കൊച്ചി: പരീക്ഷകളുടെയും ജോലിയുടെയുമൊക്കെ തിരക്കൊഴിഞ്ഞ്, ക്രിസ്മസ് അവധി ദിനങ്ങളിൽ നാട് കാണാനിറങ്ങുകയാണ് ജനം. സ്കൂൾ അവധി ദിനങ്ങൾ ആഘോഷമാക്കുന്നതിന് മുൻകൂട്ടി നിശ്ചയിച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് സന്ദർശനത്തിനെത്തുന്നവർ നിരവധിയാണ്. ജില്ലക്കുള്ളിൽ നിന്നും മറ്റ് ജില്ലകളിൽ നിന്നും ഇതിനോടകം നിരവധിയാളുകൾ എത്തിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ സഞ്ചാരികളുടെ എണ്ണം വർധിക്കുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്.
കൊച്ചിയിൽ പുതുവത്സരമാഘോഷിക്കാൻ എത്തുന്നതിന് നിരവധി പേർ ഇതിനോടകം നഗരത്തിലെ ഹോട്ടലുകൾ ബുക്ക് ചെയ്തുകഴിഞ്ഞു. കൊച്ചിൻ കാർണിവൽ, മലയാറ്റൂർ നക്ഷത്രത്തടാകം എന്നിവിടങ്ങളിലേക്കാണ് കൂടുതൽപേർ ഈ കാലയളവിൽ എത്താറുള്ളത്.
ഡിസംബർ മാസത്തിൽ ജില്ലയിലേക്കെത്തുന്നത് ലക്ഷക്കണക്കിന് സഞ്ചാരികളാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് നിന്ന് കൊച്ചിയിലേക്ക് എത്തുന്നവരിൽ കോഴിക്കോട്, തൃശ്ശൂർ, മലപ്പുറം ജില്ലക്കാരാണ് മുമ്പിൽ. മൂന്നാർ ഉൾപ്പെടെയുള്ള മേഖലകളിലേക്ക് പോകാനായി എത്തുന്നവരും കൊച്ചിയിലെ കാഴ്ചകൾ ആസ്വദിച്ചാണ് യാത്ര പൂർത്തീകരിക്കുന്നത്.
ക്രിസ്മസ്- പുതുവത്സരാഘോഷ ഭാഗമായി സഞ്ചാരികളുടെ മനംകവരാൻ മറൈൻഡ്രൈവിൽ വിപുലമായ ലൈറ്റിങ് ഒരുക്കുകയാണ് ടൂറിസം വകുപ്പ്. 24ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇതിന്റെ ഉദ്ഘാടനം നിർവഹിക്കും. കടമ്പ്രയാർ ടൂറിസം പദ്ധതിയുടെ ഭാഗമായി നിരവധി പരിപാടികളും നടക്കുന്നുണ്ട്.
24, 25, 31 തീയതികളിലാണ് പരിപാടികൾ. കൂടാതെ പുതുവത്സരത്തലേന്ന് ദർബാർഹാൾ ഗ്രൗണ്ടിൽ ആഘോഷ പരിപാടിയും നടക്കും. ചെറായി ബീച്ച് ഫെസ്റ്റ്, മലയാറ്റൂർ നക്ഷത്ര തടാകം എന്നിവയൊക്കെ വരും ദിവസങ്ങളിലെ ആകർഷക കാഴ്ചകളാകും.
തിരക്കേറെയായാലും കൊച്ചി നഗരക്കാഴ്ചകൾ യാത്രക്കാർക്ക് എന്നും പ്രിയപ്പെട്ടതാണ്. മറൈൻഡ്രൈവും സുഭാഷ് പാർക്കും ക്വീൻസ് വാക്ക് വേയും സഞ്ചാരികളാൽ നിറഞ്ഞുതുടങ്ങി. മംഗളവനം, ബോൾഗാട്ടി, ദർബാർ ഹാൾ ആർട്ട് ഗാലറി എന്നിവിടങ്ങളിലൊക്കെ സന്ദർശകർ വർധിക്കുന്നുണ്ട്. കൊച്ചി കാണാനെത്തുന്ന ഭൂരിഭാഗം സഞ്ചാരികളും ഇവിടം സന്ദർശിക്കാതെ മടങ്ങാറില്ല.
വ്യാപാര കേന്ദ്രങ്ങളായ ബ്രോഡ് വേയും എം.ജി റോഡും വിവിധ മാളുകളുമൊക്കെ സന്ദർശകരുടെ പ്രിയപ്പെട്ട ഇടങ്ങളാണ്. വൈകുന്നേരങ്ങളിൽ ഈ സ്ഥലങ്ങളിലെല്ലാം വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
കൊച്ചി മെട്രോയും ജലമെട്രോയും കായൽ യാത്രയുമൊക്കെ ആഭ്യന്തര, അന്താരാഷ്ട്ര സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. തിരക്കേറുന്നത് കണക്കിലെടുത്ത് പൊലീസും ടൂറിസം വകുപ്പും മുന്നൊരുക്കങ്ങൾ നടത്തുന്നുണ്ട്.
കൊച്ചി നഗരത്തിന് പുറത്ത് ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ വിനോദസഞ്ചാരികൾക്കായി വിസ്മയക്കാഴ്ചകളാണുള്ളത്. നഗരത്തിന് തൊട്ടടുത്തുള്ള തൃപ്പൂണിത്തുറയിൽ സ്ഥിതി ചെയ്യുന്ന ഹിൽപാലസിലേക്ക് എല്ലാ അവധിക്കാലത്തും നിരവധി സന്ദർശകരെത്തുന്നുണ്ട്.
ക്രിസ്മസ്- പുതുവത്സരാഘോഷങ്ങൾക്ക് കേരളത്തിലെ പ്രധാന കേന്ദ്രമായി കരുതുന്ന ഫോർട്ട്കൊച്ചിയാണ് പ്രധാന ആകർഷണം. പൈതൃക പെരുമ തേടിയെത്തുന്ന സഞ്ചാരികൾക്കായി മട്ടാഞ്ചേരിയും സജ്ജം. തിരക്കുകളിൽ നിന്നൊഴിഞ്ഞ് കിഴക്കൻ മേഖലയിലേക്ക് യാത്ര ആഗ്രഹിക്കുന്നവർ ഭൂതത്താൻകെട്ടിലെത്തുന്നുണ്ട്.
ചെറായി, കുഴുപ്പള്ളി, പുതുവൈപ്പ് തുടങ്ങിയ ബീച്ചുകളും സന്ദർശകരെ സ്വീകരിക്കുന്നു. പ്രകൃതിയുടെ മനോഹാരിതയിൽ വിസ്മയിപ്പിക്കുന്ന പാണിയേലി പോരും ഏഴാറ്റുമുഖം പ്രകൃതിഗ്രാമവും അരീക്കൽ വെള്ളച്ചാട്ടവും തട്ടേക്കാട് പക്ഷി സങ്കേതവും കോടനാടുമൊക്കെ യാത്രികരെ സ്വീകരിക്കുന്ന തിരക്കിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.