കൊച്ചി: എറണാകുളത്തു നിന്ന് ഫോർട്ട്കൊച്ചിയിലേക്ക് നിത്യേന യാത്ര ചെയ്യുന്നവർക്കും വിനോദസഞ്ചാരികൾക്കുമെല്ലാം സന്തോഷ വാർത്തയായി വാട്ടർ മെട്രോ സർവിസ് ആരംഭിക്കുന്നു. ഈ ഞായറാഴ്ചയാണ് പൊതുജനങ്ങളും വിനോദസഞ്ചാരികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫോർട്ട് കൊച്ചിയിലേക്കുള്ള കൊച്ചി വാട്ടർ മെട്രോ സർവിസ് ആരംഭിക്കുന്നത്. ടെർമിനലിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി. കൊച്ചിൻ ഷിപ്പ് യാർഡ് പതിനാലാമത് ബോട്ട് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഈ ബോട്ടിന്റെയും ടിക്കറ്റിങ് ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെയും ട്രയൽ റൺ പൂർത്തിയായതോടെയാണ് ഫോർട്ട് കൊച്ചി ടെർമിനലിൽ നിന്ന് ഞായറാഴ്ച്ച സർവിസ് ആരംഭിക്കുന്നത്. ഹൈകോർട്ട് ജങ്ഷൻ ടെർമിനലിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് 40 രൂപയാണ് ടിക്കറ്റ് നിരക്ക്. 20 മുതൽ 30 മിനിറ്റ് ഇടവേളകളിൽ ഹൈകോർട്ട് ജങ്ഷൻ- ഫോർട്ട് കൊച്ചി റൂട്ടിൽ സർവിസ് നടത്തുവാനാണ് തീരുമാനം. അവധിക്കാലമാഘോഷിക്കാനെത്തുന്ന വിനോദസഞ്ചാരികൾക്ക് ഫോർട്ട് കൊച്ചിയിലേക്ക് ഗതാഗതക്കുരുക്കിൽപ്പെടാതെ എത്തിച്ചേരാൻ വാട്ടർ മെട്രോ സർവിസ് സഹായകരമാകുമെന്നാണ് പ്രതീക്ഷ. ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന റൂട്ടുകളിലൊന്നായിരിക്കും ഇതെന്നും അധികൃതർ പ്രതീക്ഷിക്കുന്നു.
നിലവിൽ നിലവിൽ ഹൈകോർട്ട് ജങ്ഷൻ-വൈപ്പിൻ, ഹൈകോർട്ട് ജംഗ്ഷൻ-ബോൾഗാട്ടി, വൈറ്റില-കാക്കനാട്, ഹൈക്കോര്‍ട്ട് ജങ്ഷൻ -ബോൾഗാട്ടി-മുളവുകാട് നോര്‍ത്ത്- സൗത്ത് ചിറ്റൂര്‍, സൗത്ത് ചിറ്റൂര്‍-ഏലൂര്‍-ചേരാനെല്ലൂര്‍ എന്നിങ്ങനെ അഞ്ചു റൂട്ടുകളിലായാണ് സർവിസ് നടക്കുന്നത്. ഈ റൂട്ടുകളിലാകെ ഒമ്പത് ടെർമിനലുകളുണ്ട്. മുളവുകാട് നോർത്ത്, സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനെല്ലൂർ എന്നീ നാല് ടെർനമിനലുകളുടെയും സർവിസിന്റെയും ഉദ്ഘാടനം മാർച്ച് 14ന് മുഖ്യമന്ത്രി നിർവഹിച്ചിരുന്നു. പാലിയംതുരുത്ത്, കുമ്പളം, വില്ലിങ്ടൺ ഐലൻഡ് തുടങ്ങിയ ടെർമിനലുകളുടെ നിർമ്മാണവും പുരോഗമിക്കുകയാണ്. കൊച്ചി വാട്ടർ മെട്രോ പദ്ധതി പൂർത്തിയാകുമ്പോൾ പത്ത് ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 വാട്ടർ മെട്രോ ബോട്ടുകൾ സർവിസ് നടത്താനാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.