കൊച്ചി: മാലിന്യം നിറഞ്ഞ വഴിയരികുകൾകൊണ്ട് നഗരവാസികൾ പൊറുതിമുട്ടുമ്പോൾ വാദപ്രതിവാദത്തിൽ കോർപറേഷൻ ഭരണ, പ്രതിപക്ഷാംഗങ്ങൾ. കരാറുകാരും ഉദ്യോഗസ്ഥരും അടങ്ങുന്ന ചിലയാളുകളിലേക്ക് നഗരഭരണം ഒതുങ്ങിയെന്ന് ഭരണപക്ഷത്തുനിന്ന് ആരോപണം. ഇതിനെതിരെ കടുത്ത താക്കീതുമായി മേയർ എം. അനിൽകുമാറും രംഗത്തെത്തി.
ബ്രഹ്മപുരത്ത് അടുത്തിടെ നടത്തിയ സന്ദർശനത്തിൽ മനസ്സിലാക്കിയത് അവിടെ മാലിന്യ സംസ്കരണം നടക്കുന്നില്ലെന്നാണെന്ന് പ്രതിപക്ഷം ഉന്നയിച്ചു. ബയോ മൈനിങ് കാര്യക്ഷമമല്ല. മാലിന്യ സംസ്കരണ പ്ലാന്റ് ഇടിഞ്ഞുവീണു പോയെന്ന് പ്രതിപക്ഷാംഗം ആന്റണി പൈനുംതറ ചൂണ്ടിക്കാട്ടി. 16 കോടി രൂപ പുതിയ കമ്പനിക്ക് നൽകിയെന്ന് പറയുമ്പോൾ രണ്ടുകോടിയുടെ യന്ത്രം മാത്രമാണ് വന്നത്. പഴയ മാലിന്യക്കൂമ്പാരത്തിന് മുകളിൽ പുതിയത് കൊണ്ടുവന്ന് തള്ളുകയാണെന്ന് വി.കെ. മിനിമോളും പറഞ്ഞു.
കുടിവെള്ള പ്രശ്നവും കൊതുകുംകൊണ്ട് നഗരവാസികൾ പൊറുതിമുട്ടുകയാണെന്നും കോർപറേഷൻ ഭരണത്തിന് എതിരെയുള്ള വികാരംകൂടിയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ പരാജയത്തിൽ കണ്ടതെന്നും അവർ വിവരിച്ചു. തന്നെപ്പോലും നോക്കുകുത്തിയാക്കി ഉദ്യോഗസ്ഥ തലത്തിൽ തീരുമാനങ്ങൾ എടുക്കുകയാണെന്ന് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷ്റഫ് ആരോപിച്ചു.
തെരഞ്ഞെടുക്കപ്പെട്ട കൗൺസിലിനെ നോക്കുകുത്തിയാക്കി ഉദ്യോഗസ്ഥരാണ് മാലിന്യ സംഭരണത്തിൽ പുതിയ തീരുമാനങ്ങൾ നടപ്പാക്കുന്നത്. കുമ്മായവും ബ്ലീച്ചിങ് പൗഡറും കൊതുകിനെ തുരത്താനുള്ള മരുന്നുപോലും സ്റ്റോക്കില്ല.
വീടുകളിൽനിന്ന് പേപ്പറും ഡയപ്പറും പോലുള്ളവ ശേഖരിക്കില്ലെന്ന് ഏകപക്ഷീയമായി ഉദ്യോഗസ്ഥരാണ് തീരുമാനിച്ചത്. ഇതിൽ മേയർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചില കരാറുകാരും ഉദ്യോഗസ്ഥരും ചേർന്ന സംഘമാണ് നഗര ഭരണത്തിന്റെ പ്രതിച്ഛായ തകർക്കുന്നതെന്ന് ഭരണപക്ഷാംഗം കൂടിയായ സി.എ. ഷക്കീറും ചൂണ്ടിക്കാട്ടി.
ഡിവിഷൻ തലത്തിൽ പ്രവൃത്തികൾക്ക് പണമില്ലെന്ന് പറയുകയും പൊതുഫണ്ടിൽനിന്ന് 30 കോടിക്ക് മുകളിൽ ചെലവഴിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് ഹെൻട്രി ഓസ്റ്റിൻ വ്യക്തമാക്കി.
ബ്രഹ്മപുരം പ്രശ്നത്തിൽ മാസ്റ്റർ പ്ലാൻ തയാറാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി: മാലിന്യ സംഭരണത്തിൽ നിബന്ധനകൾ ഏർപ്പെടുത്തിയ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉടൻ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ യോഗം വിളിക്കുമെന്ന് മേയർ എം. അനിൽകുമാർ അറിയിച്ചു. അഡീനഷനൽ ചീഫ് സെക്രട്ടറിയെ കൂടി ഉൾപ്പെടുത്തി അവലോകന യോഗം ചേരും.
