കൊച്ചി: ജനുവരി ഒന്നുവരെ നീളുന്ന കൊച്ചിൻ ഫ്ലവർ ഷോക്ക് മറൈൻ ഡ്രൈവിൽ തുടക്കമായി. 54000 ചതുരശ്ര അടിയിൽ ഒരുങ്ങുന്ന ഇന്ത്യയിലെ ഏറ്റവും വലിപ്പമുള്ള ഫ്ലവർ ഷോ ഇത്തവണ ഏറെ കൗതുകം നിറഞ്ഞതാണ്. ക്രിസ്മസ് ആഘോഷങ്ങൾക്ക് പുത്തൻ നിറം നൽകി ബ്രൊമിലിയാട്സ്, ജമന്തി എന്നിവ കൊണ്ടുള്ള ക്രിസ്മസ് ട്രീ കാഴ്ചക്കാരെ ഏറെ ആകർഷിക്കുന്നതാണ്.
ഹോളണ്ടിൽ നിന്നുള്ള ഏഴ് വ്യത്യസ്ത നിറങ്ങളിലും ഇനങ്ങളിലുമുള്ള കലാ ലില്ലി, പത്ത് നിറത്തിലും ഇനത്തിലും ഉള്ള പോയിൻസിറ്റിയ ഏറെ വ്യത്യസ്തത നിറഞ്ഞതാണ്. കലാ ലില്ലിയുടെ കിഴങ്ങ് ഹോളണ്ടിൽ നിന്നെത്തിച്ച് കേരളത്തിൽ വളർത്തിയെടുത്തതാണ്. കേരളത്തിൽ തന്നെ ആദ്യമായാണ് കലാ ലില്ലിയുടെ ഇത്രയും വിപുലമായ പ്രദർശനം.
നിലം തൊട്ട് നിൽക്കുന്ന ഇലകളുള്ള തായ്ലൻഡിൽ നിന്ന് കൊണ്ടുവന്ന ബോസ്റ്റൺ ഫേൺ സന്ദർശകർക്ക് ഏറെ കൗതുകം ഉണർത്തുന്നതാണ്. അയ്യായിരത്തിന് മുകളിൽ ഓർക്കിഡുകൾ, അഡീനിയം, ആന്തൂറിയം, റോസ്, വിവിധ നിറത്തിലുള്ള പൂക്കളുമായി വാർഷിക പൂച്ചെടികൾ, ബോൺസായ് ചെടികൾ, പലതരം സക്കുലന്റ് ചെടികൾ, പുഷ്പാലങ്കാരം, വെജിറ്റബിൾ കാർവിങ്, അമാരില്ലസ്, ഫ്യൂഷിയ, യുസ്റ്റോമ, അസ്സേലിയ തുടങ്ങി കാഴ്ചക്കാർക്ക് ചിരപരിചിതമല്ലാത്ത ഒട്ടേറെ ചെടികളും ഇത്തവണയുണ്ട്.
ജില്ല അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും ഗ്രേറ്റർ ജി.സി.ഡി.എയും സംയുക്തമായി സംഘടിപ്പിക്കുന്ന ഫ്ലവർ ഷോ കൊച്ചി മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള അധ്യക്ഷത വഹിച്ചു.
കലക്ടർ എൻ.എസ്.കെ. ഉമേഷ്, ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, കൊച്ചിൻ ഫ്ലവർ ഷോ ജനറൽ കൺവീനർ ടി.എൻ. സുരേഷ്, ഫ്ലവർഷോ വൈസ് പ്രസിഡന്റ് പ്രഫ. ജേക്കബ് വർഗീസ് കുന്തറ എന്നിവർ പങ്കെടുത്തു. രാത്രി ഒമ്പത് വരെയാണ് പ്രവേശനം. മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് 50 രൂപയുമാണ് പ്രവേശന ഫീസ്. ഗ്രൂപ്പായി വരുന്ന കുട്ടികൾക്ക് ഇളവുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.