കൊച്ചി: വേനലവധി അവസാനിക്കാൻ ഒരാഴ്ച മാത്രം ബാക്കി. യൂനിഫോം ധരിച്ച് ബാഗും കുടയും പുസ്തകങ്ങളുമൊക്കെയായി കുരുന്നുകൾ വിദ്യാലയങ്ങളിലേക്ക് വീണ്ടും കടന്നുവരുന്ന നാളുകൾ. അതിനുള്ള മുന്നൊരുക്കങ്ങളിലാണ് കുടുംബങ്ങളും അധികൃതരും. കുട്ടികൾക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാൻ മാതാപിതാക്കൾ വിപണിയിലേക്ക് ഇറങ്ങുമ്പോൾ വിദ്യാലയങ്ങളിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പിക്കുന്നതിന്റെ തിരക്കിലാണ് അധികൃതർ. തിരക്കിട്ട പ്രവർത്തനങ്ങൾക്കൊടുവിൽ കുരുന്നുകളെ ജൂൺ ഒന്നിന് നടക്കുന്ന പ്രവേശനോത്സവത്തിലൂടെ വിദ്യാലയങ്ങൾ സ്വീകരിക്കും. സ്കൂൾ വിപണി ഇക്കുറിയും വിലക്കയറ്റത്തിന്റെ പിടിയിൽതന്നെയാണ്.
കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വാങ്ങുന്ന തിരക്കിലാണ് മാതാപിതാക്കൾ. സ്കൂൾ തുറക്കുന്നതിനോട് അനുബന്ധിച്ച് ബാഗ്, കുട എന്നിവയുടെയൊക്കെ പുതിയ ട്രെൻഡുകൾ വ്യാപാരികൾ അവതരിപ്പിച്ചിട്ടുണ്ട്. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം തിരക്ക് അനുഭവപ്പെടുന്നുണ്ട്. അതേസമയം, വിലക്കയറ്റം മാതാപിതാക്കളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ബാഗ്, കുട, നോട്ട്പുസ്തകം, ഇൻസ്ട്രുമെന്റ് ബോക്സ്, പേന, പെൻസിൽ തുടങ്ങിയവയുടെയൊക്കെ വലിയ ശേഖരമാണ് വിപണിയിലുള്ളത്. ചെറിയ കുട്ടികൾക്ക് പ്രിയം സ്പൈഡർമാൻ, മിക്കി മൗസ്, ബി.ടി.എസ്, ബെൻടെൻ തുടങ്ങിയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബാഗുകളോടും കുടകളോടുമൊക്കെയാണ്. 250 മുതൽ 1500 രൂപ വരെ വിലയുള്ള ബാഗുകളുണ്ട്. ബ്രാൻഡ് അനുസരിച്ച് 500 മുതൽ 2500 രൂപ വരെയും നീളുന്നുണ്ട് വില. 300 രൂപ മുതൽ കുട്ടികൾക്കുള്ള കുടകളുണ്ട്. ചൈനീസ് കുടകൾ വിവിധ നിറങ്ങളിലും രൂപങ്ങളിലും എത്തിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ ഓഫിസർമാർ ഓരോ സ്കൂളും സന്ദർശിച്ച് വരുകയാണ്. 26ന് മുമ്പ് സന്ദർശനം പൂർത്തിയാകുമെന്ന് എറണാകുളം ഡി.ഡി.ഇ ഹണി അലസ്കാണ്ടർ ‘മാധ്യമ’ത്തോട് പറഞ്ഞു. എല്ലാ പി.ടി.എ പ്രസിഡന്റുമാരെയും ചേർത്ത് വിദ്യാഭ്യാസ ജില്ല തിരിച്ച് യോഗം നടക്കുന്നുണ്ട്. 28നകം യോഗം അവസാനിക്കും. എല്ലാ ഉപജില്ലയിലും പ്രവേശനോത്സവം നടത്താനുള്ള ഒരുക്കം നടന്നുവരുകയാണ്. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മുഴുവൻ അധ്യാപകർക്കും പരിശീലനം നൽകുകയാണ്. 26നകം പൂർത്തിയാകും. അടിസ്ഥാന സൗകര്യ വികസന ഭാഗമായി സ്കൂൾ അറ്റകുറ്റപ്പണിയും വേനലവധിക്കാലത്ത് നടന്നു. 26നകം എല്ലായിടത്തും പൂർത്തിയാക്കണമെന്ന കർശന നിർദേശമാണ് വിദ്യാഭ്യാസ വകുപ്പ് നൽകിയിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ സ്കൂളുകളിൽ നേരിട്ട് സന്ദർശനം നടത്തി പിഴവുകളില്ലെന്ന് ഉറപ്പിക്കുകയാണ്. കെട്ടിടങ്ങളുടെ ഫിറ്റ്നസ്, മെയിന്റനൻസ് എന്നിവ കൃത്യമാണെന്ന് അവർ ഉറപ്പുവരുത്തും.
