കൊച്ചി: നഗരത്തിലെ അതിക്രമങ്ങൾ തടയുകയെന്ന ലക്ഷ്യമിട്ട് ഓപറേഷൻ ആഗുമായി പൊലീസ്. ഗുണ്ടകളുടെയും സ്ഥിരം കുറ്റവാളികളുടെയും വിളയാട്ടം അവസാനിപ്പിക്കാനാണ് ഓപറേഷന് ആഗ് എന്ന പേരിൽ പൊലീസ് പരിശോധന ആരംഭിച്ചത്.
ലഹരി മാഫിയ അതിക്രമങ്ങൾ, പൊലീസ് - മാഫിയ കൂട്ടുകെട്ട് തുടങ്ങിയവക്കെതിരെ പൊലീസ് നടപടികൾ ശക്തമാക്കിയത്. മോഷണം, ബലാൽസംഗം, ആയുധം കൈവശം വെക്കൽ, മയക്കുമരുന്ന് തുടങ്ങി 50ഓളം കേസുകളിലെ പ്രതിയെ കഴിഞ്ഞ ദിവസം ഓപറേഷൻ ആഗിന്റെ ഭാഗമായി കൊച്ചി സിറ്റി പൊലീസ് പിടികൂടിയിരുന്നു. വിയ്യപുരം നിരണം സ്വദേശി അനീഷ് കുമാറാണ് പിടിയിലായത്.
പ്രതി അംബേദ്കർ സ്റ്റേഡിയത്തിനടുത്ത് എത്തിയിട്ടുണ്ടെന്ന വിവരം കിട്ടി അവിടെയെത്തുമ്പോൾ പൊലീസിനെ കണ്ട് ഫുട്ബാൾ കളിക്കുന്ന കുട്ടികളുടെകൂടെ ഇയാൾ കൂടുകയായിരുന്നു. സംശയംതോന്നിയ പൊലീസ് പിടികൂടാൻ ഒരുങ്ങിയപ്പോൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. സാഹസികമായാണ് പിടികൂടിയത്.
ഒന്നര വര്‍ഷത്തിനിടെ സംസ്ഥാനത്ത് ഗുണ്ടകളുടെ എണ്ണത്തിൽ വർധനയുണ്ടായതായി കണക്കുകൾ. ഗുണ്ട പട്ടികയിൽ ഉൾപ്പെട്ടവരുടെ എണ്ണത്തിൽ 500ലധികം പേരാണ് വർധിച്ചത്. ശരാശരി 30 ഓളം കേസുകള്‍ മാസത്തില്‍ വര്‍ധിക്കുന്നുണ്ട്.
പൊലീസും ഗുണ്ടാ സംഘങ്ങളും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്ന വിമര്‍ശനങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ കൂടിയാണ് ഓപറേഷൻ ആഗുമായി രംഗത്ത് വന്നത്.
ഗുണ്ടകൾക്ക് സഹായം ചെയ്യുന്നവർ, സാമ്പത്തികമായി സഹായിക്കുന്നവർ എന്നിവരെയും കണ്ടെത്തുന്നുണ്ട്. അടുത്തിടെ ആളുകളെ വീട്ടില്‍ കയറി ആക്രമിക്കുന്നതും പൊതുനിരത്തിലിട്ട് കൊലപ്പെടുത്തുന്നതും മർദിക്കുന്നതും പിടിച്ചുപറിയും തട്ടിക്കൊണ്ടുപോകുന്നതും അടക്കം കേസുകൾ ലഹരിയുടെ ലഭ്യത ഇത്തരം സംഘങ്ങളിലേക്ക് യുവാക്കളെ ആകർഷിക്കുന്നുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ ചുണ്ടിക്കാട്ടുന്നു. ഇതിന്റെ ഭാഗമായി ലഹരിക്കേസുകളും പിടികൂടുന്നുണ്ട്.
ഗുണ്ട പട്ടിക ശേഖരിച്ച് അന്വേഷണം ഓപറേഷൻ ആഗിന് വേണ്ടി ഗുണ്ടകളുടെ പട്ടിക ഉണ്ടാക്കിയാണ് നടപടികൾ പുരോഗമിക്കുന്നത്. ജനങ്ങൾക്ക് സമാധാനത്തോടെ, പേടിയില്ലാതെ ജീവിക്കണം. അങ്ങനെയൊരു സാഹചര്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിലാണ് നടപടികൾ പുരോഗമിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കമ്മീഷണർമാർക്കാണ് ഓപറേഷന്റെ ഏകോപന ചുമതല. ഒളിവിലുള്ള പ്രതികളെ പിടിക്കുക, ക്രിമിനലുകളുടെ കേന്ദ്രങ്ങൾ പരിശോധിക്കുക, ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ നാടുകടത്തുക തുടങ്ങി നടപടികൾ ആഗിന്റെ ഭാഗമായി നടന്നുവരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.