ഫോർട്ട്കൊച്ചി: പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ഫോർട്ടുകൊച്ചി റസ്റ്റ് ഹൗസ് നവീകരണത്തിന്റെ ആദ്യ പടിയായി 1.45 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ഫോർട്ട്കൊച്ചി കടൽത്തീരത്തോട് ചേർന്ന ബ്രിട്ടീഷ് നിർമിത കെട്ടിടവും പുതിയ കെട്ടിടവുമടങ്ങുന്ന റസ്റ്റ് ഹൗസ് സമുച്ചയമാണ് നവീകരിക്കുന്നത്.
ഫോർട്ടുകൊച്ചി നവീകരണ പദ്ധതിയുമായി ബന്ധപ്പെട്ട് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്, കെ.ജെ. മാക്സി എം.എൽ.എ എന്നിവർ നേരത്തേ റസ്റ്റ്ഹൗസ് സന്ദർശനം നടത്തിയിരുന്നു. കൊളോണിയൽ കാലഘട്ടത്തിലെ അധികാരികളുടെ വിശ്രമ കേന്ദ്രമായിരുന്ന റസ്റ്റ്ഹൗസ് സ്വാതന്ത്ര്യാനന്തരം സർക്കാർ അതിഥിമന്ദിരമാക്കി മാറ്റുകയാ യിരുന്നു. കേരള വാസ്തു ശൈലിയിൽ രണ്ടു മുറി, അടുക്കള, അതിഥി മുറി എന്നിവയടങ്ങുന്ന പുരാതനകെട്ടിടത്തിലിരുന്നാൽ പരന്നു കിടക്കുന്ന കടപ്പുറവും കടൽ കാറ്റും ആസ്വദിക്കാമായിരുന്നു. പരമ്പരാഗത കെട്ടിടം 1962ൽ നവീകരിച്ചു. 1993ൽ ഇതിനോട് ചേർന്ന് മുന്ന് മുറികളും ഓഫീസും ഹാളുമടങ്ങുന്ന പുതിയ കെട്ടിടവും നിർമിച്ച് ആകർഷകമാക്കിയെങ്കിലും സുരക്ഷിതത്വമില്ലാത്തതും കുറഞ്ഞ സൗകര്യങ്ങളും ബുക്കിങ്ങ് തടസ്സങ്ങളും മൂലം വിനോദ സഞ്ചാരികൾ സർക്കാർ റസ്റ്റ്ഹൗസിനെ അവഗണിക്കാനിടയാക്കി. ചരിത്ര വിദ്യാർഥികളും വിദേശികളും ഫോർട്ടുകൊച്ചി റസ്റ്റ്ഹൗസിനെ ചരിത്രപഠന വിഷയമാക്കിയതോടെയാണ് പൊതുമരാമത്ത് വകുപ്പ് നവീകരിക്കുന്ന 30 റസ്റ്റ്ഹൗസ് പട്ടികയിൽ ഫോർട്ട്കൊച്ചി റസ്റ്റ് ഹൗസും ഉൾപ്പെടുത്തിയത്. രൂപരേഖ തയാറാക്കി പ്രവർത്തനങ്ങൾ ഉടൻ തുടങ്ങുവാനാണ് പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.