തോപ്പുംപടി: മത്സ്യത്തൊഴിലാളി വിഭാഗത്തിലെ തൊഴിൽ അന്വേഷകർക്കായി കേരള നോളജ് ഇക്കണോമി മിഷൻ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന പ്രത്യേക വൈജ്ഞാനിക തൊഴിൽ പദ്ധതിയായ ‘തൊഴിൽ തീരം’ കൊച്ചി മണ്ഡലത്തിൽ നടപ്പിലാക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഉന്നതല ജനപ്രതിനിധി-ഉദ്യോഗസ്ഥ യോഗവും സംഘാടകസമിതി രൂപവത്കരണവും നടന്നു. കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എ. ശ്രീജിത് അധ്യക്ഷതവഹിച്ചു. കേരള നോളജ് മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല പദ്ധതി അവതരണം നടത്തി. കൊച്ചി മണ്ഡലത്തിലെ അഭ്യസ്തവിദ്യരായ മത്സ്യബന്ധന സമൂഹത്തിലെ ഉദ്യോഗാർഥികൾക്ക് കേരള നോളജ് ഇക്കോണമി മിഷന്റെ തൊഴിൽ നൈപുണ്യ പരിശീലനത്തിലൂടെ വൈജ്ഞാനിക തൊഴിൽ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യംവെക്കുന്നത്. പൈലറ്റ് പ്രവർത്തനങ്ങൾ കൊച്ചി മണ്ഡലം ഉൾപ്പെടെ, സംസ്ഥാനത്തെ ഒമ്പത് തീരദേശ മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്.
മത്സ്യത്തൊഴിലാളി വിഭാഗത്തിലെ 18നും 59നും ഇടയിലെ പ്ലസ് ടു മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർഥികളെ കണ്ടെത്തി തൊഴിൽ ലഭ്യത ഉറപ്പുവരുത്തും.
പ്രാദേശികതലത്തിൽ ബോധവത്കരണ പരിപാടികൾ, കമ്യൂണിറ്റി വളന്റിയർമാരെ തെരഞ്ഞെടുക്കൽ, പ്രാദേശിക സംഗമങ്ങൾ, തൊഴിൽ ക്ലബ് രൂപവത്കരണം എന്നിവ നടത്തും.യോഗത്തിൽ കേരള നോളജ് ഇക്കണോമി മിഷൻ ജില്ല പ്രോഗ്രാം മാനേജർ മിഥു പ്രസാദ് സ്വാഗതം പറഞ്ഞു. നോളജ് മിഷൻ ഉദ്യോഗസ്ഥരായ ഡൈവേഴ്സിറ്റി ഇൻക്ലൂഷൻ മാനേജർ പി.കെ. പ്രിജിത്, റീജനൽ മാനേജർ നീതു സത്യൻ എന്നിവർ പദ്ധതി വിശദീകരണം നടത്തി. ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. പ്രസാദ്, കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ്, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി, കുടുംബശ്രീ കൊച്ചി വെസ്റ്റ് സി.ഡി.എസ് ചെയർപേഴ്സൻ നബീസ ലത്തീഫ്, മത്സ്യഫെഡ് ഡയറക്ടർ ബോർഡ് മെംബർ പി.ബി ഡാളോ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.