കൊച്ചി: ജില്ലയിൽ ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ 99 ഹോട്ടലുകൾ പൂട്ടിച്ചു. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചതും ലൈസൻസിനു പകരം രജിസ്ട്രേഷൻ മാത്രം എടുത്ത് പ്രവർത്തിച്ചതുമായ ഹോട്ടലുകളുമാണിവ. 474 ഭക്ഷണ വിതരണ സ്ഥാപനങ്ങളിലായി 10 സ്ക്വാഡാണ് പരിശോധന നടത്തിയത്.
പിറവം, എറണാകുളം, തൃക്കാക്കര, അങ്കമാലി, കൊച്ചി, പറവൂർ, തൃപ്പൂണിത്തുറ, വൈപ്പിൻ, കുന്നത്തുനാട്, കോതമംഗലം എന്നിവിടങ്ങളിലായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ പൂട്ടിച്ച 150 ഹോട്ടലുകൾക്ക് ഉൾപ്പെടെ അടുത്ത ദിവസം ഹിയറിങ് നടത്തി പിഴ ഈടാക്കുമെന്ന് ജില്ല ഭക്ഷ്യസുരക്ഷ അസി. കമീഷണർ പി.കെ. ജോൺ വിജയകുമാർ പറഞ്ഞു.
മട്ടാഞ്ചേരി: പരിശോധനയിൽ പൂട്ടിയത് ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച സ്ഥാപനങ്ങളും ലൈസൻസിന് പകരം രജിസ്ട്രേഷൻ മാത്രം എടുത്ത് പ്രവർത്തിച്ച സ്ഥാപനങ്ങളും. മൂവായിരം രൂപയിൽ താഴെ ദിവസം വിറ്റ് വരവുള്ള കടകൾക്കാണ് രജിസ്ട്രേഷൻ അനുവദിച്ചിട്ടുള്ളത്.
മൂവായിരം രൂപക്കു മുകളിൽ വിറ്റ് വരവുള്ള സ്ഥാപനങ്ങൾ ഭക്ഷ്യസുരക്ഷ ലൈസൻസാണ് എടുക്കേണ്ടത്. ലൈസൻസ് എടുത്ത് പ്രവർത്തിക്കേണ്ട പല സ്ഥാപനങ്ങളും ചെറു തുകക്കുള്ള രജിസ്ട്രേഷനാണ് എടുത്തിട്ടുള്ളതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മട്ടാഞ്ചേരി മേഖലയിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഇത്തരത്തിലുള്ള സ്ഥാപനങ്ങൾ കണ്ടെത്തി. ഇത്തരം കടകൾ അടക്കണമെന്ന ഉദ്യോഗസ്ഥരുടെ തീരുമാനത്തിനെതിരെ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ പൊലീസും സ്ഥലത്തെത്തി. ഭക്ഷ്യസുരക്ഷ അസി. കമീഷണറുടെ നിർദേശമനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. വരുംദിവസങ്ങളിലും പരിശോധന ശക്തമായിരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.