ചൂർണിക്കര: ചികിത്സയും മരുന്നും കൃത്യമായി ലഭിക്കാത്തതിനാൽ ചൂർണിക്കര കുടുംബാരോഗ്യ കേന്ദ്രം രോഗികൾക്ക് ഉപകാരപ്പെടുന്നില്ല. കുടുംബാരോഗ്യ കേന്ദ്രത്തിൽ മാസങ്ങളായി ആവശ്യത്തിന് ഡോക്ടർമാരും നഴ്സുമാരും ഇല്ല. ഷുഗർ പരിശോധന ലാബും അടച്ചുപൂട്ടി.
കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒന്നിലധികം ഡോക്ടർ വേണമെന്നാണ് നിയമമെങ്കിൽ ഇവിടെ ഒരാൾ മാത്രമാണ് ഉള്ളത്. നിത്യേന 200ഓളം ഒ.പി ഉണ്ടാകുമെങ്കിലും ആവശ്യത്തിന് ഡോക്ടർമാരും നഴ്സുമാരും ഇല്ലാത്തതിനാൽ രോഗികൾ മണിക്കൂറോളം കാത്തുനിൽക്കേണ്ടിവരുന്നു. വ്യാഴാഴ്ചകളിൽ വയോജനങ്ങൾക്ക് മരുന്ന് നൽകുന്ന ദിവസമാണ്. എന്നാൽ, ഒരു ഡോക്ടർ മാത്രമുള്ളതിനാൽ അന്നും മറ്റു രോഗികളുടെ തിരക്കുകുണ്ടാകും. ഇതു കാരണം വയോജനങ്ങളും ദുരിതമനുഭവിക്കുകയാണ്. ശുചീകരണ ജീവനക്കാരില്ല. ഹെൽത്ത് ഇൻസ്പെക്ടർമാരും ആവശ്യത്തിനില്ലാത്തതിനാൽ പഞ്ചായത്തിലെ രോഗികളുടെ ഏക ആശ്രയ കേന്ദ്രമായ ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം അവതാളത്തിലായിരിക്കുകയാണ്.
ശനിയാഴ്ചകളിൽ ആരോഗ്യ കേന്ദ്രത്തിൽ കൂടുതൽ രോഗികൾ എത്തുന്ന ദിവസമാണ്. എന്നാൽ, കഴിഞ്ഞ ശനിയാഴ്ച ഒ.പി ഉണ്ടാകില്ലെന്ന ബോർഡ് വെച്ച് ആരോഗ്യ കേന്ദ്രത്തിന്റെ ഗേറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. ഇതുമൂലം ചികിത്സ തേടിയെത്തിയ നൂറുകണക്കിന് രോഗികൾ വലഞ്ഞു.
ആശുപത്രിയിലെ പ്രശ്നങ്ങൾ ഉന്നയിച്ച് ഡി.എം.ഒക്കും മറ്റും പലതവണ പരാതി നൽകിയെങ്കിലും ഒരു പരിഹാരവും ഉണ്ടായിട്ടില്ലെന്ന് വാർഡ് അംഗം കെ.കെ. ശിവാനന്ദൻ ആരോപിച്ചു.
പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി വീണ ജോർജിനും അദ്ദേഹം പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.