കൊച്ചി: വൈപ്പിൻകരയിലൂടെയായിരുന്നു ബുധനാഴ്ച യു.ഡി.എഫ് സ്ഥാനാർഥി ഹൈബി ഈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. പുലർച്ച ആറിന് കാളമുക്ക് ഹാർബറിൽനിന്നാണ് പ്രചാരണം തുടങ്ങിയത്. തോപ്പുംപടി ഹാർബറിൽ നടപ്പാക്കിയ വികസന പദ്ധതി ചൂണ്ടിക്കാട്ടിയ ഹൈബി തൊഴിലാളികളുടെ ആവശ്യങ്ങളും ചോദിച്ചറിഞ്ഞു.
തുടർന്ന് എളങ്കുന്നപ്പുഴ കർത്തേടം ഗുണ്ടു ഐലൻഡ് കയർ ഫാക്ടറിയിലെത്തി തൊഴിലാളികളുടെ പിന്തുണ തേടി. പരമ്പരാഗത തൊഴിൽമേഖലകൾ നേരിടുന്ന പ്രതിസന്ധികളും ചർച്ചയായി. തുടർന്ന് സ്നേഹതീരം വൃദ്ധ സദനത്തിലെത്തിയ ഹൈബി ഈഡൻ ഏറെസമയം അമ്മമാരുമൊത്ത് ചെലവിട്ടു. മാലിപ്പുറത്തെ ചെമ്മീൻ ഫാക്ടറിയിലെത്തിയ ഹൈബിയെ പീലിങ് തൊഴിലാളികൾ സ്വീകരിച്ചു.
വിജയാശംസകൾ നേർന്നാണ് അവർ യാത്രയാക്കിയത്. എം.പിയായിരിക്കെ വൈപ്പിൻ മണ്ഡലത്തിൽ നടപ്പാക്കിയ വികസന പദ്ധതികൾ ചൂണ്ടിക്കാട്ടിയായിരുന്നു ഹൈബിയുടെ പ്രചാരണം. വൈകീട്ട് പറവൂർ നിയോജകമണ്ഡലം കൺെവൻഷനിൽ പങ്കെടുത്തു. തുടർന്ന് പറവൂർ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ വോട്ടർമാരെ നേരിൽക്കണ്ടും സ്ഥാപനങ്ങൾ സന്ദർശിച്ചും പിന്തുണ തേടി.
കൊച്ചി: പൊതുപരിപാടികളൊഴിഞ്ഞ ദിനമായിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥി കെ.ജെ. ഷൈനിന് ബുധനാഴ്ച. വീടുകളിലും അയൽപക്കങ്ങളിലുമായി വോട്ടുചോദിച്ചെത്തിയ ഷൈൻ കോട്ടപ്പുറം ബിഷപ്സ് ഹൗസ് സന്ദർശിച്ചു. കണ്ണൂർ ബിഷപ് ഡോ. അലക്സ് ജോസഫ് വടക്കുംതലയുമായി സൗഹൃദസംഭാഷണം നടത്തി.
അദ്ദേഹത്തിന്റെ ആശീർവാദങ്ങളും ഏറ്റുവാങ്ങി. കോട്ടപ്പുറം രൂപത ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിലും സ്നേഹത്തോടെ സ്വീകരിച്ചു. ഇരുബിഷപ്പുമാരും വിജയാശംസകൾ നേർന്നു.
പറവൂർ തോന്ന്യകാവ് അംഗൻവാടിയിലെത്തിയ സ്ഥാനാർഥി കുട്ടികൾക്കൊപ്പം കൂട്ടുകൂടി. തിരക്കിനിടയിലും കുരുന്നുകൾക്കൊപ്പം കളിയും ചിരിയുമായി ഒത്തുചേർന്നത് ഏറെ ആസ്വാദ്യകരമായിരുന്നു. തോന്ന്യകാവിലെ ജനങ്ങളുടെ ഊഷ്മള സ്നേഹാഭിവാദ്യങ്ങൾ ഏറ്റുവാങ്ങിയാണ് മടങ്ങിയത്.
മട്ടാഞ്ചേരി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണം നാടെങ്ങും കൊഴുക്കുമ്പോൾ ഭിന്നശേഷിക്കാരുടെ പരിശീലന കേന്ദ്രമായ രക്ഷ സ്പെഷൽ സ്കൂളിൽ നടന്ന തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി. പോളിങ് സ്റ്റേഷനും, പോളിങ് ബൂത്തും, പ്രിസൈഡിങ് ഓഫിസർമാരും, സുരക്ഷാ ജീവനക്കാരുമടക്കം സാധാരണ വോട്ടിംഗ് സമയത്തെ എല്ലാ വിധ സജ്ജീകരണങ്ങളും ഒരുക്കിയായിരുന്നു വോട്ടെടുപ്പ്.
തങ്ങൾക്ക് വോട്ട് ചെയ്യാൻ തൊഴു കയ്യോടെ അഭ്യർത്ഥിച്ച് നിൽക്കുന്ന സ്ഥാനാർഥികൾക്ക് മുന്നിലൂടെ വരിയിൽ കാത്ത് നിന്നാണ് സ്കൂളിലെ വിദ്യാർത്ഥികൾ വോട്ട് ചെയ്തത്. സ്ഥാനാർഥികളും, വോട്ട് ചെയ്യാനെത്തിയവരും എല്ലാം ഭിന്നശേഷിക്കാരായിരുന്നു.
ഭിന്നശേഷിക്കാർക്കിടയിൽ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ജില്ല ഭരണകൂടം ഒരുക്കിയ സ്വീപ്പ് പദ്ധതിയുടെ ഭാഗമായാണ് രക്ഷ സ്കൂളിൽ തെരഞ്ഞെടുപ്പ് ഒരുക്കിയത്. 18 വയസ് പിന്നിട്ട വോട്ടവകാശമുള്ള 72 പേരാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. വോട്ടെണ്ണലും വിജയപ്രഖ്യാപനവും നടന്നു.
24 വോട്ട് നേടിയ ഗ്യാവിൻ ജോസഫ് വിജയിച്ച് രക്ഷയുടെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു. തൊട്ടടുത്ത എതിർ സ്ഥാനാർഥി അബിയമോളെ ആറ് വോട്ടിനാണ് പരാജയപ്പെടുത്തിയത്. ബോധവൽക്കരണ പരിപാടി കൊച്ചി തഹസിൽദാർ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. സ്വീപ്പ് ജില്ല കോഓഡിനേറ്ററും കൊച്ചി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാറുമായ ജോസഫ് ആന്റണി ഹെർട്ടിസ് പദ്ധതി വിശദീകരിച്ചു. രക്ഷ ചെയർമാൻ ഡബ്ലു.സി. തോമസ്, എലിസബത്ത് ഫിലിപ്പ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.