പെരുമ്പാവൂര്‍: മാലിന്യം കെട്ടിക്കിടന്ന് തോട്ടിലെ ഒഴുക്ക് തടസ്സപ്പെടുന്നതായി പരാതി. വാഴക്കുളം പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പാലക്കാട്ടുതാഴം പെരിയാര്‍ തോടിലൂടെ ഒഴുകിവരുന്ന അറവ്-ആശുപത്രി മാലിന്യം, ചളി, മണ്ണ് എന്നിവമൂലം വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുകയാണ്. ഇതുമൂലം ജനവാസ മേഖലയായ അന്നാമറ്റം, ഗാന്ധിനഗര്‍, മുണ്ടക്കകടവ് ഭാഗങ്ങളിലെ കിണറുകള്‍ മലിനമാകുന്നു. അസഹ്യമായ ദുര്‍ഗന്ധം അനുഭവപ്പെടുന്നതിനാൽ പ്രദേശവാസികള്‍ ദുരിതത്തിലാണ്.
പ്രദേശത്ത് ഡെങ്കിപ്പനിയും മറ്റ് പകര്‍ച്ചവ്യാധികളും വ്യാപകമായതോടെ കലക്ടര്‍ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിരിക്കുകയാണ്. മാലിന്യം കെട്ടിക്കിടക്കുന്നതിനാല്‍ കൊതുക് പെരുകി പകര്‍ച്ചവ്യാധികള്‍ വ്യാപകമാകാന്‍ ഇടയുണ്ടെന്ന ആശങ്കയിലാണ് ജനങ്ങള്‍.
പാലക്കാട്ടുതാഴം മുതല്‍ പെരിയാര്‍ വരെ അടിയന്തരമായി മാലിന്യവും ചളിയും നീക്കി ശുചീകരിച്ച് നീരൊഴുക്ക് സുഗമമാക്കാനും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വാഴക്കുളം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ സുബൈറുദ്ദീന് ചെന്താരയും കോണ്‍ഗ്രസ് ഈസ്റ്റ് മുടിക്കല്‍ ബൂത്ത് പ്രസിഡന്റ് സലീം പുത്തുക്കാടനും പാലക്കാട്ടുതാഴം മഹാത്മ റെസിഡന്റ്സ് അസോസിയേഷനും ആരോഗ്യ മന്ത്രി, കലക്ടര്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍, പെരുമ്പാവൂര്‍ നഗരസഭ സെക്രട്ടറി, വാഴക്കുളം പഞ്ചായത്ത് സെക്രട്ടറി, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ എന്നിവര്‍ക്ക് പരാതി നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.