കൊച്ചി: ഉറവിട സംസ്കരണം, തരംതിരിച്ചുള്ള മാലിന്യശേഖരണം എന്നിവയിൽ നഗരസഭ പ്രദേശത്തെ മുഴുവൻ വീടുകളെയും സ്ഥാപനങ്ങളെയും പങ്കാളിയാക്കാനുള്ള പദ്ധതികൾക്ക് മന്ത്രി എം.ബി. രാജേഷ്, വ്യവസായമന്ത്രി പി. രാജീവ്, മേയർ എം. അനിൽകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗം രൂപംനൽകി.
ബ്രഹ്മപുരത്ത് പുതിയ വിൻഡ്രോ പ്ലാന്റ് നിർമാണം പൂർത്തിയാകുന്നതുവരെ വികേന്ദ്രീകൃതമായി സംസ്കരണം നടപ്പാക്കാനാണ് തീരുമാനം.
വികേന്ദ്രീകൃത സംസ്കരണ സംവിധാനം മേഖലാടിസ്ഥാനത്തിൽ വ്യാപകമാക്കും. അതിനാവശ്യമായ ചെറുകിട യന്ത്രസംവിധാനവും മറ്റു സൗകര്യങ്ങളും മേഖലാടിസ്ഥാനത്തിൽ സജ്ജമാക്കും.
എല്ലാ പ്രവർത്തനങ്ങളിലും മുഴുവൻ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും സഹകരണവും യോഗം ഉറപ്പാക്കി. ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ കെ.ജെ. മാക്സി, ടി.ജെ. വിനോദ്, കെ. ബാബു, ഉമ തോമസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
തദ്ദേശഭരണ മന്ത്രി നേരിട്ട് പങ്കെടുത്ത് പ്രവർത്തനങ്ങൾ വിലയിരുത്തുന്ന മേഖല യോഗങ്ങൾ തിങ്കളും ചൊവ്വയും നടക്കും. ആറ് മേഖലകളിലും ഉദ്യോഗസ്ഥരുടെയും തദ്ദേശ ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ മന്ത്രി പ്രവർത്തനങ്ങൾ പരിശോധിക്കും. വിവിധ സംഘടന പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തും.
നഗരത്തിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനെത്തിയ മന്ത്രി എം.ബി. രാജേഷ് തുടർന്നുള്ള രണ്ടുദിവസവും കൊച്ചിയിലുണ്ടാകും. വിവിധ ക്ലബുകൾ, റെസി. അസോസിയേഷൻ, കോളജുകൾ എന്നിവയുടെ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.