എ​റ​ണാ​കു​ളം പാ​ലാ​രി​വ​ട്ട​ത്ത് തൃ​ക്കാ​ക്ക​ര മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ന്റെ വേ​ദി​യി​ലെ​ത്തി​യ കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​വി. തോ​മ​സ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മൊ​ത്ത് ന​ർ​മം പ​ങ്കി​ടു​ന്നു. എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ. ​ജോ ജോ​സ​ഫ് സ​മീ​പം

ചിത്രം: പി. ​അ​ഭി​ജി​ത്ത്

തൃക്കാക്കരയിൽ 'ക്യാപ്റ്റൻസി' ഏറ്റെടുത്ത് പിണറായി; പ്രചാരണം ഹൈവോൾട്ടിലേക്ക്

കൊച്ചി: ''യു.ഡി.എഫ് പറയുന്നു, ജോ ജോസഫ് സഭയുടെ സ്ഥാനാർഥിയാണെന്ന്. അതുതന്നെ ഞങ്ങളും പറയുന്നു, ജോ ജോസഫ് സഭയുടെ പ്രതിനിധിതന്നെ. അതേത് സഭയെന്ന് അറിയുമോ. നിങ്ങൾ തെരഞ്ഞെടുത്ത് അയക്കുന്ന നിയമസഭ'' -ചികിത്സ കഴിഞ്ഞ് അമേരിക്കയിൽനിന്ന് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ 'ഫുൾ ഫോമി'ലായിരുന്നു. കോൺഗ്രസിനെയും ബി.ജെ.പിയെയും കുടയുന്ന വാക്കുകൾ. മുഖ്യമന്ത്രിയുടെ കൂടി എൻട്രിയോടെ ഉപതെരഞ്ഞെടുപ്പ് പെരുമഴക്കിടയിലും ഹൈവോൾട്ടിലായി.

ഇടതുസർക്കാർ പുതുക്കിപ്പണിത പാലാരിവട്ടം ബൈപാസ് ജങ്ഷനിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി. തോമസ് മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ നാടകീയമായി സ്റ്റേജിലേക്ക് കയറിവന്നതോടെ നിറഞ്ഞ സദസ്സിലും എൽ.ഡി.എഫ് നേതാക്കൾ അണിനിരന്ന വേദിയിലും ആരവമേറി. ''കെ-റെയിൽ ഉടൻ വരണം ഒരു മണിക്കൂറാണ് ഞാൻ ബ്ലോക്കിൽ കുടുങ്ങിയത്'' -എന്ന് വിളിച്ചുപറഞ്ഞായിരുന്നു തോമസിന്‍റെ എൻട്രി.

കൊച്ചി മെട്രോ കാക്കനാട്ടേക്ക് നീട്ടാൻ എൽ.ഡി.എഫ് സർക്കാർ നടപടികൾ എടുത്തെങ്കിലും അതിനനുസരിച്ച് പദ്ധതിക്ക് വേഗം നൽകാൻ കേന്ദ്ര സർക്കാർ തയാറാകുന്നില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരളത്തിലെ 19 യു.ഡി.എഫ് എം.പിമാർ അതിനായി ശബ്ദമുയർത്തിയുമില്ല. വികസനകാര്യങ്ങളിൽ സംസ്ഥാന സർക്കാറിന് ഒപ്പം ശബ്ദമുയർത്താൻ എം.പിമാർ തയാറാകണ്ടേ. എന്നാൽ, വികസനത്തിന് എതിരെയാണ് അവർ ശബ്ദമുയർത്തുന്നത്. 50,000 കോടിയുടെ കിഫ്ബി പദ്ധതിയെയും എതിർത്തവരാണ് യു.ഡി.എഫ്. അവരുടെ എതിർപ്പ് നോക്കിയല്ല നാട്ടിൽ വികസനം കൊണ്ടുവരുന്നതെന്നും പിണറായി പറഞ്ഞു.

