പെരുമ്പാവൂര്‍: ഓപറേഷന് ക്ലീന്‍ പദ്ധതിയുടെ ഭാഗമായി നടന്ന പരിശോധനയില്‍ അടഞ്ഞുകിടന്ന ഗോഡൗണില്‍ നിന്ന് രണ്ട് കോടി വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തി. ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എ.എസ്.പിയുടെ പ്രത്യേക ടീമാണ് പെരുമ്പാവൂര്‍ വല്ലം റയോണ്‍സ് കമ്പനിക്ക് സമീപമുള്ള ഗോഡൗണില്‍ റെയ്ഡ് നടത്തി 400ഓളം ചാക്ക് പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്.
തിരുവനന്തപുരം സ്വദേശിയായ അയ്യൂബ്ഖാന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണാണിത്. അയ്യൂബ് ഖാന്, വല്ലം സ്വദേശിയായ അബ്ദുള്‍ അസീസിനെ ഗോഡൗണ്‍ നോക്കി നടത്താന്‍ ഏല്‍പ്പിച്ചിരിക്കുകയായിരുന്നു. ഇയാളില്‍ നിന്ന് വല്ലം കുന്നത്താന്‍ വീട്ടില്‍ സുബൈറാണ് ഗോഡൗണ്‍ എടുത്തിരുന്നത്. പ്ലാസ്റ്റിക് കമ്പനിയുടെ മറവിലാണ് പുകയില ഉത്പന്നങ്ങള്‍ സ്റ്റോക്ക് ചെയ്തിരുന്നത്.കുറച്ചുനാളായി ഗോഡൗണ്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
രാത്രികാലങ്ങളിലാണ് ഗോഡൗണില്‍ വലിയ ലോറികളില്‍ പുകയില ഉത്പന്നങ്ങള്‍ എത്തിച്ചിരുന്നത്. അവിടെ നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചെറുകിട കച്ചവടക്കാര്‍ക്ക് എത്തിച്ച് നല്‍കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം മുടിക്കലിലുള്ള ഗോഡൗണില്‍ നിന്ന് 500 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളും സിഗരറ്റും പിടികൂടിയിരുന്നു. ഡി.വൈ.എസ്.പി പി.എം. ബൈജു, ഇന്‍സ്പെക്ടര്‍ ടി.എം. സൂഫി, സബ് ഇന്‍സ്പെക്ടര്‍മാരായ റിന്‍സ് എം. തോമസ്, പി.എം. റാസിഖ്, എ.എസ്.ഐ പി.എ. അബ്ദുല്‍ മനാഫ്, സീനിയര്‍ സി.പി.ഒമാരായ ടി.എ. അഫ്സല്, വര്‍ഗീസ് ടി. വേണാട്ട്, അജിത്ത് മോഹന്‍, എം.ബി. ജയന്തി, സന്ദീപ് എന്നിവരാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.