കൊച്ചി: മാലിന്യ ശേഖരണവും സംസ്കരണവും വ്യവസ്ഥാപിതമാക്കാൻ നഗരസഭ നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി നഗരത്തിൽ ഏപ്രിലോടെ ഹരിതകർമ സേനക്ക് രൂപംനൽകും. ആദ്യപടിയായി കൊച്ചിയിൽ മാലിന്യം ശേഖരിക്കുന്ന ആയിരത്തിലധികം തൊഴിലാളികളുടെ യോഗം ടൗൺ ഹാളിൽ വിളിച്ചുചേർത്തു. 2016ലെ ഖരമാലിന്യ നിയന്ത്രണ നിയമപ്രകാരം ജൈവമാലിന്യം ഉറവിടത്തിൽതന്നെ സംസ്കരിക്കുകയും തരംതിരിച്ച അജൈവമാലിന്യം ഹരിതകർമ സേന അംഗങ്ങൾ ശേഖരിക്കുകയുമാണ് വേണ്ടത്. കൊച്ചിക്ക് പരിചിതമല്ലാത്ത ഈ പ്രക്രിയ നിലവിലെ മാലിന്യശേഖരണ തൊഴിലാളികൾക്ക് പരിചയപ്പെടുത്തലായിരുന്നു യോഗത്തിന്റ ഉദ്ദേശ്യം. കുടുംബശ്രീ മിഷന്റെ സഹായത്തോടെയാണ് നഗരസഭ പുതിയ പദ്ധതിക്ക് തയാറെടുക്കുന്നത്. ആദ്യ പടിയായി മാലിന്യം തരംതിരിക്കേണ്ട രീതികളെക്കുറിച്ചും ശേഖരിക്കാവുന്ന മാലിന്യത്തെ സംബന്ധിച്ചും ഇവർക്ക് പരിശീലനം നൽകും. സ്വന്തം നിലയിൽ ഉറവിട മാലിന്യ സംസ്കരണ സംവിധാനം ഒരുക്കുന്നതു വരെ നഗരത്തിലെ വീടുകളിൽനിന്നുള്ള ജൈവമാലിന്യവും തൊഴിലാളികൾ ശേഖരിക്കും.
നിലവിൽ ശേഖരിക്കുന്ന മാലിന്യം തീപിടിത്തമുണ്ടാകുന്നത് വരെ നഗരസഭ വാഹനങ്ങളിൽ ബ്രഹ്മപുരത്തേക്ക് എത്തിക്കുകയായിരുന്നു പതിവ്. എന്നാൽ, ശാസ്ത്രീയമായ മാലിന്യ സംസ്കരണം പ്രാവർത്തികമാക്കുമ്പോൾ ഈ രീതിക്ക് മാറ്റംവരുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.