മട്ടാഞ്ചേരി: കൊച്ചിയുടെ പ്രിയ കലാകാരൻ പി.എം. അബുവിെൻറ വേർപാട് കലാസ്വാദകരെ ദുഃഖത്തിലാഴ്ത്തി. പ്രഫഷനൽ നാടകങ്ങളിലടക്കം കേരളത്തിലും ഗൾഫ് നാടുകളിലുമായി നിരവധി നാടകങ്ങളിൽ അഭിനയിച്ച അബുവിെൻറ കരിയറിലെ വഴിത്തിരിവായത് വൈക്കം മുഹമ്മദ് ബഷീറിനോട് സാമ്യമുള്ള കഥാപാത്രമാണ്. 'പക്ഷികൾ' എന്ന നാടകത്തിലെ ഈ വേഷം അബുവിനെ ശ്രദ്ധേയനാക്കി. ചലനത്തിലും സംസാരത്തിലും ബഷീറിനെ അനുകരിച്ച അബു നാടകവേദികളിൽ സംസാര വിഷയമായി.
ബഷീറിനെ കഥാപാത്രമാക്കി നാടകമെഴുതിയവർ പിന്നെ അബുവിനെ തേടി വന്നു. സ്വർണ മത്സ്യം, മുക്തി, സ്ത്രീധനം, സമർപ്പണം, മോചനം, എനിക്ക് ഗുസ്തി പഠിക്കേണ്ട, നിങ്ങൾക്കൊക്കെ ശാകുന്തളം മതി, നാളെ തുടങ്ങി ഒട്ടേറെ നാടകങ്ങളിൽ അബു തിളങ്ങി. മട്ടാഞ്ചേരി കരിപ്പാലത്തെ കലാസമിതി അവതരിപ്പിച്ച കുഴി വെട്ടി, കൊഴിഞ്ഞുവീണ പൂക്കൾ, ആയിഷ എന്നീ നാടകങ്ങളിൽ അഭിനയിച്ചാണ് അബു തുടക്കമിട്ടത്. പിന്നീട് വയലാർ നാടകവേദി, കൊച്ചിൻ ഹരിശ്രീ, ആറ്റിങ്ങൽ ദേശാഭിമാനി, അടൂർ ജയ തിയറ്റർ, ആശ കമ്യൂണിക്കേഷൻസ് തുടങ്ങി നിരവധി നാടകട്രൂപ്പുകളിൽ സ്ഥിരം സാന്നിധ്യമായി. വയലാർ നാടകവേദിയുടെ നാടകങ്ങളുമായി ഗൾഫ് പര്യടനം നടത്തിയ സംഘത്തിൽ സിനിമനടൻ തിലകനൊപ്പം അബുവും അഭിനയിച്ചു. നിയമസഭാംഗമായിരുന്ന ജോൺ ഫെർണാണ്ടസ് എഴുതിയ 'കൊല കൊല്ലി'യിലാണ് അവസാനമായി വേഷമിട്ടത്.
'കാപ്പിരി തുരുത്ത്' എന്ന സിനിമയിലും അഭിനയിച്ചു. പരസ്യ ചിത്രങ്ങളിലും അബുവിെൻറ മുഖം തെളിഞ്ഞു. കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം നൽകി ആദരിച്ചു. കൊച്ചിയിലെ കലാകാരന്മാരുടെ സംഘടനയായ ആശയുടെ പ്രസിഡൻറായിരുന്നു. സംസ്ഥാന സംഘടനയായ സവാക്കിെൻറ ജില്ല പ്രസിഡൻറുമായിരുന്നു. കൊച്ചി തുറമുഖ തൊഴിലാളി യൂനിയെൻറ സജീവ പ്രവർത്തകനായിരുന്ന അബു മികച്ച സംഘാടകൻ കൂടിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.