ചൂർണിക്കര: ദേശീയപാതയിലെ തിരക്കേറിയ ചൂർണിക്കര കമ്പനിപ്പടി കവലയിൽ കാൽനടക്കാരുടെ ദുരിതം തുടരുന്നു. ദേശീയപാത നാലുവരിയാക്കിയ കാലം മുതൽ തുടങ്ങിയ ദുരിതത്തിന് പതിറ്റാണ്ടുകളായിട്ടും ഒരു പരിഹാരവുമായില്ല. വാഹന തിരക്ക് കൂടിവരുന്ന ദേശീയപാത മുറിച്ചുകടക്കാൻ കാൽനടക്കാർ പാടുപെടുകയാണ്. പരിഹാരമായി 2019 ഫുട് ഓവർബ്രിഡ്ജ് പദ്ധതിയുമായി പഞ്ചായത്ത് രംഗത്തുവന്നിരുന്നു. എന്നാൽ, പ്രഖ്യാപിച്ച് വർഷങ്ങളായിട്ടും യാഥാർഥ്യമായിട്ടില്ല. ലിഫ്റ്റോടെയുള്ള ഫുട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കാനാണ് ലക്ഷ്യമിട്ടത്. രൂപരേഖയും തയാറാക്കിയിരുന്നു.
അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്ന കമ്പനിപ്പടിയിൽ റോഡ് മുറിച്ചുകടക്കൽ സാഹസിക പ്രവൃത്തിയാണ്. പഞ്ചായത്ത് ഓഫിസ്, ഓഡിറ്റോറിയം, മെട്രോ സ്റ്റേഷൻ, നിരവധി വ്യാപാര സ്ഥാപനങ്ങൾ, വാഹനങ്ങളുടെയടക്കം വലിയ ഷോറൂമുകൾ തുടങ്ങിയവ കമ്പനിപ്പടിയിലുണ്ട്. അതിനാൽ ഇവിടെ തിരക്കേറെയാണ്. ഇടമുള പാലത്തിലേക്കുള്ള റോഡ്, കുന്നത്തേരി, തായിക്കാട്ടുകര ഭാഗങ്ങളിലേക്കുള്ള റോഡ് എന്നിവ ഈ കവലയിലാണ് ദേശീയപാതയിൽ സംഗമിക്കുന്നത്. ഈ ഭാഗങ്ങളിൽപോലും വേണ്ടത്ര വിസ്തൃതിയില്ല.
ദേശീയപാത വികസിപ്പിച്ചപ്പോൾ ഈ ഭാഗത്ത് ആവശ്യത്തിന് സ്ഥലം ഏറ്റെടുത്തിരുന്നില്ല. ഉള്ള സ്ഥലത്തുതന്നെ നാലുവരിയാക്കി മാറ്റുകയായിരുന്നു. അതിനാൽ തന്നെ മീഡിയനുപോലും വീതികുറവായിരുന്നു. മെട്രോ വന്നപ്പോൾ ഈ ഭാഗത്ത് റോഡ് മൂന്നുവരിപ്പാതയാക്കിയപ്പോഴും ആവശ്യത്തിന് സ്ഥലമെടുത്തില്ല. ഇതോടെ കടകളിൽനിന്ന് ഇറങ്ങുന്നതുപോലും റോഡിലേക്കാണ്.
ദേശീയപാതയിലൂടെ വാഹനങ്ങൾ അമിതവേഗത്തിലാണ് പായുന്നത്. മറ്റ് റോഡുകളിൽനിന്ന് ദേശീയപാതയിലേക്ക് കയറാനുള്ള വാഹനങ്ങൾക്ക് സുരക്ഷിതത്വം ലഭിക്കുന്നില്ല. ഇതേ പ്രശ്നമാണ് കാൽനടഫക്കാരും നേരിടുന്നത്. ദേശീയപാതയിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ദുരിതം ഇരട്ടിക്കാനിടയാക്കുന്നു. മീഡിയന് വീതികൂട്ടിയെങ്കിലും സൗകര്യം ഇല്ലാത്തതും പ്രശ്നമാകുന്നു. നിലവിൽ ഒരു മിനിറ്റിൽ 35-45 എന്ന തോതിലാണ് പകൽ ജനങ്ങൾ റോഡ് മുറിച്ച് കടക്കുന്നത്. അതിൽ 80 ശതമാനം സ്ത്രീകളും വിദ്യാർഥികളും വയോധികരുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.