വിദ്യാലയങ്ങളിലെ പാചക തൊഴിലാളികൾക്ക് ഉപജില്ലകൾ കേന്ദ്രീകരിച്ച് പരിശീലനം നൽകുന്നുണ്ട്. ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉറപ്പുവരുത്തും. സ്കൂളുകളിൽ ലഭിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം മനസ്സിലാക്കാൻ പ്രത്യേക പരിശോധന നടന്നുവരുന്നു.
പാഠപുസ്തകങ്ങളുടെയും കൈത്തറി യൂനിഫോമുകളുടെയും വിതരണം പുരോഗമിക്കുകയാണ്. യൂനിഫോം വിതരണം 90 ശതമാനവും പാഠപുസ്തക വിതരണം 75 ശതമാനവും പൂർത്തിയായി. ഇവയുടെ വിതരണം നടത്താനുള്ള ക്രമീകരണം നടക്കുകയാണ്. പരാതിക്കിടയില്ലാത്ത രീതിയിൽ സ്കൂൾ തുറക്കുന്നതിന് മുമ്പ് 100 ശതമാനം വിതരണം നടത്താനാണ് നടപടിയെടുത്തിരിക്കുന്നത്. കാക്കനാട് കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ (കെ.ബി.പി.എസ്) പുതിയ അധ്യയനവർഷത്തേക്കുള്ള 4,82,01,200 പാഠപുസ്തകങ്ങൾ അച്ചടിക്കാനാണ് ഓർഡർ ലഭിച്ചത്. ഒന്നാം വാല്യം അച്ചടിയാണ് ഇപ്പോൾ നടക്കുന്നത്.
സ്കൂൾ വാഹനങ്ങളുടെ സുരക്ഷക്കും കർശന നടപടികളാണ് സ്വീകരിക്കുന്നത്. സ്കൂൾ- കോളജ് വിദ്യാർഥികളുടെ യാത്രക്ക് ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളുടെയും ക്ഷമത പരിശോധനയും സുരക്ഷ സ്റ്റിക്കർ പതിക്കലും നടന്നുവരുകയാണ്. ബോധവത്കരണ ക്ലാസും ഫയർ എക്സ്റ്റിങ്ഗ്യൂഷർ ഉപയോഗ പരിശീലനവും സി.പി.ആർ പരിശീലനവും ഇതോടൊപ്പം നടക്കുന്നുണ്ട്. സ്കൂൾ, കോളജ് വാഹന ഡ്രൈവർമാരും അറ്റൻഡർമാരും വിദ്യാർഥികളുടെ യാത്ര സുരക്ഷ ചുമതലയുള്ള ജീവനക്കാരും ക്ലാസിലും പരിശീലന പരിപാടികളിലും നിർബന്ധമായും പങ്കെടുത്ത് സുരക്ഷ സ്റ്റിക്കർ കരസ്ഥമാക്കണം. ‘വിദ്യാവാഹൻ’ ആപ് എല്ലാ സ്കൂൾ /കോളജ് അധികൃതരും അവരുടെ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യണം. ജൂൺ ഒന്ന് മുതൽ സുരക്ഷ സ്റ്റിക്കർ പതിക്കാതെ വിദ്യാർഥികളുമായി യാത്ര ചെയ്യുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി എടുക്കുമെന്ന് എറണാകുളം ആർ.ടി.ഒ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.