കൊച്ചി: ചൊവ്വാഴ്ച മൂന്നാം മോദി സർക്കാറിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കാനിരിക്കെ ഏറെ പ്രതീക്ഷയിലാണ് വ്യവസായ, മെട്രോ നഗരമായ കൊച്ചിയും എറണാകുളം ജില്ലയും. കൊച്ചി മെട്രോ, റെയിൽവേ, ടൂറിസം, വ്യവസായം, ആരോഗ്യം തുടങ്ങിയ പല മേഖലകളിൽ കേന്ദ്രത്തിന്റെ കൈത്താങ്ങ് ഇത്തവണയെങ്കിലും ഉണ്ടാകുമെന്ന പ്രത്യാശയിലാണ് ജില്ല.
കഴിഞ്ഞ വർഷത്തെ കേന്ദ്ര ബജറ്റിൽ കൊച്ചി മെട്രോയെക്കുറിച്ച് ഒരക്ഷരംപോലും പരാമർശിച്ചിരുന്നില്ല. ഇത്തവണ അത് ആവർത്തിക്കില്ല എന്നാണ് നഗരവാസികളുടെയും ബന്ധപ്പെട്ടവരുടെയും പ്രതീക്ഷ. നിലവിൽ രണ്ടാം ഘട്ടമായ കാക്കനാട്ടേക്ക് നീട്ടുന്നതിന്റെ നിർമാണ പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. 1957 കോടി രൂപയാണ് രണ്ടാം ഘട്ടത്തിന്റെ നിർമാണച്ചെലവ്. ഇതിൽ 338.78 കോടിയാണ് കേന്ദ്രവിഹിതം. 2022ലെ ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്. സ്ഥലമേറ്റെടുപ്പിനായി സംസ്ഥാന സർക്കാർ നേരത്തേതന്നെ 189 കോടി രൂപ അനുവദിക്കുകയും ഇതു പൂർത്തിയാക്കുകയും ചെയ്തിരുന്നു. കലൂർ സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോ പാർക്ക് വരെയുള്ള നിർദിഷ്ട പാതയിൽ 11 സ്റ്റേഷനാണുള്ളത്. 18 മാസത്തിനുള്ളിൽ രണ്ടാം ഘട്ടം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മെട്രോ എം.ഡി ലോക്നാഥ് ബെഹ്റ നിർമാണ പ്രവൃത്തികളുടെ ഉദ്ഘാടന വേളയിൽ വ്യക്തമാക്കിയിരുന്നു.
രണ്ടാംഘട്ടം പൂർത്തിയാകുന്നതിനൊപ്പം ആലുവയിൽനിന്ന് അങ്കമാലി, നെടുമ്പാശ്ശേരി റൂട്ടിലുള്ള മൂന്നാം ഘട്ടത്തിന്റെ കാര്യങ്ങളും ചർച്ചയിലുണ്ട്. ഈ സാഹചര്യത്തിൽ കേന്ദ്രവിഹിതമില്ലാതെ ഒന്നും ചെയ്യാനാവില്ല എന്നതിനാൽ ബജറ്റിൽ പര്യാപ്തമായ തുക അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.
കൊച്ചിയെന്നാൽ വ്യവസായത്തിന്റെ നാടാണ്. കേരളത്തിന്റെ വ്യവസായ തലസ്ഥാനം. അതുകൊണ്ടുതന്നെ കേന്ദ്ര ബജറ്റിൽ കൊച്ചിയുടെ വ്യവസായ, സംരംഭകത്വ മേഖലക്ക് പ്രത്യേക പ്രാധാന്യമുണ്ടാവുമെന്ന കാത്തിരിപ്പിലാണ് ഈ രംഗത്തുള്ളവർ. വമ്പൻ പദ്ധതികളൊന്നും ഇല്ലെങ്കിലും നിരാശപ്പെടുത്തില്ലെന്നാണ് പ്രതീക്ഷ. നിലവിൽ ജെൻ എ.ഐ കോൺക്ലേവ് ഉൾപ്പെടെ നടത്തി സ്റ്റാർട്ടപ്, ഫ്യൂച്ചർ ബിസിനസ് രംഗത്ത് കൊച്ചി രാജ്യത്ത് മുമ്പേ നടന്നവരായതിനാൽ കളമശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള സ്റ്റാർട്ടപ് മിഷനുൾപ്പെടെ കൂടുതൽ വികസന പദ്ധതികൾ എന്തെങ്കിലുമുണ്ടായേക്കാം. നിരവധി യുവ സംരംഭകർ ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. കൊച്ചി പോർട്ട് ട്രസ്റ്റ്, കൊച്ചിൻ ഷിപ്യാർഡ് തുടങ്ങിയ നഗരത്തിലെ വിവിധ പൊതുമേഖല സ്ഥാപനങ്ങളിലെ ബൃഹത് പദ്ധതികൾക്കായും കേന്ദ്ര ഫണ്ട് ആവശ്യമായി വരുന്നുണ്ട്.
ചെറുകിട വ്യവസായ മേഖലയും ഇൻഫോ പാർക്ക് ഉൾപ്പെടെ ഐ.ടി കമ്പനികളിലെ ജീവനക്കാരുമെല്ലാം ബജറ്റ് പ്രഖ്യാപനങ്ങളിൽ കണ്ണുനട്ടിരിക്കുകയാണ്.
ജില്ലയിലെ സുപ്രധാന ആരോഗ്യ കേന്ദ്രങ്ങളായ കളമശ്ശേരി ഗവ. മെഡിക്കൽ കോളജ്, അതിനോട് തൊട്ടുചേർന്നുള്ള കൊച്ചി കാൻസർ റിസർച്ച് സെന്റർ(സി.സി.ആർ.സി) എന്നിവയുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ ഇനിയും ഒട്ടേറെ കടമ്പകൾ കടക്കാനുണ്ട്. നിലവിൽ മെഡിക്കൽ കോളജിലെ സൂപ്പർ സ്പെഷാലിറ്റി കെട്ടിടത്തിന്റെയും കൊച്ചിൻ കാൻസർ സെന്റർ (സി.സി.ആർ.സി) കെട്ടിടത്തിന്റെയും നിർമാണം അന്തിമഘട്ടത്തിലാണ്. ഏകദേശം 450 കോടി രൂപയാണ് ഏഴുലക്ഷം ചതുരശ്ര അടിയിലുള്ള സി.സി.ആർ.സിയുടെ നിർമാണത്തിനുള്ള ചെലവ്, സൂപ്പർ സ്പെഷാലിറ്റി കെട്ടിടത്തിന് 350 കോടി രൂപയും. കെട്ടിട നിർമാണം പൂർത്തിയായാലും അത്യാധുനിക സൗകര്യങ്ങളുള്ള ചികിത്സ ഉപകരണങ്ങൾ പുറംരാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യാനും ആശുപത്രികളിൽ ഡോക്ടർമാരുൾപ്പെടെ നിരവധി ജീവനക്കാരെ നിയമിക്കാനും ഏറെ ചെലവുണ്ട്. ഇതു കൂടാതെ, ജില്ലയിലെ വിവിധ ആശുപത്രികൾ പലതരം അടിസ്ഥാന സൗകര്യ പ്രശ്നങ്ങളിൽ വീർപ്പുമുട്ടുന്നവയാണ്. ഇവക്കെല്ലാമുള്ള പരിഹാരം ബജറ്റിലുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ മേഖല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.