കൊച്ചി: മുങ്ങിമരണങ്ങള്‍ വർധിച്ച സാഹചര്യത്തില്‍ ജില്ലയിലെ ബീച്ചുകളില്‍ സുരക്ഷ ശക്തമാക്കുന്നു. കലക്ടര്‍ ജാഫര്‍ മാലിക്കിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പൊലീസിന്റെ നേതൃത്വത്തില്‍ കടലോര ജാഗ്രത സമിതി ഉടന്‍ ചേരണമെന്നും പ്രവര്‍ത്തനസജ്ജമാകണമെന്നും കലക്ടര്‍ നിർദേശിച്ചു. അതത് ബീച്ചുകളില്‍ വളന്റിയർമാരായി പ്രവര്‍ത്തിക്കുന്നവര്‍ക്കും ലൈഫ് ഗാര്‍ഡുകള്‍ക്കും സ്കൂബ ഡൈവിങ് ഉള്‍പ്പെടെ പ്രത്യേക പരിശീലനം നല്‍കാനും ധാരണയായി.
ബീച്ചുകളില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ പൊലീസ് പട്രോളിങ്ങും ലഹരി വസ്തുക്കളുടെ ദുരുപയോഗം തടയുന്നതിന് എക്സൈസ് പട്രോളിങ്ങും ഏര്‍പ്പെടുത്തും. ബീച്ചുകളില്‍ അപകട സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കും. സാധ്യമായ ഇടങ്ങളില്‍ പൊലീസ് എയ്ഡ് പോസ്റ്റും സ്ഥാപിക്കും. അംഗീകൃത ബീച്ചുകള്‍ കൂടാതെ മറ്റു ബീച്ചുകളിലും സുരക്ഷ ശക്തമാക്കുന്നതിനും പദ്ധതി ആവിഷ്കരിക്കാന്‍ ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലിനെ ചുമതലപ്പെടുത്തി.
അപകടത്തില്‍പെടുന്നവര്‍ക്ക് മെഡിക്കല്‍ സേവനം ഉറപ്പാക്കുന്നതിന് തീരമേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും വേണ്ടത്ര സൗകര്യം ഒരുക്കാനും ആശുപത്രികളുടെ പട്ടിക തയാറാക്കാനും നിര്‍ദേശിച്ചു. നിലവിലുള്ള ലൈഫ് ഗാര്‍ഡുകളെ വിവിധ ബീച്ചുകളിലായി പുനര്‍വിന്യസിക്കും. കൂടുതല്‍ ലൈഫ് ഗാര്‍ഡുകളെ ബീച്ചുകളില്‍ അധികമായി നിയോഗിക്കും.ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ പി.വിഷ്ണുരാജ്, ഡി.സി.പി വി.യു കുര്യാക്കോസ്, ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഡെപ്യൂട്ടി കലക്ടര്‍ ഉഷ ബിന്ദു മോള് തുടങ്ങിയവർ യോഗത്തില്‍ പങ്കെടുത്തു.
മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ച് ഡി.ടി.പി.സി
കൊച്ചി: കടലിൽ മുങ്ങിമരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ബീച്ചുകളിൽ അപകട സാധ്യതാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ച് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി). ചെറായി, കുഴുപ്പിള്ളി, മുനമ്പം, അംബേദ്കർ, ചാമുണ്ഡേശ്വരി ബീച്ചുകളിലാണ് ബോർഡുകൾ സ്ഥാപിച്ചത്. വൈപ്പിൻ ദ്വീപിൽ കഴിഞ്ഞ ദിവസങ്ങളിലായി മൂന്നുപേർ കടലിൽ അപകടത്തിൽപ്പെട്ട സാഹചര്യത്തിലാണ് ടൂറിസം വകുപ്പ് കർശന ക്രമീകരണങ്ങളൊരുക്കുന്നത്.
വളപ്പ്, ചെറായി, പുതുവൈപ്പ് ബീച്ചുകളിൽനിന്ന് മൂന്നു പേരെയാണ് കടലിൽ കാണാതായത്. മൂന്നു പേരുടെയും മൃതദേഹങ്ങൾ പിന്നീട് കണ്ടെത്തി. ബീച്ചുകളിൽ ആവർത്തിക്കുന്ന അപകടങ്ങളും മരണവും തടയുന്നതിന് ശക്തമായ നടപടി ആവശ്യപ്പെട്ട് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ നൽകിയ കത്തിനെത്തുടർന്ന് യുക്തമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ടൂറിസം വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.