കിഴക്കമ്പലം: മലയിടംതുരുത്ത് നടക്കാവ് പര്യത്ത് കോളനി കുടിയൊഴിപ്പിക്കൽ നീക്കം പെരുമ്പാവൂർ മുൻസിഫ് കോടതി ഒക്ടോബർ ഒന്നുവരെ സ്റ്റേ ചെയ്തു. ഭൂമിയുടെ അവകാശിയായ മരിച്ച ലീലയുടെ മക്കളെ വ്യാഴാഴ്ച കോളനി പൊളിച്ചുനീക്കുമെന്ന വിവരം അറിയിച്ചിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് ഒക്ടോബർ ഒന്നിലേക്ക് കേസ് മാറ്റിയത്.
ഒരുവർഷം മുമ്പ് സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് കമീഷൻ ജയപാലിന്റെ നേതൃത്വത്തിൽ കോളനി പൊളിക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ പ്രതിഷേധത്തെതുടർന്ന് ഇവരുടെ പുനരധിവാസത്തിന് നാലുദിവസം സമയം കൊടുത്തിരുന്നു. തുടർന്ന് കോളനി നിവാസികൾ പെരുമ്പാവൂർ മുൻസിഫ് കോടതിയിൽനിന്ന് താൽക്കാലിക സ്റ്റേ വാങ്ങി. സ്റ്റേ കാലാവധി ബുധനാഴ്ച അവസാനിച്ചതോടെയാണ് വീണ്ടും കോളനി പൊളിക്കാനുള്ള നീക്കം ശക്തമാക്കിയത്.
വ്യാഴാഴ്ച രാവിലെതന്നെ എ.എസ്.പി മോഹിത് റാവത്തിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം കോളനിയുടെ സമീപത്ത് നിലയുറപ്പിച്ചിരുന്നു. പൊളിക്കാൻ നീക്കമുണ്ടായാൽ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് കോളനി നിവാസികളും പറഞ്ഞതോടെ പരിസരത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു. എന്നാൽ, ഉച്ചക്ക് 12ഓടെ സ്റ്റേ ഉത്തരവെത്തി. ഏഴ് പട്ടികജാതി കുടുംബങ്ങൾ ഉൾപ്പെടെ എട്ട് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.
50 വര്‍ഷംമുമ്പാണ് തന്റെ ഭൂമി പട്ടികജാതി വിഭാഗത്തിൽപെട്ട കാളുകുറുമ്പന് അന്യായമായി കൈയേറിയിരിക്കുന്നതായി ചൂണ്ടിക്കാട്ടി മലയിടംതുരുത്ത് കണ്ണോത്ത് ശങ്കരൻ നായര്‍ ഇവര്‍ താമസിക്കുന്ന ഭൂമിക്കെതിരെ രംഗത്തെത്തുന്നത്. പിന്നീട് ഈ ഭൂമിക്കുവേണ്ടിയുള്ള നിയമയുദ്ധങ്ങള്‍ സുപ്രീംകോടതി വരെ നീണ്ടെങ്കിലും വിധി എതിരായിരുന്നു. തങ്ങളുടെ മുത്തച്ഛനായിട്ട് ലഭിച്ച ഭൂമിയാണിതെന്ന് കാളുകുറുമ്പന്റെ മകന് അയ്യപ്പന് പറഞ്ഞു.
30 വര്‍ഷംമുമ്പാണ് 80 വയസ്സോളം പ്രായമുണ്ടായിരുന്ന തങ്ങളുടെ അച്ഛന് മരണമടയുന്നത്. അതിനും വര്‍ഷങ്ങള്‍ക്കുമുമ്പാണ് തങ്ങളുടെ കുടുംബങ്ങള്‍ താമസിക്കുന്ന ഭൂമി പൂര്‍വികരുടേതാണെന്ന് ചൂണ്ടിക്കാട്ടി കണ്ണോത്ത് ശങ്കരന് നായര്‍ നിയമനടപടികളുമായി കോടതികളെ സമീപിക്കുന്നത്. പിന്നീട് തന്റെ അച്ഛനും നിലനിൽപിനായി നിയമനടപടികളുമായി മുന്നോട്ട് പോയി. ഇതിനിടെ ശങ്കരന് നായരും മരണപ്പെട്ടു. അതോടെ ശങ്കരന് നായരുടെ പെണ്മക്കളുടെ മക്കളാണ് ഈ കേസ് ഏറ്റെടുത്ത് നടത്തിയതെന്ന് കോളനി നിവാസികൾ പറഞ്ഞു. എന്നാല്‍, സാമ്പത്തികമായി ഏറെ പിന്നാക്കംനിന്ന തന്റെ കുടുംബത്തിന് കേസുമായി മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ലെന്നും അയ്യപ്പന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.