കൊച്ചി: ഹരിത കർമ സേനാംഗമെന്ന നിലക്ക് വീടുകളിൽ നിന്ന് ശേഖരിക്കുന്ന പാഴ് വസ്തുക്കളിൽ പലതും ചേരാനെല്ലൂർ ഇടയക്കുന്നത്ത് കൈനാട്ടുപറമ്പിൽ സുമതി കുമാരന് കരകൗശല വസ്തുക്കളൊരുക്കാനുള്ള സാമഗ്രികളായിരുന്നു. പൂക്കളും പൂപ്പാത്രങ്ങളുമെല്ലാം ഒരുക്കി ഒരുക്കി അവർ പിന്നീട് പാഴ് വസ്തുക്കൾ കൊണ്ടൊരു വഞ്ചി തീർത്തു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഹരിതകർമസേന സംഘടിപ്പിച്ച മത്സരത്തിൽ സംസ്ഥാനതലത്തിൽ മൂന്നാമതെത്തി നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ഈ 62കാരി. ഇതിനായി ആകെ ചെലവായത് കട്ടിയുള്ള സെല്ലോടാപ്പുകൾ വാങ്ങാനുള്ള 80 രൂപ മാത്രം.
എട്ടുവർഷമായി ഹരിതകർമ സേനാംഗമായ സുമതിക്ക് കരകൗശല വസ്തുക്കൾ നിർമിക്കാൻ വലിയ താൽപര്യമായിരുന്നു. ആ താൽപര്യം തന്നെയാണ് നാടറിയുന്ന ചങ്ങാട നിർമാണത്തിലെത്തിച്ചത്. വർഷങ്ങൾക്കു മുമ്പ് പ്ലാസ്റ്റിക് കുപ്പികളും മറ്റും ഉപയോഗിച്ച് സുമതി ഒരുക്കിയ ചങ്ങാടം അവസാന നിമിഷം പരാജയപ്പെട്ടതോടെ ആ ശ്രമം ഉപേക്ഷിച്ചു. പിന്നീട് മത്സരം പ്രഖ്യാപിച്ചപ്പോഴാണ് പഴയ മോഹം പൊടിതട്ടിയെടുത്തത്. മകൻ സുനിൽകുമാറിന്റെ മകൻ ഗൗതം ദേവിന്റെ കട്ട സപ്പോർട്ട് കൂടി ആയതോടെ പണി തുടങ്ങി. വലിയ സോഡാക്കുപ്പികൾ മൂന്ന് പാളികളായി അടുക്കി ഭദ്രമായി ഒട്ടിച്ചും മറ്റും വഞ്ചിയൊരുക്കി. തെർമോകോൾ, ചെറിയ ശീതളപാനീയ കുപ്പികൾ, പഴയ ബെഡ് കവറുകൾ, അങ്ങനെയങ്ങനെ വഞ്ചിയൊരുക്കാനുപയോഗിച്ചതെല്ലാം ഉപയോഗശൂന്യമായി ഒഴിവാക്കിയ സാധനങ്ങളായിരുന്നു. പണിയെല്ലാം കഴിഞ്ഞ് വീടിനടുത്തുള്ള ഇടയക്കുന്നത്ത് പുഴയിൽ നിന്ന് അക്കരെ വരെ പോയപ്പോൾ ഉണ്ടായ സന്തോഷവും അഭിമാനവും പറഞ്ഞറിയിക്കാൻ പറ്റാത്തതാണെന്ന് സുമതി പറയുന്നു.
എല്ലാത്തിനും പ്രോത്സാഹനവുമായി കൂടെ നിന്നത് വാർഡിലെ മുൻ മെമ്പർ ബെന്നി ഫ്രാൻസിസ്, ഹരിതകർമസേന കോഓഡിനേറ്റർ ആഷ്ന ജിബി എന്നിവരാണ്. ജോലിയുടെ ഭാഗമായി വീടുകളിൽ പോവാൻ വണ്ടിയുള്ളതിനാൽ വഞ്ചിയുടെ ആവശ്യം വരുന്നില്ലെങ്കിലും വീടിനടുത്തെ പുഴയിൽ ഇടക്കിടെ ഇറക്കാറുണ്ട്. അങ്ങനെയിരിക്കേയാണ് പുഴയിലൊഴുകി നടക്കുന്ന മാലിന്യങ്ങൾ പെറുക്കി വൃത്തിയാക്കാൻ തുടങ്ങിയത്. ഇതിനും പേരമകൻ ഒപ്പം വന്നു. ഇപ്പോഴിതൊരു സേവനമായി ഏറ്റെടുത്തിരിക്കുകയാണ് സുമതിയമ്മ.
വനിതാദിനത്തോടനുബന്ധിച്ച് താൻ പഠിച്ച സ്കൂളിന്റെ ഉൾപ്പെടെ നിരവധി ആദരങ്ങളും സുമതിയെ തേടിയെത്തി. പ്ലാസ്റ്റിക് കത്തിക്കരുത്, വലിച്ചെറിയരുത്; അത് നാടിനാപത്ത്, വീടിനാപത്ത്, വ്യക്തിക്കാപത്ത് എന്ന സന്ദേശമാണ് ഹരിതകർമസേനാംഗമെന്ന നിലയിൽ സുമതിക്ക് നൽകാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.