കൊച്ചി: കൗമാരപ്രതിഭകൾ മാറ്റുരക്കുന്ന ജില്ല ശാസ്ത്രോത്സവത്തിന് തുടക്കമായി. എസ്.ആർ.വി.ജി.വി.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
ടി.ജെ. വിനോദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്സാണ്ടർ, നഗരസഭ വിദ്യാഭ്യാസ സമിതി ചെയർമാൻ വി.എ. ശ്രീജിത്ത്, ഡിവിഷൻ കൗൺസിലർ പത്മജ എസ്. മേനോൻ, വി.എച്ച്.എസ്.ഇ അഡീഷനൽ ഡയറക്ടർ ലിസി ജോസഫ്, എറണാകുളം ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ഡിഫി ജോസഫ്, പ്രിൻസിപ്പൽ എ.എൻ. ബിജു, അധ്യാപക സംഘടന പ്രതിനിധികൾ സംസാരിച്ചു. വൊക്കേഷനൽ എക്സ്പോയുടെ ഉദ്ഘാടനം ടി.ജെ. വിനോദ് എം.എൽ.എ നിർവഹിച്ചു.
ലഹരിവിരുദ്ധ ബോധവത്കരണ ഭാഗമായി മാറമ്പള്ളി നുസ്രത്തുൽ ഇസ്ലാം വൊക്കേഷനൽ ഹയർ സെക്കൻഡറി വിദ്യാലയത്തിലെ എൻ.എസ്.എസ് വിദ്യാർഥികൾ ഫ്ലാഷ് മോബ് നടത്തി. നഗരത്തിലെ വിവിധ വിദ്യാലയങ്ങളിലായി നടക്കുന്ന ശാസ്ത്രോത്സവം വെള്ളിയാഴ്ച സമാപിക്കും.
വൈകീട്ട് അഞ്ചിന് സമാപന സമ്മേളന ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാനവിതരണവും എസ്. ആർ.വി.ജി.വി.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ ഹൈബി ഈഡൻ എം.പി നിർവഹിക്കും.
കൊച്ചി: ജില്ല ശാസ്ത്രോത്സവത്തിന്റെ ആദ്യദിനം സ്വന്തമാക്കി നോർത്ത് പറവൂർ ഉപജില്ല. 966 പോയൻറുമായാണ് നോര്‍ത്ത് പറവൂര്‍ ഉപജില്ല മുന്നിലെത്തിയത്. 818 പോയന്റുമായി അങ്കമാലിയാണ് രണ്ടാമത്.
790 പോയന്റുള്ള ആലുവ മൂന്നാമതുമാണ്. സ്കൂള്‍ വിഭാഗത്തില്‍ മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് എച്ച്.എസ്.എസ് 224 പോയന്റുമായി മുന്നിലുണ്ട്. 165 പോയന്റുമായി കോതമംഗലം സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് എച്ച്.എസ്.എസ് രണ്ടാമതുണ്ട്.
കിടങ്ങൂര്‍ സെന്റ് ജോസഫ്സ് എച്ച്.എസാണ് രണ്ടുപോയൻറ് വ്യത്യാസത്തില്‍ തൊട്ടുപിന്നില്‍. ഗണിതശാസ്ത്ര മേളയില്‍ മട്ടാഞ്ചേരി (125), ശാസ്ത്രമേളയില്‍ ആലുവ (58), സാമൂഹികശാസ്ത്ര മേളയില്‍ മൂവാറ്റുപുഴ (58), പ്രവൃത്തി പരിചയമേളയിലും (693), ഐ.ടി മേളയിലും (79) നോര്‍ത്ത് പറവൂര്‍ എന്നിങ്ങനെയാണ് ഉപജില്ലകൾ മുന്നിലെത്തിയിരിക്കുന്നത്. 116 മത്സരങ്ങളാണ് ആദ്യദിനം പൂര്‍ത്തിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.