ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണക്കടത്ത്: ഷാബിന്‍ അറസ്റ്റില്‍

കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ കേസില്‍ രണ്ടാം പ്രതിയായ ഷാബിനെ കസ്റ്റംസ് പിടികൂടി. തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാനും മുസ്‍ലിം ലീഗ് നേതാവുമായ എ.എ. ഇബ്രാഹിംകുട്ടിയുടെ മകനാണ് ഷാബിന്‍.

കഴിഞ്ഞ ദിവസം രാത്രി കൊച്ചിയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കസ്റ്റംസ് ആന്‍ഡ് പ്രിവന്റീവ് ഓഫിസില്‍ ഷാബിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. രണ്ട് കിലോയോളം സ്വർണം കടത്തി​യെന്ന കേസിലാണ് അറസ്റ്റ്.

ഈ മാസം 23നാണ് ദുബൈയിൽ നിന്ന് കാർഗോ വിമാനത്തിലെത്തിയ രണ്ടേ കാൽ കിലോ സ്വർണം കസ്റ്റംസ് ഇൻറലിജൻസ് പിടിച്ചെടുത്തത്. തൃക്കാക്കര തുരുത്തേൽ എൻറർപ്രൈസസിൻറെ പേരിലെത്തിയ ഇറച്ചിവെട്ട് യന്ത്രം തുറന്ന് പരിശോധിക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ കട്ടർ ഉപയോഗിച്ച് മുറിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. രണ്ടേകാൽ കിലോയോളം വരുന്ന ചെറുതും വലുതുമായ നാല് സ്വർണക്കട്ടികൾ ഒരു കോടിക്കു മുകളിൽ വിലവരും. പാർസൽ ഏറ്റെടുക്കാൻ വാഹനവുമായി എത്തിയ തൃക്കാക്കര സ്വദേശി നകുലിനെ സംഭവത്തിൽ കസ്റ്റഡിയിൽ എടുത്തിരുന്നു.

കേസിലെ പ്രധാന പ്രതിയായ സിനിമ നിര്‍മാതാവ് സിറാജുദ്ദീന്‍ ഒളിവിലാണ്. ഇയാള്‍ വിദേശത്താണുള്ളത്. കള്ളക്കടത്തിന് ഷാബിൻ വന്‍തോതില്‍ നിക്ഷേപം നടത്തിയതായി കസ്റ്റംസ് പറഞ്ഞു. ഷാബിന് വേണ്ടി വിദേശത്തുനിന്ന് സ്വര്‍ണം അയച്ചിരുന്നത് സിറാജുദ്ദീനാണെന്നും കസ്റ്റംസ് പറയുന്നു.

കഴിഞ്ഞ ദിവസം ഇബ്രാഹിംകുട്ടിയുടെ വീട് റെയ്ഡ് ചെയ്ത് ലാപ്‌ടോപ് അടക്കമുള്ളവ പിടിച്ചെടുത്തിരുന്നു. ലാപ്‌ടോപ് പരിശോധിച്ചതില്‍ നിന്ന് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായും കസ്റ്റംസ് വൃത്തങ്ങള്‍ പറയുന്നു.

അതേസമയം, ഷാബിൻ സജീവ ഡി.വൈ.എഫ്.ഐ പ്രവർത്തകനാണെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. ഷാബിന് കേസിൽ പങ്കുണ്ടെന്നതിന്റെ പേരിൽ ഇബ്രാഹിംകുട്ടി തൃക്കാക്കര വൈസ് ചെയർമാൻ സ്ഥാനം രാജിവയ്ക്കണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Shabin arrested in Gold smuggling case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.