കൊച്ചി: അപൂർവ ഇ.എൻ.ടി ശസ്ത്രക്രിയയിലൂടെ ശ്രദ്ധനേടി എറണാകുളം ജനറൽ ആശുപത്രി. എൻഡോസ്കോപ്പിക് സി.എസ്.എഫ് റൈനോറിയ റിപ്പയർ എന്ന ശസ്ത്രക്രിയയാണ് കഴിഞ്ഞ ദിവസം നടന്നത്. അപൂർവമായി കാണപ്പെടുന്ന അവസ്ഥയാണ് സി.എസ്.എഫ് റൈനോറിയ.
തലച്ചോറിനുള്ളിൽ ഉൽപാദിപ്പിക്കപ്പെട്ട് സുഷുമ്ന നാഡിയിലൂടെ ഒഴുകുന്ന ഒരു ദ്രാവകമാണ് സെറിബ്രോസ്പൈനൽ ഫ്ലൂയിഡ് (സി.എസ്.എഫ്). ഇത് മൂക്കിലേക്ക് തലച്ചോറിൽനിന്ന് അസ്ഥിയുടെ തകരാറുമൂലം ഒഴുകുന്ന അവസ്ഥയാണ് റൈനോറിയ. ഇത് അതിഗുരുതര അണുബാധക്കും മെനിഞ്ചൈറ്റിസിനും കാരണമാകും. തലയോട്ടിയിലെ സുഷിരം അടച്ച് സംരക്ഷിക്കുന്ന ശസ്ത്രക്രിയയാണ് എൻഡോസ്കോപ്പിക് സി.എസ്.എഫ് റൈനോറിയ റിപ്പയർ. തുടയിൽനിന്നും എടുക്കുന്ന ഫേഷ്യലാറ്റ എന്ന സ്തരം, ഫാറ്റിന്റെ ആവരണം എന്നിവ ഉപയോഗിച്ചാണ് സുഷിരങ്ങൾ അടക്കുന്നത്. വടക്കൻ പറവൂരിൽനിന്നുള്ള 44കാരിയിലാണ് ശസ്ത്രക്രിയ വിജയകരമായി ചെയ്തത്.
ഇ.എൻ.ടി സർജൻമാരായ ഡോ. ലക്ഷ്മി വെങ്കിട്ടരാമൻ, ഡോ. സോന അശോകൻ, ഡോ. അനിൽകുമാർ, ന്യൂറോ സർജനായ ഡോ. വിനീത്, കൺസൽട്ടന്റ് അനസ്തറ്റിസ്റ്റായ ഡോ. വി. മധു, അനസ്തറ്റിസ്റ്റുമാരായ ഡോ. എലിസബത്ത്, ഡോ. ഫാസിൽ, നഴ്സിങ് ഓഫിസർമാരായ ശ്യാമള, നിഷ, നൈസി എന്നിവരുടെ സംഘമാണ് നേതൃത്വം നൽകിയത്. ട്രോമാ കാരണവും പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെയും ഈ രോഗാവസ്ഥ കണ്ടുവരുന്നുണ്ട്.
സാധാരണയായി രണ്ടുമുതൽ രണ്ടരലക്ഷം രൂപ വരെ ചെലവ് വരുന്ന ഈ സർജറി സൗജന്യമായാണ് ജനറൽ ആശുപത്രിയിൽ ചെയ്തത്.
വ്യത്യസ്തവും അപൂർവവുമായ സർജറിക്ക് നേതൃത്വം നൽകിയ മുഴുവൻ ജീവനക്കാരെയും ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിർഷ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.