നിർബന്ധിത കുമ്പസാരത്തിനെതിരായ നിയമ നടപടി; സഭക്കും സർക്കാറിനും തലവേദന

കൊച്ചി: മലങ്കര ഓർത്തഡോക്സ് സഭയിലെ കുമ്പസാരം നിർബന്ധമാണെന്നും ഇത് തടയണമെന്നും​ ആവശ്യപ്പെട്ട്​ നടക്കുന്ന നിയമനടപടി സഭാ നേതൃത്വത്തിനും സർക്കാറിനും തലവേദനയാകുന്നു. ഇതു സംബന്ധിച്ച സത്യവാങ്​മൂലം ഫയൽ ചെയ്യാൻ സഭയും സർക്കാറുകളും തയാറായിട്ടുമില്ല.

കണ്ടനാട് ഇടവകയിലെ മാത്യു ടി. മത്തച്ചൻ, പഴന്തോട്ടം ഇടവകയിലെ സി.വി. ജോസ് എന്നിവർ 2020 ഒക്ടോബർ അഞ്ചിനാണ് സുപ്രീംകോടതിയിൽ നിയമനടപടി ആരംഭിച്ചത്. 1934ലെ സഭാ ഭരണഘടനയുടെ ഏഴ്, 10, 11 വകുപ്പനുസരിച്ച് വർഷത്തിൽ ഒരിക്കലെങ്കിലും കുമ്പസാരം നടത്തി കുർബാന സ്വീകരിച്ച് കുടിശ്ശിക തീർക്കുന്ന 21 വയസ്സുള്ളവർക്ക് മാത്രമേ ഇടവക അംഗത്വത്തിനും പൊതുയോഗത്തിൽ പങ്കെടുക്കുന്നതിനും അധികാരമുള്ളൂ. ഇത് ഇന്ത്യൻ ഭരണഘടനക്ക് വിരുദ്ധമാണെന്നാണ് ഹരജിക്കാരുടെ ആരോപണം.

ഇതിനു തൊട്ടുപിന്നാലെ കുമ്പസാരത്തിനിടെ പുരോഹിതന് മുന്നിൽ മുട്ടുകുത്തിയിരിക്കണമെന്നും ഈ സമയം പുരോഹിതൻ ദേഹത്ത് സ്പർശിക്കുമെന്നും ഇത് നിയമവിരുദ്ധവും സ്ത്രീത്വത്തിന് നേരെയുള്ള അതിക്രമവുമാണെന്ന് ചൂണ്ടിക്കാട്ടി പഴന്തോട്ടം ഇടവകയിൽനിന്നുള്ള മേരി സാജു, ജീന സാജു എന്നിവരും ഹരജിയിൽ കക്ഷിചേർന്നു. സഭയിൽ ഭരണസമിതികളിലോ നോമിനേറ്റഡ് അംഗങ്ങളിലോ സ്ത്രീ പ്രാതിനിധ്യമില്ലെന്നതും ഇവർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

എന്നാൽ, കേസിൽ എതിർകക്ഷികളായ കേന്ദ്ര-സംസ്ഥാന സർക്കാറുകളും മലങ്കര ഓർത്തഡോക്സ് സഭയും രണ്ടു വർഷം പിന്നിടുമ്പോഴും എതിർസത്യവാങ്​മൂലം ഫയൽ ചെയ്തിട്ടില്ല. പ്രാരംഭഘട്ടത്തിൽ ഹരജിക്കാർ സഭാ അംഗങ്ങളല്ലെന്ന വാദമുയർത്തിയ സഭ വിശദസത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടെങ്കിലും സമർപ്പിച്ചിട്ടില്ല.

കഴിഞ്ഞ വെള്ളിയാഴ്ച ഹരജി ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നെങ്കിലും എതിർസത്യവാങ്​മൂലം സമർപ്പിക്കാത്തതിനാൽ വാദം നടന്നില്ല. ആർട്ടിക്കിൾ 32 പ്രകാരം ഫയൽ ചെയ്ത ഹരജി ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചാണ് പരിഗണിക്കുന്നത്.

നിയമനടപടിയെ നിസ്സാരവത്​കരിക്കുമ്പോഴും സഭാ ഭരണഘടനക്കെതിരെയായതിനാൽ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന നിലപാടിലാണ് ഓർത്തഡോക്സ് സഭ. സഭാ തർക്കത്തിൽ ഉൾപ്പെടെ കോടതികളിൽനിന്ന് ലഭിച്ച മേൽക്കൈ സഭാ ഭരണഘടനയെ അടിസ്ഥാനമാക്കിയായതിനാൽ അതിനെതിരായുണ്ടാകുന്ന ഇടപെടൽ പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്കയും ഇവർക്കുണ്ട്. ഏതായാലും ഹരജിയിൽ വിധി അനുകൂലമായാലും പ്രതികൂലമായാലും വലിയ പ്രതിഫലനമുണ്ടാക്കുമെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ.

Tags:    
News Summary - Malankara Orthodox Church News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.