലൻസ് സോണുകളിൽ തുടർച്ചയായി ഹോൺ അടിക്കുക, ഇടതുവശം ചേർന്ന് ഓവർടേക്ക് ചെയ്യുക, മത്സരയോട്ടം നടത്തി അപകടകരമായി മറ്റ് വാഹനങ്ങളെ ഓവർടേക്ക് ചെയ്യുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും തീരുമാനിച്ചു.
അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണകുറുപ്പ്, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ. ഷാജി, കൊച്ചി സിറ്റി ഡെപ്യൂട്ടി കമീഷണർ എസ്. ശശിധരൻ, സീനിയർ ഗവ. പ്ലീഡർ പി. സന്തോഷ് കുമാർ, ഗവ. പ്ലീഡർ കെ.വി. മനോജ് കുമാർ, ട്രാഫിക് വെസ്റ്റ് അസി. കമീഷണർ സി. യൂസഫ്, ട്രാഫിക് ഈസ്റ്റ് അസി. കമീഷണർ എ.എ. അഷറഫ്, എറണാകുളം ആർ.ടി.ഒ ജി. അനന്തകൃഷ്ണൻ, എൻഫോഴ്സ്മെന്റ് ആർ.ടി.ഒ എസ്.പി. സ്വപ്ന എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.