മുസ്ലിം, ക്രിസ്ത്യൻ മതന്യൂനപക്ഷത്തിന് എതിരെ വലിയ തോതിൽ ആക്രമണം പ്ലാൻ ചെയ്യുകയാണ് സംഘ്പരിവാർ. കേന്ദ്രം ഭരിക്കുന്നവർ അതിനെ പ്രോത്സാഹിപ്പിക്കുന്നു. പട്ടികജാതി, വർഗ വിഭാഗങ്ങൾക്ക് എതിരെയും ആക്രമണം നടക്കുന്നു. സംഘ്പരിവാർ അവരുടേതായ ലോകമാണ് സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. അതിൽ സ്ഥാനമില്ലാത്തവരെ നിഷ്കാസനം ചെയ്യാനാണ് ശ്രമം.

എന്നാൽ, ഇന്നത്തെ കോൺഗ്രസ് വാക്കാൽപോലും അതിനെ നേരിടുന്നില്ല. സംഘ്പരിവാറിന്‍റെ ബി ടീമായി അവർ മാറുന്നു. വർഗീയതയോട് പ്രോത്സാഹന സമീപനമാണ് അവരുടേത്. മതനിരപേക്ഷത സംരക്ഷിക്കാൻ കോൺഗ്രസിന് കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Sൃ'മതനിരപേക്ഷത സംരക്ഷിക്കാനാണ് ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നത്'

കൊച്ചി: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃക്കാക്കരക്ക് സംഭവിച്ച അബദ്ധം തിരുത്താനുള്ള അവസരമാണ് ഇപ്പോള്‍ ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം ആഗ്രഹിക്കുന്ന വിധത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടാനാണ് മണ്ഡലം തയാറെടുക്കുന്നത്. സംസ്ഥാനതലത്തില്‍തന്നെ ശ്രദ്ധനേടിയ തെരഞ്ഞെടുപ്പില്‍ വികസനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്ന ഒരാളെയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാലാരിവട്ടത്ത് നടന്ന തൃക്കാക്കര ഉപതെരഞ്ഞടുപ്പ് കൺവെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതനിരപേക്ഷത സംരക്ഷിക്കാനാണ് ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നത്. വര്‍ഗീയതക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നിലകൊള്ളുമ്പോള്‍ അവിടെയും കോണ്‍ഗ്രസ് നോക്കുകുത്തിയാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.

കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ. മാണി, സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു, എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍, മന്ത്രിമാരായ പി. രാജീവ്, ആര്‍. ബിന്ദു, അഹമ്മദ് ദേവര്‍കോവില്‍, വീണ ജോര്‍ജ്, ആന്റണി രാജു, എം.വി. ഗോവിന്ദന്‍, സി.പി.എം മണ്ഡലം സെക്രട്ടറി അഡ്വ. എം. സ്വരാജ്, മുന്‍ മന്ത്രിമാരായ എം.എം. മണി, രാമചന്ദ്രന്‍ കടന്നപ്പിള്ളി, എല്‍.ഡി.എഫ് ജില്ല കണ്‍വീനര്‍ ജോര്‍ജ് എടപ്പരത്തി, വി. ശിവദാസന്‍ എം.പി, എന്‍.എന്‍. കൃഷ്ണദാസ്, പി.വി. അബ്ദുൽവഹാബ്, എസ്. സതീഷ്, സാബു ജോസഫ്, ഡോ. ജോസ് ചാക്കോ പെരിയപുറം, ജോസ് തെറ്റയില്‍, സെബാസ്റ്റ്യന്‍ പോള്‍, മേയര്‍ അനില്‍കുമാര്‍, ബാബു ജോസഫ്, പി.സി. ചാക്കോ, ഇന്നസെന്റ്, എം.കെ. സാനു തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - Pinarayi takes over 'captaincy' in Thrikkakara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.