കൊച്ചി: ‘‘അപ്പാ, എങ്ങനെയെങ്കിലും നമുക്കിത്തിരി സ്ഥലം വാങ്ങി വീടുവെക്കണം. ആ ആഗ്രഹം നടക്കാൻ ഞാനും ഇറങ്ങാം ഫുഡ് വിൽക്കാൻ...’’ കൊച്ചി വെണ്ണല അംബേദ്കർ റോഡിൽ വാടകക്ക് താമസിക്കുന്ന മലയത്ത് വീട്ടിൽ ഏഞ്ചലിനോട് മകൻ എഡിസന്റെ വാക്കുകളായിരുന്നു ഇത്. പറയുക മാത്രമല്ല, അമ്മയും അപ്പനും ചേർന്നുണ്ടാക്കുന്ന ഭക്ഷണം വിൽക്കാനായി അവൻ പാലാരിവട്ടത്തെ തിരക്കേറിയ റോഡരികിലേക്ക് ഇറങ്ങുകയുംചെയ്തു.
വൈറ്റിലയിൽനിന്ന് ഇടപ്പള്ളിയിലേക്ക് പോവുമ്പോൾ പാലാരിവട്ടം ഫ്ലൈഓവറിനു കീഴെയാണ് എഡിസൺ ഏഞ്ചലെന്ന 13 വയസ്സുകാരനെ കണ്ടുമുട്ടുക. അവന്റെ കൈയിൽ അബിൻസ് ഹോംലി ഫുഡ് എന്നെഴുതിയ ബാനറോ നെയ്ച്ചോറും ചിക്കൻ കറിയുമടങ്ങിയ പൊതിയോ കാണും. സ്കൂൾ വിട്ടശേഷവും അവധി ദിനങ്ങളിലുമെല്ലാം കച്ചവടത്തിൽ സജീവമാണ് വെണ്ണല ഗവ. എച്ച്.എസ്.എസിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന എഡിസൺ.
ഓരോ ദിവസവും കച്ചവടത്തിന്റെയും സാധനങ്ങൾ വാങ്ങിയതിന്റെയും ഉൾപ്പെടെ കണക്കു നോക്കുന്നതും എഴുതിവെക്കുന്നതുമെല്ലാം അവൻ തന്നെ. വൈകുന്നേരങ്ങളിൽ കൂട്ടുകാരൊക്കെ കളിക്കാൻ പോവുന്ന സമയത്ത് അവൻ ഭക്ഷണപ്പൊതിയുമായി റോഡിലുണ്ടാകും. ഇതിനെല്ലാം പിന്നിൽ ഒറ്റ ലക്ഷ്യം മാത്രം; ഏറെക്കാലമായി വാടകവീട്ടിൽ കഴിയുന്ന കുടുംബത്തിന് സ്വന്തമായി ഒരു വീടുവേണം.
ജന്മനാ കാലിന് ചെറിയ വളവുണ്ടായിരുന്ന, നടക്കാൻ പ്രയാസമുള്ള ഏഞ്ചലിന് നേരത്തേ മരപ്പണിയായിരുന്നു, ജോലി കുറഞ്ഞതോടെയാണ് വീട്ടിൽ ഭക്ഷണമുണ്ടാക്കി വിറ്റാലോ എന്ന ചിന്തയിലെത്തിയത്. ഭാര്യ എലിസബത്തിനും മക്കളായ പ്ലസ് ടു വിദ്യാർഥി അബിനും എഡിസനും ഒപ്പംചേർന്ന് കച്ചവടം തുടങ്ങി. നെയ്ചോർ- ചിക്കൻ കറി, ഊണ്-മീൻകറി എന്നിവയുടെ പൊതിയാണ് വിൽക്കുന്നത്.
എഡിസന്റെ കച്ചവടത്തെക്കുറിച്ചറിയുന്ന കൂട്ടുകാരും അധ്യാപകരുമെല്ലാം പിന്തുണയുമായി കൂടെയുണ്ട്. ചില കൂട്ടുകാർ വീട്ടിൽ വന്ന് ഭക്ഷണം വാങ്ങാറുമുണ്ട്. കൂടാതെ, റോഡരികിലും തനിക്ക് ചില സ്ഥിരം കസ്റ്റമേഴ്സ് ഉണ്ടെന്ന് എഡിസൻ പറയുന്നു. ഐ.പി.എസ് ഓഫിസറോ ഷെഫ് പിള്ളയെപ്പോലെ അറിയപ്പെടുന്ന ഷെഫോ ആവാനാണ് ഈ മിടുക്കന് ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.