കൊച്ചി: വൈവിധ്യങ്ങളുടെ ഡിസൈനുകൾ തീർത്ത് വസ്ത്രവിപണികൾ സജീവം.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വസ്ത്രവ്യാപാരം നടക്കുന്ന സീസണുകളിലൊന്ന് ഓണക്കാലമാണ്. അതുകൊണ്ടുതന്നെ ഉപഭോക്താക്കളുടെ മനസ്സിനിണങ്ങിയ ഫാഷനുകളും ഡിസൈനുകളുമായി ഓണത്തെ വരവേൽക്കുകയാണ് വസ്ത്രവ്യാപാരികൾ. പ്രളയവും കോവിഡുമെല്ലാം തീർത്ത വെല്ലുവിളികൾ മുൻകാലങ്ങളിൽ പ്രതിസന്ധി തീർത്തെങ്കിൽ ഇക്കുറി അതിനെയെല്ലാം മറികടക്കുന്ന രീതിയിലുള്ള കച്ചവടം ഓണക്കാലത്തുണ്ടാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
ഓണത്തെ വരവേൽക്കാൻ പുതുവസ്ത്രങ്ങൾ തേടി കൂട്ടമായാണ് പലരും വ്യാപാര കേന്ദ്രങ്ങളിലേക്കെത്തുന്നത്. ഇതോടെ കൊച്ചി നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയുമെല്ലാം വസ്ത്രവ്യാപാരശാലകളിൽ തിരക്കേറിത്തുടങ്ങി. ശനി, ഞായർ ദിവസങ്ങളിൽ പലയിടങ്ങളിലും അഭൂതപൂർവമായ തിരക്കാണനുഭവപ്പെട്ടത്.
പ്രവൃത്തിദിനങ്ങളിലാകട്ടെ, രാത്രികാലങ്ങളിൽ തിരക്കേറെയുണ്ട്. പരീക്ഷ കഴിയുന്ന ഈയാഴ്ച അവസാനത്തോടെ ജനങ്ങൾ കൂട്ടമായി വ്യാപാര കേന്ദ്രങ്ങളിലേക്കെത്തുമെന്നാണ് കണക്കുകൂട്ടൽ. ഇത് മുൻകൂട്ടിക്കണ്ട് പല സ്ഥാപനങ്ങളിലും പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ പേരെ ആകർഷിക്കാൻ ഉപഭോക്താക്കൾക്കായി പ്രത്യേക ഇളവുകളും സമ്മാനങ്ങളുമൊക്കെ പ്രഖ്യാപിക്കുന്നുമുണ്ട്.
ഓണം മലയാളികളുടെ ദേശീയ ഉത്സവമായതിനാൽ മലയാളത്തനിമയുള്ള വസ്ത്രങ്ങൾക്കാണ് ആവശ്യക്കാരെത്തുന്നത്. ഇത് മുൻകൂട്ടി കണ്ടാണ് വസ്ത്രവ്യാപാര സ്ഥാപനങ്ങളും ഒരുങ്ങിയത്.സെറ്റ് സാരി, സെറ്റ് മുണ്ട്, ദോത്തി, കുർത്ത അടക്കമുള്ള ഇനങ്ങൾക്കാണ് ആവശ്യക്കാരേറെയുള്ളത്.
ഈയിനങ്ങളുടെ വലിയ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. സ്ത്രീകൾക്കായി സെറ്റ് സാരികളുടെ വിവിധ ഡിസൈനുകളുള്ള വലിയ ശേഖരം തന്നെയെത്തിയിട്ടുണ്ട്. പുതുതായി ബോൾഗാ സാരിയടക്കമുള്ളവയുമുണ്ട്. കൂടാതെ ടിഷ്യൂ സാരി, കോപ്പർ, സിൽവർ, ഡബിൾഷെഡ്, ഫ്ലോറൽ പ്രിൻറ് അടക്കമുള്ളവയുമുണ്ട്. ദാവണിയും വിവിധ ഡിസൈനുകളിലും ഫാഷനുകളിലുമുള്ളവ വിപണിയിലെത്തിയിട്ടുണ്ടെന്ന് അങ്കമാലി ഓപ്ഷൻസ് ടെക്സ്റ്റൈൽസിലെ പർച്ചേസ് മാനേജർ പി. സജീർ പറയുന്നു. കൂടാതെ കുട്ടികൾക്കായി പട്ടുപാവാട, ദോത്തി, ഫ്രോക്ക്, കുർത്ത സെറ്റ് അടക്കമുള്ളവയും ഓണക്കച്ചവടം ലക്ഷ്യമാക്കി എത്തിയിട്ടുണ്ട്.
