കൊച്ചി: കേരളത്തെ കണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ ദുരന്തത്തിൽ അതിജീവനത്തിന് കൈത്താങ്ങേകി ജില്ലയിലെ അഗ്നിരക്ഷാസേന. ഉരുൾപൊട്ടൽ ദുരന്തമുണ്ടായി മണിക്കൂറുകൾക്കകം കിലോമീറ്ററുകൾക്കപ്പുറത്ത് രക്ഷാകവചവുമായി പാഞ്ഞെത്തിയ ഔദ്യോഗിക സംവിധാനങ്ങളിൽ ജില്ലയിൽനിന്നുള്ള നൂറുകണക്കിന് അഗ്നിരക്ഷാ സേനാംഗങ്ങളും സിവിൽ ഡിഫൻസ് വളന്റിയർമാരുമുണ്ടായിരുന്നു.
മണ്ണിലും മലയിലുമെല്ലാം അവർ മനുഷ്യജീവനുകൾ തിരഞ്ഞു. ആർക്കും എത്തിപ്പെടാനാവാത്ത ദുർഘട മലയിടുക്കുകളിൽ അവർ സഞ്ചാരപാതയുണ്ടാക്കി. പ്രതികൂല കാലാവസ്ഥയും പരിചിതമല്ലാത്ത വഴികളും താണ്ടി ദുരന്തമുഖത്ത് നടന്ന സമാനതകളില്ലാത്ത രക്ഷാപ്രവർത്തനത്തിലാണ് ഇവരും പങ്കാളികളായത്.
ദുരന്തമുണ്ടായി മണിക്കൂറുകൾക്കകം സർക്കാർ നിർദേശമനുസരിച്ച് 50 അഗ്നിരക്ഷാ സേനാംഗങ്ങളാണ് ജില്ലയിൽനിന്ന് വയനാട്ടിലെ ദുരന്തഭൂമിയിലെത്തിയത്. അങ്കമാലി സ്റ്റേഷൻ ഓഫിസർ വിശ്വാസ്, നോർത്ത് പറവൂർ സ്റ്റേഷൻ ഓഫിസർ ജോസ് എന്നിവരായിരുന്നു നേതൃത്വം.
സമാനതകളില്ലാത്ത ദൃശ്യങ്ങൾക്കാണ് അവിടെ സാക്ഷ്യം വഹിച്ചത്. ഒരായുഷ്കാലം കൊണ്ട് സമ്പാദിച്ചതെല്ലാം നിമിഷങ്ങൾകൊണ്ട് തകർന്നടിഞ്ഞവർ, ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവർ, ദുരന്തത്തിന്റെ നടുക്കത്തിൽനിന്ന് മോചിതരാകാത്തവരടക്കം കണ്ണുനീരിന്റെ പേമാരിയായിരുന്നു അവിടം. ഇതിനിടയിലൂടെയായിരുന്നു പ്രവർത്തനം.
സൈന്യം എത്തുന്നതിന് മുമ്പുള്ള പ്രാഥമിക രക്ഷാപ്രവർത്തനങ്ങൾക്കെല്ലാം നേതൃത്വം നൽകിയത് അഗ്നിരക്ഷാസേനയായിരുന്നു. വിവിധ പ്രദേശങ്ങളിൽ കുടുങ്ങിയവരെ സാഹസികമായി രക്ഷപ്പെടുത്തിയതും സേനയായിരുന്നു. ഒപ്പം മണ്ണിനടിയിലായ മൃതദേഹങ്ങളുടെ വീണ്ടെടുപ്പ് തുടങ്ങി. ഊണും ഉറക്കവുമില്ലാത്ത പരിശ്രമങ്ങൾക്കൊടുവിലാണ് ഒന്നിന് ആദ്യസംഘം മടങ്ങിയത്.
രണ്ടാംഘട്ടത്തിൽ ജില്ലയിൽനിന്ന് സിവിൽ ഡിഫൻസ് വളന്റിയർമാരടക്കം 69 പേരാണെത്തിയത്. പട്ടിമറ്റം അഗ്നിരക്ഷാനിലയം ഓഫിസർ എൻ.എച്ച്. അസൈനാർ, പിറവം സ്റ്റേഷൻ ഓഫിസർ എ.കെ. പ്രഫുൽ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘത്തിൽ 32 പേർ സിവിൽ ഡിഫൻസ് ഫോഴ്സിൽ നിന്നുള്ളവരായിരുന്നു.
ഇതിൽ ഏഴുപേർ വനിതകളുമായിരുന്നു. ചൂരൽമല, അട്ടമല, വില്ലേജ്ഭാഗം അടക്കമുള്ള പ്രദേശങ്ങളിലായിരുന്നു ഇവരുടെ രക്ഷാദൗത്യം. ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ നടത്തിയ ദൗത്യത്തിനിടെ രണ്ടിന് രാവിലെ സംഘം ഒരു പുരുഷ മൃതദേഹം കണ്ടെത്തി. യാത്രാക്ലേശം നേരിട്ട ചൂരൽമല വില്ലേജ് ഓഫിസിൽനിന്ന് അട്ടമലയിലേക്ക് താൽക്കാലിക പാലം നിർമിച്ചതും സംഘത്തിൽപെട്ടവരടക്കം ചേർന്നായിരുന്നു.
മരങ്ങൾ ഉപയോഗിച്ചായിരുന്നു താൽക്കാലിക പാലം നിർമാണം. ഇതാണ് പിന്നീട് രക്ഷാപ്രവർത്തനത്തിൽ നിർണായകമായത്. സുൽത്താൻ ബത്തേരിയിലെ ക്യാമ്പിൽനിന്ന് ആറുമണിക്ക് ദുരന്തസ്ഥലത്തെത്തുന്ന സംഘം വൈകിയാണ് മടങ്ങിയിരുന്നത്. ഇവർ മടങ്ങിയെത്തിയതോടെ കല്ലൂർക്കാട് സ്റ്റേഷൻ ഓഫിസർ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോൾ ജില്ലയിൽനിന്ന് ദുരന്തമുഖത്തുള്ളത്.
ജില്ലയിൽ നിന്നുള്ള നാലാം ബാച്ച് ബുധനാഴ്ച വയനാട്ടിലെത്തുമെന്ന് ജില്ല ഫയർ ഓഫിസർ കെ. ഹരികുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. മൂന്നുദിവസമാണ് ഒരു ബാച്ച് ദുരന്തഭൂമിയിൽ തുടരുന്നത്. സർക്കാർ നിർദേശം വരുന്നതുവരെ ജില്ലയിൽനിന്നുള്ള സംഘം ദുരന്തഭൂമിയിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.