കൊച്ചി: ആലുവയിലെ ജല ശുദ്ധീകരണ പ്ലാന്റിൽനിന്ന് കുടിവെള്ള വിതരണത്തിന് വലിയ പൈപ്പുകൾ സ്ഥാപിച്ച റോഡുകളിലൂടെ വലിയ വാഹനങ്ങൾ കടത്തിവിടരുതെന്ന് ഹൈകോടതി. പൈപ്പ് ലൈൻ റോഡിലൂടെ വലിയ വാഹനങ്ങൾ കടത്തിവിടുന്നത് ചോദ്യം ചെയ്ത് ചേരാനല്ലൂർ സ്വദേശി ഉദയകുമാർ നൽകിയ ഹരജിയിലാണ് തമ്മനത്തെ ബൂസ്റ്റർ ടാങ്കിലേക്ക് വെള്ളം എത്തിക്കുന്ന വലിയ പൈപ്പുകളിട്ടിരിക്കുന്ന റോഡിലൂടെയുള്ള ഗതാഗതം സംബന്ധിച്ച് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.
വലിയ വാഹനങ്ങൾ കടന്നുപോകുന്നില്ലെന്ന് ഉറപ്പാക്കാൻ വാട്ടർ അതോറിറ്റി, പൊലീസ്, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയവർക്ക് നിർദേശവും നൽകി.
പൈപ്പ്ലൈൻ റോഡിന്റെ ഇരുവശത്തും വലിയ ഗോഡൗണുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും ഇവിടേക്ക് വലിയ വാഹനങ്ങൾ ചരക്കുമായെത്തുന്നത് പൈപ്പുകൾ പൊട്ടാനിടയാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്. 15 ലക്ഷത്തോളം ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്ന ഈ പൈപ്പ് ലൈൻ റോഡിന്റെ പലഭാഗത്തും ഹെവി വാഹനങ്ങളുടെ പ്രവേശനം നിയന്ത്രിച്ചിട്ടുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. ചിലയിടത്ത് റോഡിൽ ബസ് പെർമിറ്റും നൽകി. ഇതൊഴിവാക്കണമെന്ന ആവശ്യം മോട്ടോർ വാഹന വകുപ്പ് പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടി.
റോഡിന്റെ പ്രതലത്തിലുണ്ടാകുന്ന നേരിയ കമ്പനം പോലും പൈപ്പുകൾ പൊട്ടാനിടയാക്കുമെന്നും വാട്ടർ അതോറിറ്റി അറിയിച്ചു. തുടർന്നാണ് കോടതിയുടെ നിർദേശങ്ങളുണ്ടായത്.
വലിയ വാഹനങ്ങളുടെ ഗതാഗതം തടയാൻ പൈപ്പ് ലൈൻ റോഡിലേക്ക് മറ്റ് റോഡുകൾ ചേരുന്ന ഭാഗത്ത് മൂന്ന് മാസത്തിനകം ബാരിക്കേഡുകൾ സ്ഥാപിക്കണമെന്ന് കോടതി നിർദേശിച്ചു. ഉയരമുള്ള വാഹനങ്ങൾ കടന്നുപോകാതിരിക്കാൻ മൂന്ന് മാസത്തിനകം ക്രോസ് ബാറുകൾ സ്ഥാപിക്കുകയും ഇവ നശിപ്പിക്കുന്നില്ലെന്ന് പൊലീസും വാട്ടർ അതോറിറ്റിയും ഉറപ്പു വരുത്തുകയും വേണം. ഇതിനായി വാട്ടർ അതോറിറ്റിയുമായി ചേർന്ന് പൊലീസ് സി.സി ടി.വി കാമറകൾ സ്ഥാപിക്കണം.
ബാരിക്കേഡുകളും ക്രോസ് ബാറുകളും നശിപ്പിച്ചതായി പരാതി ലഭിച്ചാൽ പൊലീസ് ഉടൻ കേസ് രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിക്കണം. വലിയ വാഹനങ്ങൾക്ക് ഇതുവഴി പെർമിറ്റ് നൽകിയിട്ടില്ലെന്ന് മോട്ടോർ വാഹന വകുപ്പ് ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.