ഓണക്കാലം വ്യാപാര മേഖലയിൽ ഓഫറുകളുടെ പെരുമഴക്കാലമാണ്. പരമാവധി ഉപഭോക്താക്കളെ ആകർഷിക്കലാണ് ലക്ഷ്യം. വസ്ത്രവിപണിയിലും ഓഫറുകളുടെ പൂരമാണ്. ഏത് വരുമാനത്തിലുള്ളവരെയും തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് ആകർഷിക്കാൻ ഇതുവഴി സാധിക്കും. ഓണപ്പുടവകൾ 50 രൂപ മുതൽ ആയിരങ്ങൾ വിലവരുന്ന രീതിയിലാണ് പലയിടത്തെയും ക്രമീകരണം.
അതുകൊണ്ടുതന്നെ വസ്ത്രവ്യാപാര കേന്ദ്രത്തിലെത്തുന്ന ഏത് തരത്തിലുള്ള വരുമാനക്കാർക്കും നിരാശരായി മടങ്ങേണ്ടി വരില്ല. ഓഫറുകളോടൊപ്പം സമ്മാനക്കൂപ്പണുകളും പല സ്ഥാപനങ്ങളിലും ഏർപ്പെടുത്തിയിട്ടുണ്ട്.
കൊച്ചി: നിയോജകമണ്ഡല തലത്തിലുള്ള സപ്ലൈകോയുടെ ഓണം ഫെയറുകൾ ചൊവ്വാഴ്ച ആരംഭിക്കും. ഓരോ നിയോജകമണ്ഡലത്തിലെയും ഒരു സൂപ്പർ മാർക്കറ്റ് വീതമാണ് ഓണം ഫെയർ ആയി പ്രവർത്തിക്കുക. പെരുമ്പാവൂർ സൂപ്പർ മാർക്കറ്റ്, അങ്കമാലി പീപ്പിൾസ് ബസാർ, കോലഞ്ചേരി സൂപ്പർ മാർക്കറ്റ്, പിറവം ഹൈപർ മാർക്കറ്റ്, കോതമംഗലം സൂപ്പർ മാർക്കറ്റ്, മൂവാറ്റുപുഴ സൂപ്പർ മാർക്കറ്റ്, വൈപ്പിനിലെ നായരമ്പലം മാവേലി സ്റ്റോർ, പറവൂർ പീപ്പിൾസ് ബസാർ, കളമശ്ശേരി നീറിക്കോട് മാവേലി സ്റ്റോർ, തൃപ്പൂണിത്തുറ സൂപ്പർ മാർക്കറ്റ്, ആലുവ സൂപ്പർ മാർക്കറ്റ്, എറണാകുളം ഗാന്ധിനഗർ ഹൈപർ മാർക്കറ്റ്, കൊച്ചി ചുള്ളിക്കൽ പീപ്പിൾസ് ബസാർ, തൃക്കാക്കര വൈറ്റില സൂപ്പർ മാർക്കറ്റ് എന്നിവയാണ് നിയോജകമണ്ഡലം ഫെയറുകൾ ആയി പ്രവർത്തിക്കുക. ഓണം ഫെയറുകളിലും എല്ലാ സപ്ലൈകോ വിൽപനശാലകളിലും നിത്യോപയോഗ സാധനങ്ങൾക്ക് 45 ശതമാനം വരെ വിലക്കുറവുണ്ട്. ശനിയാഴ്ച വരെയാണ് സപ്ലൈകോ ഓണം ഫെയറുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.