ചില കരാറുകാർക്കായി ബില്ലുകൾ മാറുന്നതിന് വേഗം കൂട്ടുന്ന പ്രവണത അംഗീകരിക്കില്ല. എല്ലാ മേഖലയിലെയും ടെൻഡറിൽ പങ്കെടുക്കുന്ന തോന്ന്യവാസം ചില കരാറുകാർക്കുണ്ട്. ബ്രഹ്മപുരത്ത് എത്രയും വേഗം മാലിന്യസംസ്കരണ കേന്ദ്രവും അവിടേക്ക് റോഡുകളും നിർമിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം നഗരത്തിലെ മാലിന്യപ്രശ്നം അതിരൂക്ഷമാകും. ബയോമൈനിങ്ങിന് ടെക്നിക്കൽ കമ്മിറ്റിയുടെ വിലയിരുത്തലിന് ശേഷം മാത്രമേ പണം അനുവദിക്കൂ. നിലവിൽ നഗരസഭയുടെ ഫണ്ട് അല്ല, സംസ്ഥാന സർക്കാർ നൽകിയ തുകയാണ് ബ്രഹ്മപുരത്ത് ചെലവഴിച്ചതെന്നും മേയർ പറഞ്ഞു.
കൊച്ചി: ജൈവമാലിന്യ സംസ്കരണത്തിനായി ബ്രഹ്മപുരത്ത് നിർമിക്കുന്ന പുതിയ വിൻഡ്രോ കമ്പോസ്റ്റ് പ്ലാന്റിന്റെ പദ്ധതിരേഖ (ഡി.പി.ആർ) കോർപറേഷൻ കൗൺസിലിൽ അവതരിപ്പിച്ചു. മെഷീനറികൾ ഉൾപ്പെടെ പ്ലാന്റ് നിർമാണത്തിനായി 60 കോടി രൂപ ചെലവുവരുമെന്നാണ് കണക്കാക്കുന്നത്. 45.8 കോടി രൂപയെന്നാണ് ആദ്യം പറഞ്ഞിരുന്നത്. പ്രവേശന കവാടത്തോടു ചേർന്നുള്ള പത്തേക്കറിലാണ് പുതിയ പ്ലാന്റ് സ്ഥാപിക്കുന്നത്.
150 മീറ്റർ നീളവും 90 മീറ്റർ വീതിയുമുള്ള പ്ലാന്റിന് 300 ടൺ ജൈവമാലിന്യം സംസ്കരിക്കാൻ ശേഷിയുണ്ട്. 13,500 ചതുരശ്ര അടി സ്ഥലത്താണ് ഇതു നിർമിക്കുന്നത്. 40 കോടി മെഷീനുകൾക്കും വാഹനങ്ങൾക്ക് 10 കോടി, ലീച്ചെറ്റ് പ്ലാന്റിന് 10 കോടി എന്നിങ്ങനെയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. എസ്റ്റീം ഡെവലപ്പേഴ്സാണ് ഡി.പി.ആർ തയാറാക്കിയത്. അതേസമയം, ബ്രഹ്മപുരത്ത് മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന ആധുനിക പ്ലാന്റ് നിർമിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിൽ പുതിയ പ്ലാന്റിന് വേണ്ടി ഭീമമായ തുക ചെലവഴിക്കുന്നതിൽ പ്രതിപക്ഷം ആശങ്ക അറിയിച്ചു.
എന്നാൽ, ആധുനിക പ്ലാന്റിന് സർക്കാർ അനുമതി നൽകിയിട്ടുണ്ടെങ്കിലും അത് യാഥാർഥ്യമാക്കാൻ കാലതാമസമെടുക്കുമെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു. നിലവിലുള്ള പ്ലാന്റിനെ ആശ്രയിച്ച് മാലിന്യസംസ്കരണം ദീർഘകാലം തുടരാൻ കഴിയാത്തതിനാൽ പുതിയ പ്ലാന്റിന്റെ കാര്യത്തിൽ അടയന്തര തീരുമാനമുണ്ടാകണമെന്നും മേയർ പറഞ്ഞു. വിശദമായ ചർച്ച ആവശ്യമാണെന്ന പ്രതിപക്ഷത്തിന്റെ അഭിപ്രായം കണക്കിലെടുത്ത് ഇതുസംബന്ധിച്ച അജണ്ട അടുത്ത കൗൺസലിലേക്ക് മാറ്റിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.